പെട്ടിക്കടയിൽനിന്ന് കാരുണ്യപ്പെയ്ത്ത്; അത്യപൂർവ മാതൃകയുമായി ജാസിർ
ജാഫർ കല്ലട
നിലമ്പൂർ
സ്വന്തം വീടെന്ന സ്വപ്നം വകഞ്ഞുമാറ്റി, അന്യന്റെ അവശതകൾ ചേർത്തുപിടിച്ച്, കാരുണ്യത്തെ പെയ്തിറക്കുകയാണ് നിലമ്പൂർ ചന്തക്കുന്നിലെ തട്ടുകടക്കാരൻ കല്ലിങ്കൽ ജാസിർ. 18 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തു കിറ്റുകൾ ഈ വർഷത്തെ റമദാനിൽ ജാസിർ വിതരണം ചെയ്‌തു കഴിഞ്ഞു. തട്ടുകടയിലെ വരുമാനത്തിന്റെ നിശ്ചിത പങ്ക് നിത്യവും നീക്കിവച്ച്, വർഷത്തിൽ ഒരിക്കലുള്ള ആശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുകയായിരുന്നു ഇദ്ദേഹം. ഈ റമദാനിൽ 1,500 കുടുംബങ്ങൾക്ക് ആശ്വാസമായി ജാസിറിന്റെ കാരുണ്യപ്പെയ്ത്ത്.
നിലമ്പൂർ ചന്തക്കുന്നിലാണ് യാസറിന്റെ കല്യാണപ്പുര എന്ന ചെറിയ തട്ടുകട. പുതുമയാർന്ന രുചിവിഭവങ്ങളുമായി ഉപഭോക്താക്കളെ വിരുന്നൂട്ടുന്ന ജാസിർ, വർഷത്തിൽ ലഭിക്കുന്ന ലാഭ വിഹിതത്തിൽനിന്ന്, റമദാൻ കിറ്റ് സംഘടിപ്പിച്ച് വിതരണം ചെയ്യുകയാണ് പതിവ്. സ്വന്തം വീട് എന്ന ആഗ്രഹം കടങ്കഥയായി ബാക്കിനിൽക്കുന്നു. വാടകവീട്ടിലാണ് താമസം. പിതാവിന്റെ പേരിൽ ആരംഭിച്ച കല്ലിങ്കൽ സൈതലവി ഫൗണ്ടേഷനും കല്യാണപ്പുര തട്ടുകടയും ചേർന്നാണ് മാതൃകാപരമായ ഈ കാരുണ്യ പ്രവർത്തനം. നിലമ്പൂർ ചന്തക്കുന്നിലെ ജാസിറിന്റെ തട്ടുകടയിൽ എപ്പോഴും തിരക്കാണ്. ബിരിയാണിക്ക് തൂക്കത്തിനാണ് വില. കച്ചവടമുണ്ടെങ്കിലും നീക്കിയിരിപ്പൊന്നുമില്ല. ഓരോ വർഷവും ലഭിക്കുന്ന ലാഭം തീർത്തും നിലമ്പൂരിലെ സാധാരണക്കാർക്കു വേണ്ടി നീക്കിവയ്ക്കുന്നു.
12 വർഷം മുമ്പ് പിതാവ് സൈതാലി മരണപ്പെട്ടു. ഇതോടെ പിതാവിന്റെ സ്മരണാർഥം സഹായവിതരണം ആരംഭിച്ചു. ഓരോ വർഷവും കിറ്റിന്റെ കനവും ആളുകളുടെ എണ്ണവും കൂടിക്കൂടി വന്നു. ഈ റമദാനിലെ കിറ്റ് വിതരണോദ്ഘാടനം ചന്തക്കുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നിർവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."