ഡോ. ബി.ആര്‍ അംബേദ്കര്‍ ; സാമൂഹ്യ ജനാധിപത്യത്തിന്റെ ഉപജ്ഞാതാവ്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപകുതി മുതല്‍ 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ നിരവധി സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ ജന്മംകൊണ്ട് ധന്യമായിരുന്നു. ഈ നവോത്ഥാന നായകരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു ബാബാസാഹേബ് ഡോ. ബി.ആര്‍ അംബേദ്കര്‍. അദ്ദേഹത്തിന്റെ ജീവിതം പ്രധാനമായും സാമൂഹിക സമത്വത്തിനുവേണ്ടി നടത്തിയ നിരന്തരവും നിര്‍ഭയവുമായ പോരാട്ടങ്ങളുടെ ചരിത്രമാണ്. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിച്ച് പ്രതിബന്ധങ്ങളോട് മല്ലടിച്ച് പ്രശസ്തിയുടെ പടവുകളിലേക്ക് ഉയര്‍ന്നു എന്നതാണ് ഇന്ത്യയിലെ സമകാലികരായ മറ്റ് മഹാന്മാരില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനും ശ്രേഷ്ഠനും ശ്രദ്ധേയനുമാക്കുന്നത്. സാമൂഹിക ജനാധിപത്യത്തിന്റെ വ്യാഖ്യാതാവും അധഃസ്ഥിതരുടെ അവകാശങ്ങളുടെ സൃഷ്ടികര്‍ത്താവും സംവരണത്തിന്റെ ഉപജ്ഞാതാവുമായ അദ്ദേഹത്തിന്റെ 130ാം ജന്മദിനമാണ് ഇന്ന്. അയിത്തം, തൊട്ടുകൂടായ്മ, ജാതി, പൗരാവകാശനിഷേധം തുടങ്ങിയവയ്‌ക്കെതിരായി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങളോടൊപ്പം രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അധികാരഘടനയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ പങ്ക് ലഭിക്കാനുള്ള ആത്മാര്‍ഥമായ പ്രയത്‌നങ്ങള്‍ ചരിത്രത്തിന്റെ ഭാഗധേയം മാറ്റിമറിക്കുകയുണ്ടായി.
തൊഴില്‍ വിഭജനം എന്നതിനേക്കാള്‍ തൊഴിലാളികളുടെ എന്നന്നേക്കുമായ വിഭജനമായിരുന്നു ജാതി. ജന്മംകൊണ്ടു ബ്രാന്മണന് ഉന്നതസ്ഥാനം കല്‍പിക്കുകയും അതിനു താഴെ വര്‍ണങ്ങളും ജാതികളുമായി സമൂഹത്തെ മേല്‍, കീഴ് വിഭജിക്കുകയും ചെയ്ത തരംതിരിക്കപ്പെട്ട അസമത്വമായിരുന്നു ജാതി. പരിവര്‍ത്തനത്തിന്റെ എല്ലാ വാതിലുകളും മുന്നേകൂട്ടി പ്രതിരോധിക്കുകയും അവര്‍ണര്‍ക്കു മേലുള്ള അസമത്വങ്ങള്‍ക്കും കൊടും ക്രൂരതകള്‍ക്കും ദൈവശാസ്ത്രപരമായ പവിത്രാധികാരം നല്‍കുകയും ചെയ്ത ജാതിവ്യവസ്ഥ ജനാധിപത്യ സാമൂഹ്യക്രമത്തിനു കീഴിലാണ് ഇന്ത്യയിലെ ദലിത്, പിന്നോക്ക ജനകോടികള്‍ യാതൊരവകാശങ്ങളുമില്ലാതെ നിര്‍മ്മാനുഷ്യരായി നൂറ്റാണ്ടുകളോളം കഴിയേണ്ടിവന്നത്.
ഈ സാമൂഹിക പശ്ചാത്തലത്തിലാണ് അംബേദ്കറുടെ ജനനം. മഹാരാഷ്ട്രയിലെ പ്രബല അയിത്തജാതി സമുദായങ്ങളിലൊന്നായ മഹര്‍ സമുദായത്തില്‍ ജനിച്ച അംബേദ്കര്‍ ജീവിതത്തിലുടനീളം ജാതിയുടെ ക്രൂരതയെയും അതിന്റെ വക്താക്കളെയും ധീരമായി നേരിട്ടുകൊണ്ടാണ് ഇന്ത്യന്‍ സാമൂഹിക വിപ്ലവത്തിന്റെ നേതൃസ്ഥാനത്തെത്തുന്നത്. ഇന്ത്യയുടെ സമ്പദ്ഘടന നിര്‍ണയിക്കുന്നതില്‍ ജാതിവ്യവസ്ഥയ്ക്ക് പങ്കുണ്ടെന്നുകൂടി തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. 1920കളില്‍ അധഃസ്ഥിത ജനകോടികളുടെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ നേതൃത്വം ജീവിതദൗത്യമായി ഏറ്റെടുക്കുന്നതോടെയാണ് അംബേദ്കര്‍ ചരിത്രത്തിലേക്ക് നടന്നടുക്കുന്നത്.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ഡോ. ബി.ആര്‍ അംബേദ്കര്‍ നയിച്ച പ്രക്ഷോഭങ്ങള്‍, മനുസ്മൃതി കത്തിച്ചുകൊണ്ടുള്ള പ്രവൃത്തി, പൂന കരാറിലെടുത്ത നിലപാട്, സ്വേച്ഛാധിപത്യത്തിനെതിരേ സ്വീകരിച്ച നിലപാട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന് അനുകൂലമായ തീരുമാനം, ഹിന്ദുമതത്തോടുള്ള നിരാശ്രയത്വം, ബുദ്ധമതത്തോടുള്ള അധീശത്വം തുടങ്ങിയവ അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രവൃത്തിയിലും മാനവികത വെളിവാക്കുന്ന സന്ദര്‍ഭങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നിഷേധമാണ് ഹിന്ദുമതം എന്ന് മനസിലാക്കിയ ഡോ. അംബേദ്കര്‍ ബുദ്ധന്റെ ആത്മീയതലങ്ങളിലെ സാമൂഹിക പ്രാധാന്യമുള്ള സന്ദേശങ്ങള്‍ക്കാണ് ഊന്നല്‍ കൊടുത്തത്.
നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങളെ തിരിച്ചറിയുകയും അവയെ എങ്ങനെ പ്രായോഗികമായി പരിഹരിക്കാനാകുമെന്ന് അന്വേഷിക്കുകയും ചെയ്തതാണ് ഡോ. അംബേദ്കറുടെ പ്രസക്തി. വളരെ ഉല്‍പതിഷ്ണുക്കളും പുരോഗമന ചിന്താഗതിക്കാരും അതേസമയംതന്നെ പാരമ്പര്യവാദികളും ഉള്‍പ്പെടുന്ന ഭരണഘടനാ നിര്‍മാണസഭയില്‍ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് സാമൂഹിക നീതിക്കായുള്ള നിരവധി വകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചത്. അദ്ദേഹം എപ്പോഴും മാനുഷികമൂല്യങ്ങള്‍ക്കും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനുമാണ് പ്രാധാന്യം നല്‍കിയത്. സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യവും ജനാധിപത്യമില്ലാത്ത സ്വാതന്ത്ര്യവും സാഹോദര്യമില്ലാത്ത ജനാധിപത്യവും ആത്യന്തികമായി രാജ്യത്തെ തകര്‍ക്കും എന്ന ദീര്‍ഘദൃഷ്ടി അദ്ദേഹത്തിനുണ്ടായിരുന്നു. നിന്ദിതന്റെയും പീഡിതന്റെയും മാറ്റിനിര്‍ത്തപ്പെടുന്നവന്റെയും അനുഭവതീക്ഷ്ണത സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിയുകയും സഹസ്രാബ്ദങ്ങളുടെ അടിച്ചമര്‍ത്തലും അപമാനവും സഹിക്കേണ്ടിവന്ന ഒരു സമൂഹത്തെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളായിരുന്നു എപ്പോഴും ഡോ. അംബേദ്കറുടെ കര്‍മപഥത്തില്‍ ഉണ്ടായിരുന്നത്.
ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ഡോ. ബി.ആര്‍ അംബേദ്കര്‍, ഭരണഘടനയിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ഭരണസംവിധാനത്തിന് ഊടും പാവും നല്‍കിയതോടെ ആധുനിക ഇന്ത്യയുടെ ശില്‍പിയായി വാഴ്ത്തപ്പെട്ടു. 1990ല്‍ ഭാരതരത്‌ന നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. ഡോ. അംബേദ്കര്‍ എഴുതിയുണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടന, അയിത്താചരണം ശിക്ഷാര്‍ഹമാണെന്ന് കല്‍പ്പിക്കുന്നതുവരെ അധഃസ്ഥിതര്‍ക്ക് പലതരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുടിവെള്ളത്തിനുള്ള പൊതുകിണറുകളും ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളും വിദ്യാഭ്യാസത്തിനുള്ള സ്‌കൂളുകളും യാത്രയ്ക്കുള്ള പൊതുനിരത്തുകളും നാണം മറയ്ക്കുന്നതിനുള്ള വസ്ത്രങ്ങളും അവര്‍ക്ക് വിലക്കപ്പെട്ടു. അവരുടെ ദര്‍ശനവും സ്പര്‍ശനവും ശബ്ദവും മാത്രമല്ല നിഴല്‍പോലും സമൂഹത്തില്‍ അശുദ്ധിയുണ്ടാക്കിയതായി കരുതിപ്പോന്നു. ദൂരം അളന്നിരുന്നതുപോലും തീണ്ടാപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു.
അയിത്തജാതിയില്‍പ്പെട്ട മഹര്‍ സമുദായത്തില്‍ ജനിച്ചുവളര്‍ന്ന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി വികസിച്ച ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായി തെരഞ്ഞെടുക്കപ്പെട്ട ചരിത്രസന്ദര്‍ഭത്തെ അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ഡോ. ധനഞ്ജയ് കീര്‍ രേഖപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്: 'വണ്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു അയിത്തജാതിക്കാരന്‍, ജാതിഹിന്ദുക്കളാല്‍ ആട്ടിയോടിക്കപ്പെട്ടവന്‍, പ്രൊഫസറെന്ന നിലയില്‍ അപമാനിക്കപ്പെട്ടവന്‍, ഹോട്ടലുകളില്‍നിന്നും സലൂണുകളില്‍നിന്നും അമ്പലങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവന്‍, ബ്രിട്ടിഷുകാരുടെ ശിങ്കിടിയെന്ന് ശപിക്കപ്പെട്ടവന്‍, ഹൃദയശൂന്യനായ രാഷ്ട്രീയക്കാരനെന്നും ചെകുത്താനെന്നും മുദ്രകുത്തി വെറുക്കപ്പെട്ടവന്‍, മഹാത്മാവിനെ നിന്ദിച്ചവന്‍ എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഇന്നാട്ടുകാര്‍ ഡോ. അംബേദ്കറുടെ മേല്‍ ചൊരിയുമ്പോഴാണ് അദ്ദേഹം സ്വതന്ത്രഭാരതത്തിന്റെ നിയമമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത് '.
ഭരണഘടനാശില്‍പി, സാമൂഹിക പരിഷ്‌കര്‍ത്താവ്, നിയമജ്ഞന്‍ എന്നിങ്ങനെ വിവിധനിലകളില്‍ അടിമത്തവും അനീതിയും ഇല്ലാതാക്കുന്നതിനായി ഇന്ത്യാ ചരിത്രത്തില്‍ ജ്വലിക്കുന്ന വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. അദ്ദേഹത്തിന്റെ സമകാലീനരായിരുന്ന ഗാന്ധിജിയും നെഹ്‌റുവും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഉണര്‍വും ഉത്തേജനവും നല്‍കിയതിനുപിന്നില്‍ ജനകോടികളുടെ പിന്തുണയുണ്ടായിരുന്നു. ഡോ. അംബേദ്കര്‍ ഒരു രാഷ്ട്രീയകക്ഷിയുടെയും പിന്തുണയില്ലാതെ അതിശക്തമായ ഒഴുക്കിനെതിരേ നീന്തി വിജയം കൈവരിച്ച മഹാനായിരുന്നു. പക്ഷേ, അയിത്തജാതിക്കാരനായതിനാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യക്കാരും ജാതിവ്യവസ്ഥയ്‌ക്കെതിരേ പോരാടിയതിനാല്‍ അദ്ദേഹത്തിന് എല്ലാവിഭാഗം ജനങ്ങളില്‍നിന്ന് അര്‍ഹമായ ആദരവും അംഗീകാരവും ലഭിച്ചുവോ എന്നത് ചരിത്രപരമായി അന്വേഷിക്കേണ്ട വിഷയമാണ്.
ഇന്ത്യയും ഇവിടെയുള്ള സോഷ്യലിസ്റ്റ് സ്വപ്നങ്ങളും അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളുടെ സാമൂഹിക നവീകരണവുമെല്ലാം അംബേദ്കറുടെ ദര്‍ശനങ്ങളുമായി ഇഴപിരിയാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അധഃസ്ഥിത വര്‍ഗക്കാരുടെ സാമൂഹികനീതിക്കും സാമ്പത്തിക, പൗരാവകാശ ബോധങ്ങള്‍ നേടിയെടുക്കുന്നതിനുമായി ഡോ. അംബേദ്കര്‍ നടത്തിയ സമരങ്ങള്‍ അദ്ദേഹം മണ്‍മറഞ്ഞ് 65 വര്‍ഷത്തിനിപ്പുറവും ചര്‍ച്ചചെയ്യപ്പെടുന്നു. അധഃസ്ഥിത സമൂഹത്തിന് അര്‍ഹമായ സാമൂഹികനീതിയും രാഷ്ട്രീയ, സാമ്പത്തികനീതിയും ഇനിയും ഉറപ്പാക്കാനാകാത്ത ഒരു സമൂഹത്തില്‍ അംബേദ്കറുടെ പ്രസക്തി ചെറുതല്ല. സംവരണത്തില്‍ക്കൂടി ഉദ്യോഗം ലഭിച്ചവര്‍ തങ്ങളുടെ സമുദായത്തിന് 'തിരിച്ചുനല്‍കല്‍' സമ്പ്രദായം പാലിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളും ദര്‍ശനങ്ങളും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ഭരണഘടനാ സംവിധാനത്തിന്റെ മുഴുവന്‍ ബഹുമതിയും ഡോ. അംബേദ്കര്‍ക്കുള്ളതാണ്.
ഭരണഘടന നിലവില്‍വന്ന് 71വര്‍ഷം പിന്നിടുമ്പോഴും സാമൂഹിക, സാമ്പത്തിക, വികസന സൂചികകളെടുത്താല്‍ ഇന്ത്യയിലെ ദലിത്, ആദിവാസി, മുസ്‌ലിം പിന്നോക്ക വിഭാഗങ്ങള്‍ ഇന്നും അധികാരഘടനയ്ക്കും വിഭവലഭ്യതയ്ക്കും പുറത്തുനില്‍ക്കുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. അന്തസ്, പദവി, അവകാശം, അധികാരം തുടങ്ങിയ തലങ്ങളില്‍ ജാതീയത ഇന്നും നിലനില്‍ക്കുന്നു. സര്‍ക്കാര്‍ സര്‍വിസില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കി ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികനീതിയും പുരോഗതിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയില്‍ സംവരണ പരിരക്ഷകള്‍ വ്യവസ്ഥചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് സര്‍വിസില്‍ പട്ടികവിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിഷ്‌കര്‍ഷിച്ചെങ്കിലും ഉയര്‍ന്ന തസ്തികകളും ഉന്നതവകുപ്പുകളും ഈ വിഭാഗങ്ങള്‍ക്ക് അപ്രാപ്യമായിരുന്നു. ഈ മേഖലയില്‍ സംവരണം അനുവദിക്കപ്പെടാത്തതായിരുന്നു ഇതിന് കാരണം. സംവരണം അനുവദിക്കപ്പെട്ട മേഖലകളില്‍ സംവരണവിഭാഗങ്ങളെ കൂടുതലായും താഴേത്തട്ടിലായിരുന്നു നിയമിച്ചിരുന്നത്. ഇപ്പോഴും ഇന്ത്യന്‍ ജുഡിഷ്യറി, സൈന്യം, രാജ്യസഭ തുടങ്ങിയവ സംവരണ വിമുക്തമാണ്. പബ്ലിക് സര്‍വിസിലെ ഒട്ടുമിക്ക മേഖലകളിലും പട്ടികവിഭാഗക്കാര്‍ക്ക് പ്രാതിനിധ്യമുണ്ടെങ്കിലും അവയെല്ലാംതന്നെ താഴെത്തട്ടിലെ തസ്തികകളിലാണെന്നും ഉയര്‍ന്ന തസ്തികകളിലെ ഇവരുടെ പ്രാതിനിധ്യം (335ാം വകുപ്പില്‍ തട്ടിത്തടഞ്ഞ്) ജനസംഖ്യാനുപാതികമല്ലെന്നും ദേശീയ പട്ടികജാതി കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മറ്റു പിന്നോക്ക വിഭാഗങ്ങളും മുസ്‌ലിംകളും എത്രത്തോളം അധികാരം, സമ്പത്ത് വിഭവങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പുറംതള്ളപ്പെട്ടുവെന്ന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും പിന്നാലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ നിരത്തിവച്ചുകൊണ്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, അര്‍ഹതപ്പെട്ട പ്രാതിനിധ്യം ജനസംഖ്യയുടെ 85 ശതമാനം വരുന്ന അവര്‍ണ വിഭാഗങ്ങള്‍ക്കു വകവച്ചു കൊടുത്തുകൊണ്ട് സാമൂഹ്യനീതി നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന ഭരണകൂടങ്ങള്‍ ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെ ഡോ. അംബേദ്ക്കറുടെ ദര്‍ശനത്തേയും ഇന്ത്യന്‍ ഭരണഘടനയേ തന്നെയും അതിലംഘിക്കുകയാണ്.
1949 നവംബറില്‍ നാം അംഗീകരിച്ച ഭരണഘടനയെപ്പറ്റി അംബേദ്കറിന് ഏറെ അഭിമാനമായിരുന്നു. ഭരണഘടനയെപ്പറ്റി അദ്ദേഹം സംക്ഷിപ്തമായി ഇങ്ങനെ പറഞ്ഞു; 'ഭരണഘടനാസമിതി തയാറാക്കിയ കരട് ഭരണഘടന ഈ രാജ്യത്തിന് സ്വതന്ത്രപ്രയാണമാരംഭിക്കാന്‍ മതിയായ ഒന്നാണ്. സമാധാനകാലത്തും യുദ്ധകാലത്തും ഈ രാജ്യത്തെ യോജിപ്പിച്ച് നിര്‍ത്താവുന്ന തരത്തില്‍ പ്രവര്‍ത്തനോന്മുഖവും അതേസമയം, അയവുള്ളതുമാണ് ഇതിന്റെ ഘടന എന്ന് ഞാന്‍ കരുതുന്നു. എന്നിരിക്കിലും ഞാനിതുകൂടി പറയുന്നു, കാര്യങ്ങള്‍ നല്ലരീതിയില്‍ പോകുന്നില്ലെങ്കില്‍ അത് നമ്മുടെ ഭരണഘടനയുടെ കുഴപ്പംകൊണ്ടല്ല. മറിച്ച് അത് കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പങ്ങള്‍കൊണ്ടായിരിക്കും'.
സ്വാതന്ത്ര്യസമരവും സമാന്തരമായി നടന്ന നവോത്ഥാന മുന്നേറ്റങ്ങളുമുയര്‍ത്തിയ ജനാധിപത്യ, മതേതര ഭാവനകളെ ക്രോഡീകരിച്ചു കൊണ്ടാണ് ഡോ. അംബേദ്ക്കര്‍ ഇന്ത്യന്‍ ഭരണഘടന പൂര്‍ത്തിയാക്കിയത്. സവര്‍ണ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സാംസ്‌ക്കാരിക ദേശീയതയെ പ്രതിഷ്ഠിച്ച്, ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി വരേണ്യ പ്രതിലോമശക്തികള്‍ നടത്തിയ നീക്കത്തെ ചെറുത്തുതോല്‍പിച്ചാണ് ഡോ. അംബേദ്ക്കറും ഭരണഘടനാ നിര്‍മാണസഭയില്‍ അംഗങ്ങളായിരുന്ന ഖാസി സെയ്ത് കരിമുദ്ദീന്‍, മെഹബൂബ് അലി ബെയ്ഗ് ബഹാദൂര്‍ എന്നിവരും ചേര്‍ന്ന് രാഷ്ട്രീയദേശീയത അഥവാ ഭരണഘടനാ ദേശീയതയെ കെട്ടിപ്പടുത്തത് എന്ന ചരിത്രം ജനാധിപത്യം ഫാസിസത്തിനും കോര്‍പറേറ്റ് സമഗ്രാധിപത്യത്തിനും വഴിമാറുന്ന സമകാലിക ഇന്ത്യയില്‍ കൂടുതല്‍ പ്രസക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."