ചിന്ത-നവയുഗം വഴിയുള്ള വിവാദങ്ങള്‍ അനവസരത്തിലുള്ളത്; വിവാദം അവസാനിപ്പിക്കാന്‍ 'ചിന്ത'യ്ക്ക് നിര്‍ദ്ദേശം നല്‍കി: കോടിയേരി
തിരുവനന്തപുരം: ചിന്ത-നവയുഗം വഴിയുള്ള വിവാദങ്ങള്‍ അനവസരത്തിലുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാദം തുടരാന്‍ താല്‍പര്യമില്ല. സി.പി.എം ചിന്തയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിപിഐയുടെ ഭാഗത്ത് നിന്നും നവയുഗത്തില്‍ ഇടപെടല്‍ ഉണ്ടാവണമെന്നും കോടിയേരി പറഞ്ഞു.
സിപിഐ ക്കെതിരെ ചിന്ത വാരികയില്‍ വന്ന കാര്യങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പ്രതികരിച്ചു. സിപി ഐ എമ്മും-സി പി ഐയും തമ്മില്‍ പ്രശ്‌നങ്ങളില്ല. സിപി ഐയുടെ നവയുഗം വാരികയിലും ചില കാര്യങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ഇടപെടല്‍ വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ആഴ്ചകളായി സിപിഎം രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്തയും സിപിഐ രാഷ്ട്രീയ പ്രസിദ്ധീകരണമായ നവയുഗവും ലേഖനങ്ങളിലൂടെ പരസ്പരം പോരാടാകുകയാണ്. ചിന്തയില്‍ വന്ന തിരുത്തല്‍ വാദത്തിന്റെ ചരിത്രവേരുകള്‍ എന്ന ലേഖനത്തിലാണ് സിപിഐയെ സിപിഎം നിശിതമായി വിമര്‍ശിക്കുന്നത്.
കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ എന്നും 'ചിന്ത' ലേഖനത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സി.പി.ഐ. തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയാണ് 'തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍' എന്നപേരില്‍ ചിന്തയിലെ ലേഖനം.
ചിന്തയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നവയുഗത്തിന്റെ അടുത്ത ലക്കത്തില്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചിരുന്നു. ചിന്ത വാരികയിലെ പരാമര്‍ശങ്ങള്‍ ഹിമാലയന്‍ മണ്ടത്തരമാണെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. യുവാക്കള്‍ക്ക് സായുധ വിപ്ലവമോഹം നല്‍കിയത് സി പി ഐ എമ്മാണെന്നും നവയുഗം വിമര്‍ശിച്ചു. ഇ.എം.എസിനെയും ലേഖനത്തില്‍ വിമര്‍ശിക്കുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."