ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി; രാജി വെച്ചവരില്‍ പ്രധാനമന്ത്രിയുടെ മകനും, പ്രധാനമന്ത്രി സ്ഥാനത്ത് തുടരും
ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ജനരോഷം ശക്തമാകുന്നതിനിടെശ്രീലങ്കയില്‍ കൂട്ടരാജി പ്രഖ്യാപിച്ച് മന്ത്രിമാര്‍. എല്ലാ മന്ത്രിമാരും വകുപ്പുകള്‍ ഒഴിഞ്ഞ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. രാജി സമര്‍പ്പിച്ച മന്ത്രിമാരില്‍ മഹിന്ദ രാജ്പക്‌സെയുടെ മകനും കായിക മന്ത്രിയുമായ നമല്‍ രാജ്പക്‌സെയും ഉള്‍പ്പെടുന്നു.
പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്ത നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.
അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാര്‍ കൂട്ടമായി രാജി പ്രഖ്യാപനം നടത്തിയത്. 26 മന്ത്രിമാര്‍ രാജിവച്ച് സ്ഥാനം ഒഴിഞ്ഞു. മന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറി.വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയും സഹോദരന്‍ കൂടിയായ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് മഹിന്ദയുടെ രാജി അഭ്യൂഹം പരന്നത്.
ദേശീയ സര്‍ക്കാരിന് പ്രസിഡന്റ് അനുകൂലമാണെന്നു മുന്‍ മന്ത്രി വിമല്‍ വീരവന്‍സയും പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ ഭരണമുന്നണി വിടുമെന്നു ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി പ്രസിഡന്റിനു കത്തുനല്‍കി.
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാപ്പം പ്രതിഷേധവും കനക്കുകയാണ്. കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും ശ്രീലങ്കയിലെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ ലംഘിച്ച് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. പലയിടത്തും പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി. കര്‍ഫ്യൂ ലംഘിച്ച് റാലി നടത്താന്‍ ശ്രമിച്ച 664 പേരെ അറസ്റ്റ് ചെയ്തു. പെരാദെനിയയില്‍ വിദ്യാര്‍ഥി പ്രതിഷേധം തടയാന്‍ കണ്ണീ!ര്‍വാതകം പ്രയോഗിച്ചു. കാന്‍ഡി നഗരത്തിലും വിദ്യാര്‍ഥി പ്രക്ഷോഭം അക്രമാസക്തമായി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തില്‍ കൊളംബോയില്‍ എംപിമാര്‍ മാര്‍ച്ച് നടത്തി.
സര്‍ക്കാര്‍ രാജി വയ്ക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ പറഞ്ഞു.പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ കൊളംബോയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.
ഇതിനിടെ, വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം തേടി, ഗോട്ടബയയുടെ വസതിക്കു മുന്നിലെ ട്രാന്‍സ്‌ഫോമറില്‍ കയറി പ്രതിഷേധക്കാരിലൊരാള്‍ ജീവനൊടുക്കി. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ശ്രീലങ്കക്കാര്‍ പ്രകടനം നടത്തി. പൊലിസ് കസ്റ്റഡിയിലെടുത്ത സമൂഹമാധ്യമ ഗ്രൂപ്പുകളുടെ അഡ്മിന്‍ അനുരുദ്ധ ബണ്ടാരയെ ജാമ്യത്തില്‍ വിട്ടയച്ചു.
ജനകീയ പ്രക്ഷോഭങ്ങള്‍ക്കു തടയിടാന്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്നലെ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും 15 മണിക്കൂറിനു ശേഷം പിന്‍വലിച്ചു. ഫെയ്‌സ്ബുക്, വാട്‌സാപ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങള്‍ തടയാനെന്ന പേരില്‍ ഇന്നലെ പുലര്‍ച്ചെ വിലക്കിയത്. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകനും മന്ത്രിയുമായ നമല്‍ രാജപക്‌സെയും ചലച്ചിത്രതാരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നതോടെയാണു വിലക്കു പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."