ഇമ്രാൻ പടിയിറങ്ങി, പാകിസ്താൻ്റെ ഭാവിയെന്ത്?
പട്ടാളം സർക്കാരിനെ അട്ടിമറിക്കുന്ന പാരമ്പര്യമുള്ള പാകിസ്താനിൽ ഇമ്രാൻ ഖാൻ സർക്കാരിന്റെ അധഃപതനം പൂർണമാകുകയാണ്. പാക് പാർലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടു. 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. പാകിസ്താന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും 5 വർഷ കാലാവധി തികച്ചിട്ടില്ല. പാർലമെൻ്റ് പിരിച്ചുവിട്ടതിനെതിരേ പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
വൻ ജനപിന്തുണയുണ്ടെന്ന് ഇമ്രാൻ ഖാൻ നേരത്തെ അവകാശപ്പെട്ടെങ്കിലും ക്രിക്കറ്റ് താരത്തിൽ നിന്ന് രാഷ്ട്രീയ നേതാവായി ഉയർന്നുവന്ന ഇമ്രാൻ ഖാന് പിഴച്ചതെവിടെയാണ്. സൈന്യം അട്ടിമറിക്കും മുൻപ് പാർലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ട നടപടി ഇമ്രാന്റെ അവസാന തന്ത്രപരമായ തീരുമാനമാണ്. വാർത്താ വിതരണ മന്ത്രി ഫവാദ് ചൗധരിയാണ് പാർലമെന്റ് പിരിച്ചുവിട്ട വിവരം അറിയിച്ചത്. കാവൽ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. പാർലമെന്റിൽ തനിക്കെതിരേയുള്ള അവിശ്വാസപ്രമേയ വോട്ടെടുപ്പ് തള്ളിയതിനു പിന്നാലെയാണ് സഭ പിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസിഡന്റിനോട് ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും അതിനായി ഒരുങ്ങണമെന്നുമാണ് ഇമ്രാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. പ്രതിപക്ഷം ഇമ്രാന്റെ രാജി ആവശ്യപ്പെട്ടാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
സുപ്രിംകോടതിയെ സമീപിക്കാനുള്ള പ്രതിപക്ഷ നീക്കം മുന്നിൽക്കണ്ടാണ് ഇമ്രാൻ മന്ത്രിസഭ പിരിച്ചുവിടാൻ പ്രസിഡന്റിനോട് അഭ്യർഥിച്ചത്. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വിദേശ ഗൂഢാലോചനയുണ്ടെന്നാണ് ഇമ്രാന്റെ ആരോപണം. നാഷനൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ സാദിഖ് സൻജറാനിയും വിദേശ ഗൂഢാലോചന സർക്കാരിനെതിരേയുണ്ടെന്നും അവിശ്വാസപ്രമേയം ഭരണഘടനാപരമാകില്ലെന്നും പറഞ്ഞു. ഇമ്രാൻ ഖാൻ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‌ലിം ലീഗ് (നവാസ്) പാർട്ടിക്കാണ് ഭരണ സാധ്യത. പാർട്ടിയുടെ നേതാവായ ഷഹബാസ് ശരീഫ് ഇന്നലെ നടന്ന നടപടികളെ വിമർശിച്ചു. പാകിസ്താന്റെ ജനാധിപത്യചരിത്രത്തിലെ കറുത്ത ദിനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രിമാർ യു.എസ് അനുകൂല നയമാണ് സ്വീകരിച്ചിരുന്നതെങ്കിൽ ചൈന അനുകൂല നിലപാടിലായിരുന്നു ഇമ്രാൻ ഖാൻ. പതിവ് രാഷ്ട്രീയത്തിനു വിഭിന്നമായി അഴിമതിവിരുദ്ധ നീക്കം ഇമ്രാൻ ഖാന് പാക് രാഷ്ട്രീയത്തിൽ ജനസമ്മതി നേടിക്കൊടുത്തു. ക്രിക്കറ്റ് താരത്തിന്റെ ചടുലതയും തന്ത്രവും എല്ലാം ഇമ്രാന് രാഷ്ട്രീയത്തിലും കരുത്തായി. സർക്കാർ വീഴുമെന്ന് ഉറപ്പായ സാഹചര്യത്തിലും അട്ടിമറി ഒഴിവാക്കാൻ ഇമ്രാൻ സ്വീകരിച്ച തന്ത്രവും രാഷ്ട്രീയ ചർച്ചകളിൽ സജീവമാണ്. വിദേശ ഗൂഢാലോചന എന്ന വാക്കും വിരൽചൂണ്ടുന്നത് യു.എസിനെതിരേയാണ്. റഷ്യക്കും ചൈനക്കും എതിരായ യു.എസ്, യൂറോപ്പ് നീക്കമാണ് പാകിസ്താനിലെ ഭരണമാറ്റത്തിലേക്ക് നയിക്കുന്നത്. 342 അംഗ ദേശീയ അസംബ്ലിയിൽ കഴിഞ്ഞ ആഴ്ചയാണ് ഇമ്രാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായത്. ഭരണകക്ഷിയിലെ 12 ലേറെ അംഗങ്ങൾ കൂറുമാറി. 172 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപീകരണത്തിന് പ്രതിപക്ഷത്തിന് വേണ്ടത്. എന്നാൽ, തങ്ങൾക്ക് 195 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് അവരുടെ അവകാശവാദം.
പാകിസ്താന്റെ ജനാധിപത്യ വ്യവസ്ഥയിൽ വിദേശ രാജ്യം ഇടപെടുന്നുവെന്ന ആരോപണത്തോടെ പടിയിറങ്ങുന്ന ഇമ്രാൻ ഖാൻ തെരഞ്ഞെടുപ്പിലും ഈ വിഷയത്തിലൂന്നി പ്രചാരണം നടത്താനാണ് നീക്കം നടത്തുന്നത്. ഇത് വീണ്ടും അധികാരത്തിൽ തിരികെയെത്താൻ സഹായിക്കുമെന്നാണ് ഇമ്രാന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷ നേതാവ് ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിക്കാനിരിക്കവെയാണ് ഇമ്രാൻ പാർലമെൻ്റ് പിരിച്ചുവിടുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയനീക്കത്തിൽ ഇടപെടാനില്ലെന്ന് പാക് സൈന്യവും അറിയിച്ചിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പിലേക്ക് തന്നെ നീങ്ങും.
തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കമാണെന്ന് പ്രതിപക്ഷം പറയുമ്പോഴും അവിശ്വാസപ്രമേയം തള്ളിയത് ഭരണഘടനാപരമല്ലെന്ന വാദവും അവർ ഉന്നയിക്കുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർക്ക് അവിശ്വാസ വോട്ടെടുപ്പ് തടയാൻ അധികാരമില്ലെന്നാണ് പ്രതിപക്ഷ വാദം. അതേസമയം, പാക് പ്രധാനമന്ത്രിയുടെ ആവശ്യം പരിഗണിച്ച് പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ഡോ. ആരിഫ് അലവിയുടെ നടപടി പ്രതിപക്ഷത്തിന് ചോദ്യംചെയ്യാനുമാകില്ല. 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തി ഭരണം പിടിക്കുകയാണ് മുന്നിലുള്ള പോംവഴി. ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരേ യു.എന്നിൽ പ്രമേയം വന്നപ്പോൾ പാകിസ്താൻ വോട്ടുചെയ്യാതെ വിട്ടുനിന്നതും പാശ്ചാത്യരാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു. ചർച്ചയിലൂടെ തർക്കം പരിഹരിക്കണമെന്ന നിലപാടാണ് പാകിസ്താൻ സ്വീകരിച്ചത്.
ഇമ്രാൻ ഖാന്റെ ചൈനീസ് അനുകൂല നയം ഇന്ത്യക്കും സ്വീകാര്യമായിരുന്നില്ല. ചൈന ഈയിടെ ഇന്ത്യയുമായി കൊമ്പുകോർക്കുന്ന സാഹചര്യം പാക് പിന്തുണയോടെയാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. ഒടുവിൽ ചൈനീസ് വിദേശകാര്യ മന്ത്രി ഡൽഹി സന്ദർശിച്ച് വീണ്ടും നയതന്ത്ര ചർച്ചകൾ തുടരാനുള്ള സന്നദ്ധത അറിയിച്ചു. പാകിസ്താനിലെ ഭരണമാറ്റം ഇന്ത്യയെ സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഒടുവിൽ അധികാരമൊഴിയും മുൻപും ഇന്ത്യയെ പ്രകീർത്തിക്കാനും ഇമ്രാൻ തയാറായി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തിരികെ അധികാരത്തിലെത്താനുള്ള ഇമ്രാന്റെ തന്ത്രങ്ങളായാണ് ഇതിനെ കണക്കാക്കുന്നത്. പാക് രാഷ്ട്രീയത്തിലെ മാറ്റവും അയൽരാജ്യങ്ങളിലെ അസ്ഥിരതയും ഇന്ത്യയും സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ചൈനയും പാകിസ്താനും തമ്മിലുള്ള ഭാവിയിലെ ബന്ധമെന്താകുമെന്നാണ് ഇന്ത്യക്ക് പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."