പരീക്ഷ കഴിഞ്ഞിട്ട് അഞ്ചുമാസം; എല്‍.പി, യു.പി അധ്യാപക ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാതെ പി.എസ്.സി
തിരുവനന്തപുരം: എല്‍.പി, യു.പി അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തി അഞ്ചുമാസം കഴിഞ്ഞിട്ടും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാതെ പി.എസ്.സി. 2020 നവംബര്‍ ഏഴ്, 24 തീയതികളിലായിരുന്നു യു.പി, എല്‍.പി അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. ചുരുക്കപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന മറുപടി പി.എസ്.സി ആവര്‍ത്തിക്കുന്നതല്ലാതെ നടപടി ഉണ്ടായില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ചില ഒ.എം.ആര്‍ ഷീറ്റുകള്‍ വലിപ്പക്കുറവ് കാരണം മാന്വലായി മൂല്യനിര്‍ണയം നടത്തേണ്ടിവന്നതാണ് ചുരുക്കപ്പട്ടിക വൈകാന്‍ കാരണമെന്നാണ് പി.എസ്.സിയുടെ വിശദീകരണം. അതേസമയം, സുതാര്യത ഉറപ്പാക്കാന്‍ മാന്വല്‍ മൂല്യനിര്‍ണയം നടത്തിയ രജിസ്റ്റര്‍ നമ്പറുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ക്ലാസുകള്‍ ഓണ്‍ലൈനായാലും കുട്ടികളുടെ പഠനം വിലയിരുത്താന്‍ അധ്യാപകര്‍ ആവശ്യമാണ്. ഇതിനാല്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് നിയമനത്തിനുള്ള തുടര്‍നടപടികള്‍ പി.എസ്.സി അടിയന്തരമായി സ്വീകരിക്കണം. കഴിഞ്ഞ എല്‍.പി.എസ്.ടി റാങ്കുപട്ടികയില്‍ നിന്ന് എട്ടോളം ജില്ലകളില്‍ പൂര്‍ണമായും നിയമനങ്ങള്‍ നടന്നു. കാസര്‍കോട് ജില്ലയിലെ യു.പി അധ്യാപകരുടെ റാങ്കുപട്ടികയും കാലാവധിക്ക് മുന്‍പേ തീര്‍ന്നു. ഇതിനാല്‍, വിവിധ ജില്ലകളില്‍ എല്‍.പി, യു.പി അധ്യാപകരുടെ നിരവധി ഒഴിവുകളുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് ഇന്റര്‍വ്യൂ നടത്തിയ ശേഷം അന്തിമപട്ടിക പ്രസിദ്ധീകരിച്ചാണ് നിയമനം നടത്തേണ്ടത്. നിയമനം വൈകുന്നത് അടുത്ത അധ്യയന വര്‍ഷത്തെ എല്‍.പി, യു.പി വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."