കേരളത്തിലും വന്ദേഭാരത് ട്രെയിൻ ഓടും; മുഖ്യമന്ത്രിയുമായി ചർച്ച ഉടനെയെന്ന് റെയിൽവേമന്ത്രി
ന്യൂഡൽഹി: കേരളത്തിലും വൈകാതെ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. ശബരി പാതയ്ക്ക് 100 കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും റെയിൽമന്ത്രി ഡൽഹിയിൽ പറഞ്ഞു.
കർണാടകത്തിനും തമിഴ്‌നാടിനും നൽകിയ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. കേരളത്തിന് 2033 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് അങ്കമാലി ശബരി റെയിൽപാത. 116 കിമീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം - കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സിൽവർ ലൈനിനെ കുറിച്ചുള്ള കേന്ദ്ര നിലപാട് മന്ത്രി ആവർത്തിച്ചു. കേരളം സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ വളരെ സുതാര്യമായാണ് കേന്ദ്രം പരിഗണിച്ചത്, ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പറ്റില്ല, പദ്ധതിക്കായി കണക്കാക്കിയ തുക വളരെ അധികമാണ്, ഇത് വളരെ ഗൗരവമുള്ളതാണ്, വൈകാതെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലേക്ക് പോകുന്ന റെയിൽവേ മന്ത്രി സംസ്ഥാനത്ത് കൂടുതൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയും നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."