HOME
DETAILS

വാപ്പ ഇല്ലാതെ ആദ്യ റമളാന്‍

  
backup
April 03 2022 | 04:04 AM

86452-345623-2022

സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍/അശ്‌റഫ് കൊണ്ടോട്ടി

പടിഞ്ഞാറന്‍ ചക്രവാളത്തിലെ അന്തിച്ചുവപ്പിനടിയിലൂടെ റമദാന്‍ പൊന്നമ്പിളിയുടെ വെള്ളിവര. ലോക മുസ്‌ലിംകള്‍ക്ക് നന്മയുടെ തുലാസിന് ഭാരം കൂട്ടാനുള്ള അപൂര്‍വാവസരം. മനസും ശരീരവും സ്ഫുടംചെയ്‌തെടുക്കാന്‍ ആണ്ടിലൊരിക്കലെത്തുന്ന വിശുദ്ധ മാസത്തെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഇസ്‌ലാംമത വിശ്വാസികള്‍. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ പതിവില്‍ നിന്ന് വ്യത്യസ്തമാണ് റമദാന്‍ നാളുകള്‍. പരിശുദ്ധ റമദാന്റെയും പെരുന്നാളിന്റെയും മാസപ്പിറവി കണ്ടത് അറിയിക്കാന്‍ ആളുകള്‍ എത്തുന്നത് ഇവിടേക്കാണല്ലോ. നോമ്പിനെ വരവേല്‍ക്കുന്നതിനായി പാണക്കാട്ടെ വീട്ടിലെ ഓരോ മുറിയും കാലേക്കൂട്ടി വെള്ളം നിറച്ച് കഴുകും. കുട്ടിയായിരിക്കുമ്പോള്‍ ഞങ്ങള്‍ അതില്‍ നീന്തിക്കളിക്കുമായിരുന്നു- ഓര്‍മകളിലേക്ക് ഊളിയിട്ടു മുഈനലി ശിഹാബ് തങ്ങള്‍.


മണ്‍കട്ട കൊണ്ട് പണിത ഓലപ്പുരയില്‍ നിന്ന് കോണ്‍ക്രീറ്റ് സൗധത്തിലേക്ക് ആളുകള്‍ മാറിയെങ്കിലും റമദാന് മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുകയെന്ന മുസ്‌ലിം ഭവനങ്ങളിലെ മുടങ്ങാത്ത ശീലത്തിന് മാറ്റമില്ല. കൂട്ടുകുടുംബത്തിലായാലും അണുകുടുംബമായാലും റമദാനെ വരവേല്‍ക്കുവാന്‍ ആരും പിശുക്ക് കാണിക്കാറില്ല. വീടും അടുക്കളയും ഒരുക്കാന്‍ വല്യുമ്മ മുതല്‍ ഇളമുറക്കാര്‍ വരെ മത്സരിക്കുന്നു. മലബാറിലെ പഴമക്കാര്‍ ഈ ഒരുക്കത്തെ നനച്ചുകുളി എന്ന് പേരിട്ട് വിളിക്കാറുണ്ട്.
പണ്ടുകാലത്ത് വീടുകളില്‍ ഓലയും പുല്ലും മേയുന്നത് റമദാന് മുന്നോടിയായി ആയിരുന്നു. തുടര്‍ന്ന് മണ്ണ് മെഴുകി മോടിപിടിപ്പിക്കും. പിന്നീട് പെയിന്റിങ്ങിലേക്ക് മാറി. എന്നാലും അകത്തുള്ള വീട്ടുസാധനങ്ങളെല്ലാം പുറത്തെടുത്ത് കഴുകി വൃത്തിയാക്കുന്ന പതിവിന് മാറ്റമില്ല. അടുക്കളയിലെ കൈക്കലത്തുണി മുതല്‍ മരംകൊണ്ടുള്ള ഉപ്പുപാത്രം വരെ കഴുകണമെന്ന് പഴമക്കാര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇതിന് മുന്നിട്ടിറങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്.
നോമ്പുകാലത്ത് വീടുകളിലെ ഭക്ഷണരീതിക്ക് തന്നെ മാറ്റം വരും. പകലില്‍ അന്നപാനീയങ്ങള്‍ വെടിയുന്നതിനാല്‍ നോമ്പുതുറ, അത്താഴം എന്നിവയ്ക്കാണ് പ്രാധാന്യം. ഇതിലേക്കായി അരി, മുളക്, മല്ലി തുടങ്ങിയ സാധനങ്ങള്‍ നേരത്തെ തന്നെ പൊടിച്ച് സൂക്ഷിക്കുന്നതും പതിവു കാഴ്ചയാണ്.
മാസപ്പിറവിയും പാണക്കാട്ടെ
പ്രഖ്യാപനവും

ലോകത്ത് ചന്ദ്രക്കലയുടെ അടിസ്ഥാനത്തില്‍ മാസപ്പിറവി നിശ്ചയിക്കുന്ന ഏക മതമാണ് ഇസ്‌ലാം. അതിനാല്‍ മുസ്‌ലിം സമൂഹത്തിന് പൊന്നമ്പിളിക്കീറ് വിശ്വാസത്തിന്റെ നേര്‍വരയാണ്. ഇവയില്‍ ഏറ്റവും പ്രാധാന്യം റമദാന്‍, ശവ്വാല്‍ മാസപ്പിറവികള്‍ക്കാണ്. റമദാന്‍ നോമ്പിന്റെയും ശവ്വാല്‍ ചെറിയ പെരുന്നാളിന്റെയും വരവ് അറിയിക്കുന്നതിനാലാണിത്. കാപ്പാട്, ബേപ്പൂര്‍, തിരൂര്‍, കൂട്ടായി, ചാവക്കാട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാമാണ് മാസപ്പിറവി ആദ്യം ദൃശ്യമാകാറുള്ളത്. മത്സ്യബന്ധനം നടത്തുന്നവരാണ് മാസപ്പിറവി പെട്ടെന്ന് കാണുക. കടലിന്റെയും കാറ്റിന്റെയും ദിശയും മാനത്തിന്റെ ചാഞ്ചാട്ടവും തിരിച്ചറിയുന്നവരുടെ കണ്ണില്‍ അതു പെട്ടെന്ന് പ്രത്യക്ഷപ്പെടും.
മാസപ്പിറവി കാണുന്ന വിശ്വസനീയരായ ആളുകള്‍ സത്യംചെയ്ത് പറഞ്ഞ് പിതാവ് അതുറപ്പിച്ചതായി പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്. റമദാനായാലും ശവ്വാലായാലും മഗ്‌രിബിന് തന്നെ വീട്ടില്‍ ആളുകള്‍ കൂടും. പണ്ഡിതന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ അവിടെയുണ്ടാകും. മാസം കണ്ടയാളില്‍ നിന്ന് കൃത്യമായ വിശദീകരണം തേടും. അകത്തെ മുറയിലാണ് വാപ്പയുടെ വിശദീകരണം തേടല്‍. ഉമ്മറത്ത് പ്രഖ്യാപനം കാത്ത് ആളുകളുണ്ടാവും. വിശ്വാസയോഗ്യമാണെന്ന് കണ്ടാല്‍ വാപ്പ ഉമ്മറത്തെ ഇരിപ്പിടത്തില്‍ എത്തി പ്രഖ്യാപിക്കും. ദുആ ചെയ്യും. പിന്നീട് ഇത് മറ്റു മഹല്ലുകാരെ അറിയിക്കും. ആദ്യകാലത്ത് കത്തുമായി ആളെ വിടുകയായിരുന്നു. പിന്നീട് ഫോണില്‍ വിളിച്ചറിയിക്കലായി. നോമ്പായാലും പെരുന്നാളായാലും വീട്ടില്‍ തിരക്കോട് തിരക്കായിരിക്കും.

നഖാര മുഴക്കത്തിന്റെ
അലയൊലി

നഖാരയുടെ ശബ്ദമാണ് നോമ്പും പെരുന്നാളും അറിയാന്‍ പഴമക്കാര്‍ ആദ്യം ആശ്രയിച്ചിരുന്നത്. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് യുദ്ധവും അത്യാവശ്യ കാര്യങ്ങളും നഖാര കൊട്ടിയാണ് പ്രജകളെ അറിയിച്ചിരുന്നത്. ഉച്ചഭാഷിണി പ്രചരിക്കാത്ത കാലത്ത് നോമ്പിന്റെയും നിസ്‌കാരത്തിന്റെയും സമയം കൊട്ടി അറിയിച്ചിരുന്നത് പള്ളികളില്‍ നിന്ന് നഖാരയുടെ ശബ്ദത്തിലൂടെയായിരുന്നു. നോമ്പ് തുറക്കുന്ന സമയത്ത് കതിനവെടി മുഴക്കുന്ന പള്ളികളുമുണ്ടായിരുന്നു. റമദാന്‍ നോമ്പും പെരുന്നാളും ജോലിസ്ഥലത്ത് വെച്ച് അറിഞ്ഞ് മടങ്ങിയ സംഭവങ്ങള്‍ പഴമക്കാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. പള്ളികളില്‍ നിന്ന് അത്താഴത്തിന് ഖുര്‍ആന്‍ പാരായണവും ചിലയിടങ്ങളില്‍ അറബി ബൈത്തുകള്‍ പാടി അത്താഴമുട്ടി അറിയിക്കുന്ന സംഘവുമുണ്ടായിരുന്നു.
ആദ്യ നോമ്പ്

ആദ്യമായി ഞാന്‍ നോമ്പെടുക്കുന്നത് മൂന്നാംക്ലാസില്‍ പഠിക്കുന്ന കാലത്താണ്. പാണക്കാട് യു.പി സ്‌കൂളില്‍ പഠിക്കുന്ന കാലം. നോമ്പുകാലത്ത് സ്‌കൂളിന് അവധിയായിരിക്കും. ആദ്യ നോമ്പിന് രാവിലെ പ്രശ്‌നമൊന്നുമുണ്ടായില്ല. എന്നാല്‍ 11 മണിയായതോടെ ക്ഷീണം തുടങ്ങി. ജ്യേഷ്ടനും സഹോദരിമാരും കൂടെ നിന്നു. ഇതോടെ നോമ്പ് ഒഴിവാക്കാന്‍ മനസ് സമ്മതിച്ചില്ല. തറവാട്ടില്‍ ഉപ്പ ചൊല്ലിത്തരുന്ന നിയ്യത്ത് നവയ്ത്തു സൗമ ഗദിന്‍.... ഏറ്റുചൊല്ലി എടുക്കുന്ന നോമ്പില്‍ ആത്മീയത അനുഭവപ്പെട്ടിരുന്നു. വിശപ്പിന്റെ പ്രയാസം അന്നാണാദ്യമായറിഞ്ഞത്. ഭക്ഷണം കഴിക്കാനില്ലാത്തവര്‍ എങ്ങനെയാണു ജീവിതം തള്ളിനീക്കുന്നതെന്നു മനസിലാക്കിത്തരുകയായിരുന്നു നോമ്പ്.
വീടിന് സമീപത്താണ് കടലുണ്ടിപ്പുഴ. കൂട്ടുകാരോടൊത്ത് പുഴക്കരയിലേക്ക് പോയി കാല് വെള്ളത്തിലിട്ട് ഇരിക്കും. ചൂണ്ടയിട്ട് മീന്‍പിടിക്കും. വേനല്‍ക്കാലത്ത് പുഴയില്‍ വെള്ളം കുറവായിരിക്കും. കരയുടെ അരികില്‍ പ്രത്യേത പച്ചക്കറികൃഷിയുണ്ടാവും. അവരോടൊപ്പവും കൂടും. അസര്‍ കഴിഞ്ഞാല്‍ ഏറെ നേരം പുഴയ്ക്കരികില്‍ തന്നെയാവും. അത് കഴിഞ്ഞ് അടുക്കളയിലേക്ക് ഓടും. ഉമ്മയെ സഹായിക്കാന്‍ അടുക്കളയിലുണ്ടാവും.

നോമ്പുതുറയും അത്താഴവും

ചെറിയ പ്രായത്തില്‍ തന്നെ വാപ്പ നോമ്പെടുപ്പിക്കും. പകലില്‍ ഖുര്‍ആന്‍ ഒാതാനും ഇസ്‌ലാമിക വിഷയങ്ങളും പഠിപ്പിക്കും. ചെറിയ പ്രായത്തില്‍ ആദ്യ പത്ത് കഴിഞ്ഞാല്‍ ഉമ്മയുടെ വീടായ കൊയിലാണ്ടിയിലേക്ക് പോകും. അവിടെ ശരിക്കും ആഘോഷമാണ്. പിന്നീട് വാപ്പയും ഉമ്മയും നോമ്പ് തുറക്കാന്‍ എത്തിയാല്‍ പാണക്കാട്ടേക്ക് മടങ്ങും. പെരുന്നാളിനോട് അടുപ്പിച്ചായിരിക്കുമത്. നോമ്പിന് തിരക്ക് മറന്ന് വാപ്പ കൂടെ തന്നെയുണ്ടാവും. അത്താഴത്തിന് വാപ്പാക്ക് ചോറ് മതി. മട്ടന്‍ സൂപ്പും കുടിക്കും. ചിരങ്ങ, കുമ്പളം തുടങ്ങിയ നാടന്‍ പച്ചക്കറികളാണ് കറി. അവ താളിച്ച് വെക്കാന്‍ പറയും. പച്ചക്കറികള്‍, പച്ചമരുന്ന് തുടങ്ങിയവയൊക്കെ വാപ്പാക്ക് ഇഷ്ടപ്പെട്ടവയായിരുന്നു. പച്ചമരുന്നുകളെ കുറിച്ച് പഠിക്കുമായിരുന്നു.
മത്സ്യം വാപ്പാക്ക് വലിയ ഇഷ്ടമാണ്. നത്തോലി പോലുള്ള ചെറിയ മത്സ്യങ്ങളോടായിരുന്നു ഏറെ പ്രിയം. നോമ്പുകാലത്ത് കണ്ണൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നുമൊക്കെ മത്സ്യങ്ങളുമായി കുടുംബത്തിലുള്ളവരും വാപ്പാന്റെ സുഹൃത്തുക്കളും വരുമായിരുന്നു.
മഗ്‌രിബിന് നോമ്പ് തുറന്ന് നിസ്‌കാരം കഴിഞ്ഞിട്ടാണ് ഭക്ഷണം കഴിക്കാനിരിക്കുക. പത്തിരിയുടെ കൂടെ ഇറച്ചിയോ കോഴിക്കറിയോ ഉണ്ടാവും. തരിക്കഞ്ഞി വാപ്പാക്ക് ഏറെ ഇഷ്ടമായിരുന്നു. അതുപോലെ തറാവീഹ് നിസ്‌കാരം കഴിഞ്ഞെത്തിയാല്‍ ജീരകക്കഞ്ഞിയും. നോമ്പുതുറയില്‍ ഉമ്മാന്റെ കൊയിലാണ്ടി സ്‌പെഷലുണ്ടാവും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് വിഭവങ്ങളൊക്കെ ഉമ്മയുണ്ടാക്കും. കാസര്‍ക്കോട്ടെ ഉമ്മയുടെ സഹോദരിയില്‍ നിന്ന് പഠിച്ചത് പാണക്കാട്ടും പരീക്ഷിക്കും. വാപ്പാക്ക് അതൊക്കെ വലിയ ഇഷ്ടമായിരുന്നു.

പാണക്കാട്ടെ ഒത്തുചേരല്‍

നോമ്പുതുറക്കായി റമദാനില്‍ തറവാട്ടുവീട്ടില്‍ എല്ലാവരും ഒരുമിച്ചു കൂടും. അവിസ്മരണീയമായ അനുഭവമാണു കുട്ടിക്കാലത്തെ ഈ ഇഫ്താര്‍ സംഗമം. ആദ്യ പത്തിലാണ് ഈ നോമ്പുതുറ. മൂത്താപ്പ മുഹമ്മദലി ശിഹാബ് തങ്ങളുള്ള കാലത്ത് അവിടെയായിരുന്നു ആദ്യ നോമ്പുതുറ സംഗമം. വാപ്പയുള്ളപ്പോള്‍ ഇവിടെയായി. എല്ലാ വീട്ടിലും കുടുംബങ്ങളൊന്നിക്കാറുമുണ്ട്.
എല്ലാവരും ഒരു മേശയ്ക്കു ചുറ്റുമിരുന്നു നോമ്പു തുറക്കുമ്പോള്‍ വല്ലാത്തൊരു നിര്‍വൃതിയാണ്. പഠിക്കാന്‍ പോകുന്ന കുട്ടികള്‍ വരെ കൂട്ടത്തിലുണ്ടാവും. തീന്‍മേശയില്‍ നിറഞ്ഞുനില്‍ക്കുന്ന വിഭവങ്ങളില്‍ എല്ലാ ഉമ്മമാരുടേയും കൈപുണ്യത്തിന്റെ സ്‌നേഹരുചിയുണ്ടാവും. കൊയിലാണ്ടി, കോഴിക്കോട്, മലപ്പുറം രുചിഭേദങ്ങളൊക്കെ തീന്മേശയില്‍ നിറയും.
ഉമ്മമാരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കു മാത്രമായി ഒരു നോമ്പ് സല്‍ക്കാരവും മുമ്പുണ്ടായിരുന്നു. മൂത്തമ്മയുള്ള കാലത്തായിരുന്നു അത്. കുട്ടികള്‍ ഉമ്മമാരുടെ കൈ പിടിച്ച് ഇതിലും പങ്കെടുക്കും.

വാപ്പയെ തിരക്കൊഴിഞ്ഞു
കിട്ടുന്ന കാലം

ഇത്തവണ വാപ്പ ഇല്ലാതെയാണ് റമദാന്‍. എന്നാല്‍ വാപ്പ ഇല്ലെന്ന് ഇതുവരെ തോന്നിയിട്ടില്ല. റമദാന്‍ മാസം വാപ്പാക്കു വല്ലാത്തൊരു സന്തോഷത്തിന്റെ കാലമായിരുന്നു. വാപ്പയെ അല്‍പം തിരക്കൊഴിഞ്ഞു ഞങ്ങള്‍ക്ക് കിട്ടുന്ന കാലമായിരുന്നു റമദാന്‍. നോമ്പ് പിടിപ്പിക്കാനും തുറപ്പിക്കാനും വാപ്പാക്കു വല്ലാത്ത ഇഷ്ടമായിരുന്നു.
വീട്ടില്‍ എല്ലാ നോമ്പിനും അതിഥികളുണ്ടാവും. വാപ്പയുടെ ചങ്ങാതിമാരാവും കൂടുതലും. ഫൈസികളായ ഒട്ടനേകം പേര്‍ വന്നെത്തും. സാധാരണക്കാരോടായിരുന്നു വാപ്പാക്ക് വലിയ കൂട്ട്. അസര്‍ കഴിഞ്ഞാല്‍ ഇവരുടെ കൂടെ ചെലവഴിക്കും. കൂടെ പഠിച്ചവരും കുറവല്ല. നോമ്പിന് വീട്ടില്‍ കൂടുതല്‍ പേര്‍ക്ക് വിഭവങ്ങളൊരുക്കും. അവര്‍ നോമ്പ് തുറന്ന് സലാം ചൊല്ലി മടങ്ങുമ്പോഴുണ്ടാകുന്ന നിര്‍വൃതി വലുതായിരുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും നോമ്പുസല്‍ക്കാരത്തിനെത്തുമായിരുന്നു. ഇതില്‍ ജാതിയും മതവുമൊന്നുമില്ല. വാപ്പയുടെ വേര്‍പാടിന് ശേഷം ഇന്നും ആളുകളെത്തുന്നത് ആ സ്‌നേഹം കാരണമാണ്. വാപ്പയുടെ നേതൃത്വത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കളെയും സഹോദരസമുദായ നേതാക്കളെയും ഒരേ മേശയ്ക്ക് ചുറ്റുമിരുത്തി ഇഫ്താര്‍സംഗമങ്ങള്‍ നടത്തുമായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിടുന്ന ഒരു വേദിയായിരുന്നു അത്.
അസുഖമായപ്പോഴും വാപ്പ സമൂഹത്തിന്റെയും സമുദായത്തിന്റെയും പാര്‍ട്ടിയുടേയുമൊക്കെ കാര്യങ്ങള്‍ തിരക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും പത്രം വായിക്കും. എല്ലാ കാര്യങ്ങളും അറിയുന്നുണ്ടായിരുന്നു. വലിയ ആത്മവിശ്വാസത്തിലായിരുന്നു ഞങ്ങളെല്ലാവരും. 40 വര്‍ഷത്തിനുള്ളില്‍ വലിയ അസുഖങ്ങളൊന്നും വാപ്പാക്ക് വന്നിരുന്നില്ല. പക്ഷെ അല്ലാഹുവിന്റെ വിധിയെ തടുക്കാനാവില്ലല്ലോ.
പാണക്കാട് കുടുംബത്തിന് ഒരു താവഴിയുണ്ട്. വല്യാപ്പയും മൂത്താപ്പയും പിന്നെ വാപ്പയും വെട്ടിതെളിയിച്ച വഴി. ഇന്നും ആ താവഴി തന്നെയാണ് കുടുംബത്തിലുള്ള ഓരോ അംഗവും പിന്തുടരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago
No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago