ദേശീയപാതാ വികസനം: കുഞ്ഞിപ്പള്ളിയില്‍ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു
വടകര: ചോമ്പാല്‍ കുഞ്ഞിപ്പള്ളിയില്‍ പള്ളിയുടെ ഖബര്സ്ഥാന് സ്ഥലം ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു സ്ഥലത്ത് എത്തിയ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ വൈകിട്ടു നാലോടെയാണ് സബ് കലക്ടര്‍ ഗോപാലകൃഷ്ണന്, ഡെപ്യൂട്ടി കലക്ടര്‍ എസ്. ഷാമില്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പത്തംഗ സര്‍വേ സംഘത്തെ പള്ളിക്കു മുന്നില്‍ തടഞ്ഞത്.
കുഞ്ഞിപ്പള്ളിയില്‍ ദേശീയപാത ആറു വരിയായി വികസിപ്പിക്കാന്‍ സ്ഥലമുണ്ടെന്നിരിക്കെ ഖബര്‍സ്ഥാന്റെ ഒരിഞ്ചു ഭൂമിയും പാതവികസനത്തിനായി വിട്ടുനല്കില്ലെന്നു പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. റോഡ് വികസനത്തിന് എതിരല്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പള്ളിക്കകത്തു കയറിയുള്ള ഒരു സര്‍വേയും അനുവദിക്കില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വന്‍ പൊലിസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
സര്‍വേ നടത്താന്‍ സഹകരിക്കണമെന്ന് ഉദ്യോഗസ്ഥ സംഘം ആവശ്യപ്പെട്ടെങ്കിലും പള്ളിക്കകത്തും പുറത്തുമായി നൂറുകണക്കിനു നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. പ്രശ്നം സംബന്ധിച്ചു മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരിനെയും ഹൈവേ അതോറിറ്റിയെയും അറിയിക്കുമെന്ന് സബ് കലക്ടര്‍ പറഞ്ഞു.
ചര്‍ച്ചകളില്‍ പള്ളി കമ്മിറ്റി ഭാരവാഹികളായ ഷംസുദ്ദന്‍ ഫൈസി, ഹമീദ് എരിക്കല്‍, ടി.ജി നാസര്‍, ടി.സി.എച്ച് അബൂബക്കര്‍, കര്‍മസമിതി ജില്ലാ ഭാരവാഹികളായ പ്രദീപ് ചോമ്പാല, എ.ടി മഹേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."