നൈറ്റ് ഡ്യൂട്ടി
ഭാസ്‌കരന്‍ ചേലേമ്പ്ര
പൊലിസ് സ്റ്റേഷനിലെ പഴയ തടിക്കസേരയില്‍ മുന്നിലെ മേശപ്പുറത്തേക്ക് കാലും നീട്ടിവെച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ കേശവന്‍ നായര്‍ കണ്ണുമടച്ച് ഓരോന്നോര്‍ത്തു ചാരിയിരുന്നു.
റിട്ടയര്‍ ചെയ്യാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം. അതിനു മുമ്പ് രണ്ട് ആഗ്രഹങ്ങളുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ കസേരയിലിരിക്കുക. മറ്റൊന്ന് റിട്ടയറിനു മുമ്പ് ഏക മകളുടെ വിവാഹം.
അതില്‍, പ്രമോഷന്‍ നടക്കുമെന്നു തോന്നുന്നില്ല. അതിന് സര്‍വിസ് മാത്രം പോരല്ലോ. സര്‍വിസില്‍ ഒരു നല്ല പേരുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഉള്ള ചീത്തപ്പേരു കൂട്ടിയിട്ടേ ഉള്ളൂ. മകള്‍ക്ക് ഒരാലോചന വന്നിട്ടുണ്ട്. ഇനി തീയതി തീരുമാനിക്കാനേ ഉള്ളൂ.
അതോര്‍ത്തപ്പോള്‍ കേശവന്‍ നായരുടെ ഉള്ളൊന്നു കാളി. ഡ്യൂട്ടിയിലുള്ള പൊലിസുകാരില്‍ ചിലര്‍ നൈറ്റ് പട്രോളിങ്ങിനും മറ്റുമായി പോയതിനാല്‍ പകലത്തെ ക്ഷീണമെല്ലാം തീര്‍ക്കാനായി കസേരയില്‍ ചാരിമലര്‍ന്നു കിടന്നുറങ്ങാമെന്ന മോഹം അതോടെ വിഫലമായി. പോക്കറ്റില്‍ നിന്നും മൊബൈലെടുത്തു മേശപ്പുറത്തു വയ്ക്കുമ്പോഴാണ് ആ അപേക്ഷ കണ്ണില്‍ പെട്ടത്.
അവധിയെടുത്ത് കുടുംബസമേതം ഗുരുവായൂര്‍ക്കു പോകുമ്പോള്‍ എസ്.ഐ സാര്‍ ഏല്‍പ്പിച്ചതാണ് ആ പേപ്പര്‍. സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പണക്കാരനായ കുഞ്ഞാലിഹാജി വീടു പൂട്ടി ഗള്‍ഫില്‍ മകന്റടുത്തേക്കു പോവുകയാണെന്നും ഒരുമാസമെങ്കിലും കഴിഞ്ഞേ തിരിച്ചുവരുകയുള്ളൂവെന്നും വീടിന് നിയമാനുസരണമുള്ള ഒരു പരിരക്ഷ പൊലിസ് സ്റ്റേഷനില്‍ നിന്നും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ.
നൈറ്റ് പട്രോളിങ്ങിനു പോകുമ്പോള്‍ ഹാജിയാരുടെ വീടിനു സമീപത്തു കൂടി പോകാനും ജീപ്പു നിര്‍ത്തി ഗേറ്റിനു സമീപം നിന്ന് വീടിനു ചുറ്റുമൊന്ന് ടോര്‍ച്ചടിച്ചു നോക്കണമെന്നും പറഞ്ഞാണ് എസ്.ഐ ആ അപേക്ഷ കേശവന്‍ നായര്‍ക്കു കൈമാറിയത്. കുടുംബപരമായ ആലോചനകളില്‍ മുഴുകിയതിനാന്‍ പട്രോള്‍ ഡ്യൂട്ടിക്കാരോട് ഈ വിവരം പറയാന്‍ മറന്നുപോയി.
ഹാജിയാരുടെ വീട് കേശവന്‍ നായരുടെ വീടിന് ഏതാണ്ട് അടുത്താണ്. ഒട്ടും സമയം കളയാതെ മൊബൈലെടുത്ത് പട്രോളിങ് ഡ്യൂട്ടിയിലുള്ള കോണ്‍സ്റ്റബിള്‍ പ്രകാശനെ വിളിച്ച് കേശവന്‍ നായര്‍ കാര്യം പറഞ്ഞു. പ്രകാശന്‍ മിടുക്കനാണ്. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകും.
പിന്നീട് വീട്ടിലേക്കു വിളിച്ച് എസ്.ഐ അവധിയായതിനാല്‍ ഇന്നു നൈറ്റ് ഡ്യൂട്ടി കൂടിയുണ്ടെന്നും രാവിലെയേ എത്തുകയുള്ളൂവെന്നും ഭാര്യ ഭാനുമതിയോടു പറഞ്ഞു. തന്റെ താലിമാലയുടെ കൊളുത്ത് തേഞ്ഞു പൊട്ടാറായി ഉടനെ നന്നാക്കണമെന്നും ആ അനവസരത്തിലും ഭാനുമതി കേശവന്‍ നായരോടു പരാതി പറഞ്ഞു. കേശവന്‍ നായര്‍ക്ക് ദേഷ്യംവന്നു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മൊബൈല്‍ മേശപ്പുറത്തു വെച്ച് കസേരയിലേക്കു ഒന്നുകൂടി ചാഞ്ഞപ്പോഴാണ് ആ വിളി കേട്ടത്.
''സാറേ...''
ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയപ്പോഴാണ് ഈ സ്റ്റേഷനില്‍ താന്‍ കൂടാതെ മറ്റൊരു മനുഷ്യജീവി കൂടിയുണ്ടെന്ന് കേശവന്‍ നായര്‍ ഓര്‍ത്തത്.
ഗോദ്‌റേജ് തങ്കപ്പനാണ് ലോക്കപ്പില്‍ നിന്നും വിളിച്ചത്. പൂട്ടു തുറന്നു മോഷ്ടിക്കുന്നതില്‍ അതിവിദഗ്ധനായതിനാലാണ് തങ്കപ്പന് ഈ പേരു വീണത്. മോഷണത്തിന്റെ രീതിയും പ്രത്യേകതയും ആളിന്റെ രൂപവും നോക്കി പൊലിസ് സ്റ്റേഷനില്‍ നിന്നു തന്നെയാണ് അവര്‍ക്ക് ഇത്തരം പേരിടുന്നത്.
''സാറേ...''വീണ്ടും തങ്കപ്പന്റെ വിളി.
''അടങ്ങിയിരിക്കെടാ അവിടെ. നിനക്കെന്താ വേണ്ടത്?''
''ഒരു ബീഡി തര്വോ സാറേ.''
''ഹും...ബീഡി, മിണ്ടാതിരുന്നോ അവിടെ.''
''ഒന്നു താ സാറേ, ഇവിടുന്നിറങ്ങിയാല്‍ സാറിനെന്തു സഹായം വേണേലും ചെയ്യാം സാറേ.''
രൂക്ഷമായി തങ്കപ്പനെ ഒന്നു നോക്കി കണ്ണുരുട്ടിയതല്ലാതെ കേശവന്‍ നായര്‍ ഒന്നും മിണ്ടിയില്ല.
കള്ളന്മാരില്‍ നല്ലവനാണ്, മര്യാദയുള്ളവനാണ് തങ്കപ്പന്‍. തന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. ആളെ പിടികിട്ടാത്ത ചില കേസുകളില്‍ തങ്കപ്പന്റെ സഹായത്താല്‍ മാനം രക്ഷിച്ചിട്ടുണ്ട്.
കുഞ്ഞാലിഹാജിയുടെ വീട് പൂട്ടിക്കിടക്കുകയാണ്. ഒരുമാസമെങ്കിലും കഴിഞ്ഞേ അവര്‍ തിരിച്ചുവരുകയുള്ളൂ. തങ്കപ്പന്‍ മനസുവെച്ചാല്‍ തനിക്കും ഗുണം കിട്ടും. പട്രോളിങ്ങിനു പോയവര്‍ ഇനി വെളുപ്പിനേ എത്തുകയുള്ളൂ. കേശവന്‍ നായരുടെ മനസ്സിലൂടെ പലവിധ ചിന്തകള്‍ ഓടിമറഞ്ഞു. മകളുടെ കല്യാണക്കാര്യം കൂടി ഓര്‍ത്തപ്പോള്‍ പിന്നെ ഒന്നും മടിച്ചില്ല.
മേശയില്‍ നിന്നും ഒരു ബീഡിയും തീപ്പെട്ടിയും തപ്പിയെടുത്ത് തങ്കപ്പന്റടുത്തേക്കു നടന്നു.
''തങ്കപ്പാ...''- കേശവന്‍ നായര്‍ മൃദുവായി വിളിച്ചു.
തന്നെ സോപ്പിടാനുള്ള വിളിയാണതെന്ന് മനസ്സിലാക്കിയ തങ്കപ്പന്‍ തലയുയര്‍ത്തിയില്ല.
''എടാ തങ്കപ്പാ''- കേശവന്‍ നായര്‍ വീണ്ടും വിളിച്ചു.
''എന്താ സാറേ?'' ലോക്കപ്പിലെ ചുവരില്‍ ചാരിയിരുന്നു കൊണ്ടു തന്നെ തങ്കപ്പന്‍ തലയുയര്‍ത്തി ചോദിച്ചു.
''ഇതാടാ ബീഡി...പിടിച്ചോ''- ലോക്കപ്പിലേക്ക് ബീഡിയും തീപ്പെട്ടിയും കേശവന്‍ നായര്‍ എറിഞ്ഞുകൊടുത്തു.
കൊച്ചു കുട്ടിക്ക് കളിപ്പാട്ടം കിട്ടിയാലെന്ന പോലെ തങ്കപ്പന്‍ ബീഡിയും തീപ്പെട്ടിയും അരണ്ട വെളിച്ചത്തിലും തപ്പിയെടുത്തു. ബീഡി ചുണ്ടത്തു വെച്ച് കത്തിച്ച് ആഞ്ഞുവലിക്കുന്നതും നോക്കി കേശവന്‍ നായര്‍ ലോക്കപ്പിനു മുന്നില്‍ തന്നെ നിന്നു. ആ നില്‍പ്പു കണ്ടപ്പോള്‍ കേശവന്‍ നായര്‍ക്ക് തന്നോടെന്തോ പറയാനുണ്ടെന്ന് തങ്കപ്പനു മനസ്സിലായി.
പുകയൂതി വിട്ട്, തങ്കപ്പന്‍ എഴുന്നേറ്റ് കേശവന്‍ നായരുടെ സമീപം വന്നു നിന്നു.
''എന്താ സാറേ? തങ്കപ്പന്‍ ചോദിച്ചു.
''എടാ... ഇവിടുത്തെ പണക്കാരനായ കുഞ്ഞാലിഹാജി വീടും പൂട്ടി ഗള്‍ഫിലേക്കു പോയിരിക്കുകയാ. നീയൊന്നു മനസ്സുവെച്ചാല്‍ നമുക്കു രണ്ടാള്‍ക്കും അതു ഗുണമാവും.'' മടിച്ചു മടിച്ചാണ് കേശവന്‍ നായര്‍ പറഞ്ഞത്.
''ആ പള്ളിയുടെ അപ്രത്തെ വീടല്ലേ എനിക്കറിയാം സാറേ. സാറിതൊന്നു തുറന്നു താ. പട്രോളിങ്ങിനു പോയ സാറന്മാരെത്തുന്നതിനു മുമ്പ് ഞാനിങ്ങു തിരിച്ചുവരാം.''
തങ്കപ്പന്‍ ഉഷാറായി.
കീ ബോര്‍ഡില്‍ നിന്നും താക്കോലെടുത്ത് കേശവന്‍ നായര്‍ ലോക്കപ്പു തുറന്നുകൊടുത്തു.
''എടാ, മോളുടെ കല്യാണമാണു വരുന്നത്. കൈയിലൊന്നുമില്ല. പിന്നെ, റിട്ടയര്‍ ചെയ്യാനുമായി. എന്നെ ചതിക്കരുത്.''
കേശവന്‍ നായര്‍ അപേക്ഷാ സ്വരത്തില്‍ പറഞ്ഞു.
''സാറു സമാധാനമായിരിക്ക്. ഞാന്‍ വെളുപ്പിന് ഇങ്ങെത്തും.''
പുകയൂതി വിട്ടുകൊണ്ട് തുള്ളിച്ചാടി ഗോദ്‌റേജ് തങ്കപ്പന്‍ സ്റ്റേഷനു പുറത്തേക്കു നടന്നു.
''എന്റെ വളയനാട്ടമ്മേ എല്ലാം ശുഭമായി കലാശിക്കണേ...''
മുകളിലേക്കു നോക്കി പ്രാര്‍ഥിച്ചുകൊണ്ട് കേശവന്‍ നായര്‍ സ്വസ്ഥാനത്തു തന്നെയിരുന്നു.
കുഞ്ഞാലിഹാജിയുടെ വീട്ടില്‍ ധാരാളം സ്വര്‍ണം കാണും. മക്കളൊക്കെ ഗള്‍ഫിലാണ്. പുറത്തു പോകുമ്പോഴൊക്കെ സ്ത്രീകളെ സ്വര്‍ണത്തില്‍ പൊതിഞ്ഞുകൊണ്ട് പോകുന്നത് കേശവന്‍ നായര്‍ കണ്ടിട്ടുണ്ട്.
ചാരിക്കിടന്ന കിടപ്പില്‍ കേശവന്‍ നായര്‍ സ്വപ്‌നം കണ്ടു. തങ്കപ്പന്‍ ഒരുപാട് സ്വര്‍ണവുമായി വരുന്നതും മകളുടെ കല്യാണം കെങ്കേമമായി നടത്തുന്നതും ഭാനുമതിയുടെ പൊട്ടാറായ താലിമാല മാറ്റിക്കൊടുക്കുന്നതും എല്ലാം.
അതിനിടക്ക് രണ്ടു തവണ കേശവന്‍ നായരുടെ മൊബൈല്‍ ശബ്ദിച്ചു.
സ്വപ്‌നത്തിനു ഭംഗം വരാതിരിക്കാന്‍ ആരാണെന്നു പോലും നോക്കാതെ കേശവന്‍ നായര്‍ ഫോണ്‍ കട്ട് ചെയ്തു.
കൊതുകുകടി അസഹ്യമായപ്പോള്‍ കേശവന്‍ നായര്‍ ഉണര്‍ന്നു. വാച്ചില്‍ നോക്കി.
സമയം ഒരു മണിയാവുന്നു. തങ്കപ്പന്‍ തിരിച്ചെത്തിയില്ലല്ലോ എന്ന് ഭീതിയോടെ നായര്‍ ഓര്‍ത്തു.
കൊതുകുതിരി കത്തിച്ച് അതിന്റെ സ്റ്റാന്റില്‍ ഉറപ്പിക്കുമ്പോഴാണ് തങ്കപ്പന്‍ കയറിവന്നത്. പോവുമ്പോഴുള്ള സന്തോഷം തങ്കപ്പന്റെ മുഖത്തു കണ്ടില്ല. കേശവന്‍ നായര്‍ക്ക് ആധിയായി.
''എന്താടാ, എന്തു പറ്റി?'' ആകാംക്ഷയോടെ ചോദിച്ചു.
''ഓ.. ഒന്നും പറയണ്ട സാറേ. ഹാജിയാരുടെ പറമ്പില്‍ നിറയെ നായ്ക്കളാ.
ആളില്ലാതെ കിടക്കുകയല്ലേ. അങ്ങോട്ട് അടുക്കാന്‍ പോലും പറ്റിയില്ല. കൂടുതല്‍ അവിടെ നിന്നാല്‍ നായ്ക്കളുടെ കുരകേട്ട് ആളുകള്‍ വരുമോന്നു തോന്നി, ഞാനിങ്ങു പോന്നു.''
നിരാശയോടെ തങ്കപ്പന്‍ പറഞ്ഞപ്പോള്‍ കേശവന്‍ നായര്‍ക്കു വിഷമമായി. നല്ലൊരു ചാന്‍സായിരുന്നു. യോഗമില്ല.
''പക്ഷേ, തങ്കപ്പന്‍ ഒരു കാര്യത്തിനിറങ്ങിയാല്‍ വെറുതെ തിരിച്ചുപോരില്ലാന്നു സാറിനറിയാമല്ലോ? നിരാശയോടെ തിരിച്ചുപോരുമ്പോഴാണ് ഒരു വീട്ടില്‍ ഒരു സ്ത്രീ മുറ്റത്തു തൊഴുത്തില്‍ പശുവിനു വെള്ളം കൊടുത്തു നില്‍ക്കുന്നതു കണ്ടത്. എന്തെങ്കിലുമാകട്ടേന്നു കരുതി ഞാനങ്ങോട്ടു ചെന്നു.''
കേശവന്‍ നായര്‍ക്ക് സന്തോഷമായി. തങ്കപ്പന്‍ മറ്റെന്തോ കോള്‍ ഒപ്പിച്ചു വന്നിട്ടുണ്ടെന്നു മനസ്സിലായി. ഉദ്വേഗത്തോടെ തങ്കപ്പനെ നോക്കി.
''ഭീഷണിപ്പെടുത്തിയപ്പോള്‍ അവരുടെ കൈയില്‍ ആകെയുണ്ടായിരുന്ന വള അവര്‍ ഊരി തന്നു. പിന്നെ അവരുടെ കഴുത്തിലണിഞ്ഞ ചെയിനായിരുന്നു. അതു താലിയാണെന്നു പറഞ്ഞ് അഴിച്ചു തന്നില്ല. അരയില്‍ നിന്നും കത്തിയെടുക്കുന്നതായി ഭാവിച്ച് ഞാനവരുടെ ചെയിന്‍ വലിച്ചു പൊട്ടിച്ച് ഇങ്ങു പോന്നു. ചെയിന്‍ സാറെടുത്തോ. അത്യാവശ്യം തൂക്കം കാണും. വള തീരെ കനമില്ലാത്തതാ. തങ്കപ്പനതു മതി.''
മുണ്ടു പൊക്കി അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്നും ചെയിനെടുത്ത് കേശവന്‍ നായര്‍ക്കു നീട്ടി.
ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ചെയിന്‍ അല്‍പം ഭാരമുള്ളതാകണേയെന്നു പ്രാര്‍ഥിച്ച് ഇരുകൈകളും നീട്ടി സന്തോഷത്തോടെ കേശവന്‍ നായരതു വാങ്ങി.
വെളിച്ചത്തിലേക്കു നീങ്ങി കേശവന്‍ നായര്‍ ചെയിന്‍ പരിശോധിച്ചു.
ഭാനുമതിയുടെ കഴുത്തില്‍ താന്‍ കെട്ടിയ താലിമാല!
കേശവന്‍ നായരുടെ കൈകള്‍ വിറച്ചു. ദേഹമാസകാലം വിയര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."