എത്ര ദുർബലം തൊഴിലാളിവർഗം
രണ്ടുദിവസങ്ങളിലായി സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നടത്തിയ പൊതുപണിമുടക്കിനൊപ്പം നിന്നയാളാണ് ഞാൻ. അതിന് മൂന്നു കാരണങ്ങളുണ്ട്. ഞാനൊരു തൊഴിലാളിയാണെന്നത് ഒന്നാമത്തെ കാരണം. സമരത്തിൽ ഉന്നയിച്ച എല്ലാ ആവശ്യങ്ങളോടും എനിക്ക് യോജിപ്പുണ്ടെന്നത് രണ്ടാം കാരണം. പണിമുടക്ക് പ്രഖ്യാപിച്ച സംയുക്ത സമരസമിതിയുടെ ഭാഗമാണ് ഞാൻ അംഗമായ തൊഴിലാളി യൂണിയനെന്നത് മൂന്നാമത്തെ കാരണം.
ഒരു സമരത്തിൽ പങ്കെടുക്കാൻ ഇത്രയും കാരണങ്ങൾ ധാരാളം. അതുകൊണ്ട് ഞാൻ സമരത്തിന്റെ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചു. പണിമുടക്ക് ദിനങ്ങളിൽ പണിക്കു പോയില്ല. ഒരു സാധാരണ തൊഴിലാളി പണിമുടക്കിന്റെ ഭാഗമാവാൻ ഇത്രയൊക്കെ മതിയെന്ന് തോന്നി. അതുകൊണ്ട് തുറന്ന കടകൾ അടപ്പിക്കാനോ ഓട്ടോറിക്ഷകളുടെ കാറ്റഴിച്ചുവിടാനോ അതോടിച്ചിരുന്ന പാവങ്ങളുടെ കരണക്കുറ്റിക്ക് അടിക്കാനോ ഞങ്ങളുടെ സമരസമിതിയുടെ അനിഷേധ്യ നേതാവ് എളമരം കരീമിന്റെ ഭാഷയിൽ ആരെയെങ്കിലും പിച്ചാനോ മാന്താനോ ഒന്നും പോയില്ല. അതിനൊക്കെ പറ്റിയ മാനസികാവസ്ഥയും പരിചയവുമുള്ളവർ ഞങ്ങൾ തൊഴിലാളിവർഗത്തിന്റെ കൂട്ടത്തിൽ വേറെയുള്ളപ്പോൾ ഞാൻ അതിനൊന്നും പോകേണ്ടതില്ലല്ലോ. അവർ ശീലിച്ച പണികൾ ചെയ്‌തോട്ടെ എന്ന് കരുതി. അങ്ങനെ എന്നെപ്പോലുള്ളവരും അവരുമൊക്കെ ചേർന്ന് ഈ സമരം കേരളത്തിൽ വിജയിപ്പിച്ചെടുത്തു.
നാട്ടുകാരെ പരമാവധി ബുദ്ധിമുട്ടിച്ചാൽ ഏതു സമരവും വിജയിക്കുമെന്നതാണ് കേരളത്തിന്റെ പരമ്പരാഗത സമരസങ്കൽപ്പം. അതിനായി ചെയ്യേണ്ടതൊക്കെ ചെയ്ത് ഞങ്ങളത് സാധിച്ചെടുത്തു. ഇങ്ങനെ ജനജീവിതം സ്തംഭിപ്പിച്ചിട്ട് എന്തു നേടി എന്നൊക്കെ മുതലാളിവർഗവും അവരുടെ കുഴലൂത്തുകാരായ ചില മാധ്യമങ്ങളുമൊക്കെ ചോദിച്ചേക്കും. അതു പുതിയ ചോദ്യമൊന്നുമല്ല. അതു തുടങ്ങിയ കാലം മുതൽ നൽകിപ്പോരുന്ന മറുപടി ഞങ്ങളുടെ കൈയിലുണ്ട്. പിന്നെ പണിമുടക്കും ഹർത്താലുമൊക്കെ കാലഹരണപ്പെട്ട സമരമുറകളാണെന്ന് ചിലർ പറയുന്നുണ്ട്. ആ ചോദ്യത്തിലൊന്നും കഴമ്പില്ല. മനുഷ്യർ ഭക്ഷണം കഴിക്കാനും വിസർജിക്കാനും ഉറങ്ങാനുമൊക്കെ തുടങ്ങിയിട്ട് കാലമേറെയായില്ലേ. എന്നിട്ട് അതൊക്കെ കാലഹരണപ്പെട്ടെന്ന് ആരെങ്കിലും പറയാറുണ്ടോ? അതുകൊണ്ട് അത്തരം വാദങ്ങളെയൊക്കെ ഞങ്ങൾ പുച്ഛത്തോടെ തള്ളിക്കളയും. അല്ലെങ്കിൽ തന്നെ പുച്ഛം തൊഴിലാളിവർഗത്തിന്റെ മുഖമുദ്രയാക്കണമെന്ന അഭിപ്രായക്കാരാണ് ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നേതാക്കളിൽ പലരും. നാട്ടുകാർക്കെതിരേ ആക്രോശിക്കുന്ന ചില തൊഴിലാളി നേതാക്കളുടെ ശരീരഭാഷ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും.
ഇത്രയൊക്കെ ന്യായീകരിക്കേണ്ടത് സമരത്തോടൊപ്പം നിൽക്കുന്ന ഏതൊരു തൊഴിലാളിയുടെയും ബാധ്യതയാണ്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. എങ്കിലും മനുഷ്യരല്ലേ, ചില സംശയങ്ങൾ തോന്നിപ്പോകും. അതു നേതാക്കളോട് ചോദിക്കാതിരിക്കാൻ പറ്റാത്തതിനാൽ ചോദിച്ചുപോകുകയാണ്. ഇപ്പറഞ്ഞ സമരപരിപാടികളൊന്നും വേണ്ടെന്നു പറയുന്നില്ല. ചില പരമ്പരാഗത ആചാരങ്ങൾ തെറ്റിക്കാൻ പാടില്ലല്ലോ. എന്നാൽ ഇക്കാലത്ത് ഇതുമാത്രം മതിയോ എന്ന് ആലോചിക്കേണ്ടതില്ലേ? ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് ഒരളവോളമെങ്കിലും ചെവികൊടുക്കുന്നവരായിരുന്നു കോൺഗ്രസ്, ജനത, ജനതാദൾ ഭരണാധികാരികൾ. എന്നാൽ ഇന്ന് ഭരിക്കുന്നവർ അങ്ങനെയല്ല. അവർക്കു മുന്നിൽ വേദമോതിയിട്ടു കാര്യമില്ല. ഇതുപോലുള്ള സമരങ്ങളൊന്നും വകവയ്ക്കുന്നവരല്ല ഇന്ന് രാജ്യം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമങ്ങളിലും എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പണി വേറെ നോക്കേണ്ടിവരും.
അതിനുള്ള വഴി അടുത്തകാലത്ത് കർഷകർ കാട്ടിത്തന്നിട്ടുണ്ട്. അവർ കാർഷിക നിയമങ്ങൾ പിൻവലിപ്പിച്ചത് ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടോ ഡ്രൈവറുടെ കരണക്കുറ്റി അടിച്ചുതകർത്തോ പാവങ്ങളുടെ പെട്ടിക്കടകൾ ആക്രമിച്ച് അവരെ മർദിച്ചോ ഒന്നുമല്ല. രാജ്യതലസ്ഥാനം ഉപരോധിച്ചാണ് അവർ കേന്ദ്ര സർക്കാരിനെ വരച്ചവരയിൽ നിർത്തിയത്. ഇത് ഇന്ത്യയിലെ തൊഴിലാളിവർഗം വിചാരിച്ചാൽ നടക്കാത്ത കാര്യമാണോ? രാജ്യത്ത് തൊഴിലാളികൾ വലിയൊരു സമൂഹമാണ്. രാജ്യതലസ്ഥാനം ഉപരോധിക്കാൻ അതിൽ അര ശതമാനം ആളുകൾ മാത്രം മതിയാകും. അതിനാവശ്യമുള്ള എണ്ണം തൊഴിലാളികൾക്ക് ഡൽഹിയിൽ പോയി സമരം ചെയ്തുകൂടേ? സംയുക്ത സമരസമിതി അതിന് കൃത്യമായൊരു പദ്ധതി ആസൂത്രണം ചെയ്താൽ നടക്കുമെന്നുറപ്പ്. എല്ലാവരും എല്ലാ ദിവസവും സമരം ചെയ്യണമെന്നില്ല. ആവശ്യമുള്ള ആളുകൾ മാത്രം ഒരാഴ്ചയോ രണ്ടാഴ്ചയോ അവധിയെടുത്ത് അവിടെ പോയി സമരം ചെയ്യട്ടെ. അവരുടെ ഊഴം തീരുമ്പോൾ അത്രതന്നെ തൊഴിലാളികൾ പകരം അവിടെയെത്തി സമരഭൂമിയിൽ നിറയണം. അവധിയെടുത്ത് സമരം ചെയ്യുന്നവരുടെ കുടുംബങ്ങൾക്ക് സമരകാലയളവിൽ ജീവിക്കാനുള്ള വക എത്തിച്ചുകൊടുക്കാനും സമരം ചെയ്യുന്നവർക്ക് സമരഭൂമിയിൽ ഭക്ഷണമടക്കമുള്ള സൗകര്യമൊരുക്കാനും സമരസമിതിയുടെ നേതൃത്വത്തിൽ മറ്റു തൊഴിലാളികൾ വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കുമെന്നുറപ്പ്. അതൊക്കെയല്ലേ വർഗൈക്യം?
എന്നിട്ടും എന്തുകൊണ്ടാണത് ചെയ്യാത്തതെന്ന് നമ്മൾ തൊഴിലാളികൾ ആലോചിക്കേണ്ടതില്ലേ? ഒന്നുകിൽ വൻകിട മൂലധന ശക്തികൾക്ക് ഗുണകരമായ തൊഴിൽ നിയമങ്ങൾക്കെതിരേ ശക്തമായ സമരം നടത്താൻ തൊഴിലാളി നേതാക്കൾ ഭയപ്പെടുന്നു. അല്ലെങ്കിൽ അത്തരമൊരു സമരം നടത്താനാവാത്ത വിധം ഇന്ത്യൻ തൊഴിലാളിവർഗം ദുർബലപ്പെട്ടിരിക്കുന്നു. രണ്ടായാലും ഈ അവസ്ഥയോർക്കുമ്പോൾ എന്നെപ്പോലുള്ള കുറെ തൊഴിലാളികൾക്ക് ലജ്ജ തോന്നുന്നു. അത് നേതാക്കളുടെയത്ര ചർമകാഠിന്യമില്ലാത്തതുകൊണ്ടായിരിക്കാം.
സതീശൻ സെമി കേഡറായതാണ്
കേഡർ പാർട്ടികൾക്ക് ഒരു സ്വഭാവമുണ്ട്. പോഷകസംഘടനകളുണ്ടെന്ന് അവർ പരസ്യമായി പറയാറില്ല. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു എന്നിവയൊക്കെ സി.പി.എമ്മിന്റെ പോഷകസംഘടനകളാണെന്ന് നാട്ടുകാർക്കൊക്കെ അറിയാമെങ്കിലും പാർട്ടി നേതാക്കൾ അത് പരസ്യമായി പറയില്ല. പാർട്ടിക്കുള്ളിൽ അവർ ഈ സംഘടനകളെ സ്വന്തം വർഗബഹുജന സംഘടനകൾ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും അതുപോലും പുറത്തു പറയാറില്ല. ഈ സംഘടനകളുടെ നേതാക്കൾ, സി.പി.എം തങ്ങളുടെ മാതൃസംഘടനയാണെന്ന് സമ്മതിക്കാറുമില്ല. എന്നാൽ അവരൊക്കെ സി.പി.എമ്മിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കും. സി.പി.എം മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടികളെല്ലാം പൊതുവെ ഇങ്ങനെയാണ്. എന്നാൽ കോൺഗ്രസും മുസ്‌ലിം ലീഗും ജനതാദളും കേരള കോൺഗ്രസുമൊക്കെപ്പോലെയുള്ള പാർട്ടികൾ അങ്ങനെയല്ല. അവരുടെ യുവജന, വിദ്യാർഥി, തൊഴിലാളി സംഘടനകളൊക്കെ സ്വന്തം പോഷകസംഘടനകളാണെന്ന് പാർട്ടി നേതാക്കൾ പറയും. ഈ പാർട്ടികൾ മാതൃസംഘടനയാണെന്ന് സംഘടനകളുടെ നേതാക്കളും പറയും.
കാര്യങ്ങളിങ്ങനെ ഭംഗിയായി മുന്നോട്ടുപോകുന്നതിനിടയിലാണ് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ഒരു പ്രസ്താവന ഐ.എൻ.ടി.യു.സിക്കാരുടെ നെഞ്ചിൽ കൂരമ്പുപോലെ ചെന്നുതറച്ചത്. ഐ.എൻ.ടി.യു.സി കൂടി ഉൾപ്പെട്ട സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നടത്തിയ ദ്വിദിന ദേശീയ പണിമുടക്കിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അക്രമങ്ങൾ നടന്നിരുന്നു. എളമരം കരീമിന്റെ ഭാഷയിൽ വെറും പിച്ചലും മാന്തലും. വേണമെങ്കിൽ അങ്ങനെ നിസ്സാരമാക്കാമായിരുന്ന ആ സംഭവങ്ങളെ സതീശൻ പക്ഷേ ഗൗരവത്തിലെടുത്തു. അതിനെതിരേ പത്രക്കാരോട് സംസാരിക്കുന്നതിനിടയിൽ സതീശൻ പറഞ്ഞു, ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ലെന്ന്. ഇതുകേട്ട് ഐ.എൻ.ടി.യു.സിക്കാർക്ക് വല്ലാതെ നൊന്തു. അവരെ പറഞ്ഞിട്ടു കാര്യമില്ല. തറവാട്ടുകാരണവർ തള്ളിപ്പറഞ്ഞാൽ തറവാട്ടിലെ അംഗങ്ങൾക്ക് നോവുമല്ലോ. അതു വലിയ കോലാഹലമായി. ചങ്ങനാശേരിയിൽ ഐ.എൻ.ടി.യു.സിക്കാർ സതീശനെതിരേ പ്രതിഷേധപ്രകടനം നടത്തി. ആകെ കോലാഹലമായപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനു പോലും പ്രതിഷേധപ്രകടനത്തെ തള്ളിപ്പറയേണ്ടിവന്നു.
സത്യത്തിൽ ഐ.എൻ.ടിയുസിക്കാർക്ക് കാര്യങ്ങൾ വ്യക്തമായി അറിയാത്തതുകൊണ്ടാണത്. കോൺഗ്രസിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സെമി കേഡറാക്കിയെന്നൊക്കെ വാർത്ത വന്നിട്ടുണ്ടെങ്കിലും എന്താണ് സെമി കേഡറെന്ന് അവർക്കു പിടികിട്ടിയിട്ടില്ല. കോൺഗ്രസ് നേതാക്കളിൽ അധികമാളുകൾക്കു പോലും പിടികിട്ടാത്തൊരു കാര്യം ഐ.എൻ.ടിയുസിക്കാർക്ക് അറിയാത്തതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ. സെമി കേഡറെന്നാൽ ശരിക്കുള്ള കേഡറല്ലെങ്കിലും അതൊരുതരം കേഡർ തന്നെയാണല്ലോ. കേഡറിന്റെ ചില സ്വഭാവങ്ങൾ അതിനും കാണും. അതുകൊണ്ടാവാം സതീശൻ അങ്ങനെ പറഞ്ഞത്. ഇനിയിപ്പോൾ യൂത്ത് കോൺഗ്രസും കെ.എസ്.യുവും മഹിളാ കോൺഗ്രസുമൊക്കെ കോൺഗ്രസിന്റെ പോഷകസംഘടനകളല്ലെന്ന് നേതാക്കൾ പറഞ്ഞേക്കും. അതുകേട്ട് ആരും പ്രതിഷേധപ്രകടനത്തിനിറങ്ങേണ്ട. പാർട്ടി സെമി കേഡറായല്ലോ എന്ന് സമാധാനിച്ചാൽ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."