8.31 ലക്ഷം കോടി രൂപ നഷ്ടം; വിപണിയിൽ കൂപ്പുകുത്തി അദാനി ഗ്രൂപ്പ്
മുംബൈ: ഗുജറാത്തിൽ നിന്നുള്ള വ്യവസായി ഗൗതം അദാനിക്ക് ഓഹരി വിപണിയിൽ തകർച്ച ആറാം ദിവസവും തുടരുന്നു. അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യൺ യുഎസ് ഡോളർ കടന്നു. ഇന്ത്യൻ രൂപയിൽ കമ്പനിയുടെ ആകെ നഷ്ടം 8.31 ലക്ഷം കോടി വരും. അദാനി ഗ്രൂപ്പിന്‍റെ നിഫ്റ്റിയിൽ രജിസ്റ്റർ ചെയ്ത പത്തു കമ്പനികളുടെ വിപണിമൂല്യത്തിൽ നിന്നാണ് ഇത്രയും തുക നഷ്ടമായത്.
യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ തകർച്ച തുടങ്ങിയത്. റിപ്പോർട്ട് വരുന്നതിന് മുമ്പ് അദാനി ഓഹരികളുടെ വിപണി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ ഇന്ന് രാവിലെ ഇത് 10.89 ലക്ഷം കോടിയായി ചുരുങ്ങി. മൂല്യത്തിൽ 43 ശതമാനം ഇടിവാണ് ഉണ്ടായത്. ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന് വിപണിയിൽ 26.7 ശതമാനം ഇടിവാണ് ഉണ്ടായത്.
തുടർച്ചായ തിരിച്ചടിക്ക് പിന്നാലെ കഴിഞ്ഞ വർഷം ആഗോള സമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോൾ 16-ാം സ്ഥാനത്താണെന്ന് ഫോബ്‌സ് കണക്കുകൾ പറയുന്നു. ബ്ലൂംബർഗിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ നിന്നുള്ള കോടീശ്വരന്മാരുടെ പട്ടികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി.
ഓഹരി വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ, അദാനി കമ്പനികൾക്ക് നൽകിയ വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിന്റെ ഓഹരിത്തകർച്ച സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യും നിരീക്ഷിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."