സമർപ്പണമാണ് വ്രതം
എം.കെ കൊടശ്ശേരി
മനുഷ്യ വികാരങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ അന്നപാനീയങ്ങളുടെ സ്വാധീനം വളരെ വലുതാണ്. അതേ സമയം, അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്നത് കൊണ്ട് മാത്രം ഒരാൾ നോമ്പുകാരനായി തീരുന്നില്ല. കേവലം വിനോദങ്ങളിൽ മുഴുകുന്നവർ പോലും മണിക്കൂറുകൾ അന്നപാനീയങ്ങൾ മറക്കാറുണ്ട് എന്നകാര്യം നമുക്കറിയാം. പഴയകാലത്ത് മുഖ്യമായും രാവിലെയും വൈകിട്ടും മാത്രമാണ് ജനങ്ങൾ ഭക്ഷണം കഴിച്ചിരുന്നത്. അന്നപാനീയങ്ങൾ പകലിൽ ഉപേക്ഷിക്കൽ അവർക്ക് വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ലെന്നർഥം. ക്ഷാമ കാലത്തെ ജീവിതം ശീലിച്ചവർക്ക് പകലന്തിയോളം പട്ടിണി കിടക്കൽ പ്രയാസമായിരുന്നില്ലെന്ന് ചുരുക്കം.
പക്ഷെ, നോമ്പുകാരൻ ഭക്ഷണം വർജിക്കുന്നത് ലഭിക്കാഞ്ഞിട്ടല്ല. കൊതിയൂറും വിഭവങ്ങൾ തൻറെ മുന്നിൽ വച്ച്കൊണ്ടാണ് നോമ്പുകാരൻ പട്ടിണികിടക്കുന്നത്. നോമ്പ് പൂർണമായ സമർപ്പണമാണ്. വിശ്വാസികൾക്ക് മാത്രമേ ഇതിന് സാധ്യമാകൂ. ചിലർ ആരോഗ്യത്തിന് വേണ്ടി ഭക്ഷണം നിയന്ത്രിക്കാറുണ്ട്. എന്നാൽ ആരോഗ്യ കാരണങ്ങളാൽ അന്നപാനീയങ്ങളഉടെ സമയവും അളവും കുറച്ചതുകൊണ്ട് മാത്രം അത്ര സമർപ്പണം ലഭിക്കണമെന്നില്ല.
മനുഷ്യ ഹൃദയവും ഇതര അവയവങ്ങളും സ്രഷ്ടാവിന് വിധേയമായി മാറേണ്ടതുണ്ട്. ഭക്തി നേടൽ തന്നെയാണ് വ്രതത്തിൻറെ പരമലക്ഷ്യം. നിങ്ങൾ സൂക്ഷ്മതയുള്ളവരായി തീരാനാണ് നോമ്പ് എന്നു ഖുർആൻ പറഞ്ഞതിൻറെ താൽപര്യവും ഇതുതന്നെയാണ്. മുസ്‌ലിംകളോട് ഐക്യദാർഢ്യം പുലർത്താനും മറ്റുമായി പട്ടിണി കിടക്കുന്ന അവിശ്വാസികൾക്ക് ഇത്തരം സമർപ്പണ ബോധം ഉണ്ടാവുകയില്ലല്ലോ. രോഗികൾക്ക് വ്രതം ഉപേക്ഷിക്കാം എന്ന് വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കിയതാണ്. വ്രതാനുഷ്ഠാനത്തിലൂടെ ആരോഗ്യവും വർധിപ്പിക്കാം എങ്കിലും അതാണ് നോമ്പിൻറെ ഏകലക്ഷ്യമെന്ന് കരുതാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."