കാലം ബാക്കിവെച്ച് ഗംഗാധര മേനോന്‍ യാത്രയായി
ആനക്കര: നാട്ടറിവുകളുടെ കാലവറക്ക് കാലത്തിന്റെ താഴ് വീണു. ഇനി സംശയങ്ങളുടെ ഊരാക്കുടുക്കഴിക്കാന്‍ ഇല്ലത്തുവളപ്പിലെ പടികടന്ന് ആരും വരില്ല. നാട്ടറിവുകളുടെ തമ്പുരാനെന്നു ജനങ്ങള്‍ ആദരവോടെ വിളിച്ച ഗംഗാധര മേനോന്‍ ഇനി ഒളിമങ്ങാത്ത ഓര്‍മ മാത്രമാകുന്നു. ആനക്കര മുണ്ട്രക്കോട്ടിലെ വീട്ടിലെ പൂമുഖത്തു മുറുക്കി ചുവപ്പിച്ചു എന്നും എന്തിനും മറുപടിയുമായി മേനോന്‍ ഉണ്ടായിരുന്നു അധ്യാപകര്‍ മുതല്‍ കുഞ്ഞു കുട്ടികള്‍ വരെ തങ്ങളുടെ സംശയങ്ങളുമായി മേനോനെ തേടിയെത്തി. ചരിത്രത്തിലായിരുന്നു മേനോന് അപാര ജ്ഞാനം.
റോമിള ഥാപ്പര്‍ ഉള്‍പ്പടെയുള്ളവര്‍ മേനോനെ ഫോണില്‍ ബന്ധപ്പെട്ടു ആനക്കരയിലെ മഹാശിലാസംസ്‌കാരത്തിന്റെ ഈടുവയ്പുകള്‍ തേടിയുണ്ടായ ഖനത്തെ കുറിച്ച് അന്വേഷിച്ചിരുന്നത് ആനക്കര നിവാസികളുടെ അഹങ്കാരത്തിനു മാറ്റുകൂട്ടിയെന്നു ചരിത്രം പറയുന്നു. പട്ടണം, പഴഞ്ഞി തുടങ്ങിയ പലസ്ഥലങ്ങളിലും നടത്തിയ ഖന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മേനോന്‍ വിവരങ്ങള്‍ ശേഖരിക്കുമായിരുന്നു. വാസ്തുശാസ്ത്രം, തച്ചു ശാസ്ത്രം, അളവുകള്‍, ഗണിതം, സാഹിത്യം എന്നിവയിലൊക്കെ മേനോന് പാണ്ഡിത്യം ഉണ്ടായിരുന്നു.
നാടിന്റെ ചരിത്രം രചിക്കാനുള്ള ശ്രമം പകുതിക്കു അവസാനിപ്പിച്ചാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്. ആനക്കര വടക്കത്ത് തറവാടുമായി അടുത്ത ബന്ധം പുലര്‍ത്തിയ ഇദ്ദേഹം സ്വാതന്ത്ര്യ സമരചരിത്രം നാട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ ഒട്ടും പിശുക്കു കാണിച്ചില്ല. കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവ്, എ.വി കുട്ടിമാളു അമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രക്ഷാധികാരി, ആനക്കര മെര്‍ക്കന്റൈല്‍ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വീട്ടുവളപ്പില്‍ നടന്ന സംസ്‌ക്കാരചടങ്ങില്‍ രാഷ്ട്രീയ, സാമുഹ്യ രംഗങ്ങളില്‍ നിന്നുളള നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."