കോഴിക്കോടന്‍ ജീവിതങ്ങളുടെ നേര്‍കാഴ്ചയുമായി ഫോട്ടോ പ്രദര്‍ശനം
കോഴിക്കോട്: പതിവുപോലെ കടപ്പുറത്ത് അലഞ്ഞുതിരിയുന്നതിനിടെയാണ് നാടോടി സ്ത്രീയായ സോന അരികില്‍ ഒരാള്‍ക്കൂട്ടം കാണുന്നത്. ആള്‍ക്കൂട്ടത്തിനു പിന്നിലൂടെ പതിയെ തലയിട്ടു നോക്കിയ സോന അവിടെ തന്റെ ചിത്രം കണ്ടു പകച്ചുപോയി. പിന്നെ ഒന്നും ചിന്തിക്കാതെ ആളുകളെ തള്ളിമാറ്റി സോന അങ്ങോട്ടു കുതിച്ചു. ഫോട്ടോ ചൂണ്ടിക്കാട്ടി സോനയെന്ന ഊമപ്പെണ്ണ് അടക്കാനാകാത്ത സന്തോഷത്തോടെ തന്റെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസിലാകാതെ ആളുകള്‍ ഫോട്ടോയും നാടോടി സ്ത്രീയെയും സൂക്ഷിച്ചുനോക്കി. അപ്പോഴാണ് അവര്‍ക്ക് കാര്യം പിടികിട്ടിയത്. തന്റെ ഫോട്ടോ തൂക്കിയിട്ടത് കണ്ടാണ് സോന ഓടിവന്നതെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അതിശയമായി. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ഫോട്ടോഗ്രാഫര്‍ സോനയ്ക്കു ചുറ്റും തടിച്ചുകൂടി അവരുടെ ഭാവങ്ങള്‍ കാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.
ജെ.ഡി.ടി ഇസ്‌ലാം കാംപസിലെ മള്‍ട്ടിമീഡിയ വിദ്യാര്‍ഥികളുടെ ഫോട്ടോ പ്രദര്‍ശനത്തിലാണ് ഈ അപൂര്‍വ കാഴ്ചയ്ക്ക് ജനം സാക്ഷിയായത്. ബീച്ചില്‍ അലയുന്ന നാടോടികളും യാചകരും വഴിയാത്രക്കാരും കച്ചവടക്കാരും കാഴ്ച ആസ്വദിക്കാനെത്തിയവരുമെല്ലാം ഫോട്ടോ പ്രദര്‍ശനവും കണ്ടാണ് മടങ്ങിയത്. ഇതില്‍ പലരും ഫോട്ടോ പ്രദര്‍ശനത്തില്‍ കഥാപാത്രങ്ങളായിരുന്നു. കോഴിക്കോട് നഗരത്തിലെ ഒരു രാത്രിയും ഒരു പകലുമാണ് 'കാമറ കണ്ട കോഴിക്കോട് ' എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിലുള്ളത്. നാല്‍പതു ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെടുത്ത നൂറോളം ചിത്രങ്ങളില്‍ നിന്നാണ് ഇവ തിരഞ്ഞെടുത്തത്.
കോഴിക്കോട്ടെ പ്രധാന കേന്ദ്രങ്ങളായ പാളയത്തെയും വലിയങ്ങാടിയിലെയും മെഡിക്കല്‍ കോളജ് പരിസരത്തെയുമെല്ലാം ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈമാസം 11, 12 തിയതികളിലാണ് വിദ്യാര്‍ഥികള്‍ കാമറക്കണ്ണുകളുമായി നഗരത്തിലിറങ്ങിയത്. ബീച്ചില്‍ സംഘടിപ്പിച്ച പ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. ഇന്നലെ വൈകിട്ട് അഞ്ചിന് ആരംഭിച്ച പ്രദര്‍ശനം 7.30ഓടെയാണ് സമാപിച്ചത്.
പ്രസ്‌ക്ലബ് സെക്രട്ടറി എന്‍. രാജേഷ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."