യുവർ ഒാണർ, ഇതെന്തെഴുത്ത്...
ബാസിത് ഹസൻ
തൊടുപുഴ
ജഡ്ജിമാർ രേഖപ്പെടുത്തുന്ന മൊഴിപ്പകർപ്പുകൾ വ്യക്തമായി വായിക്കാവുന്ന തരത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി രജിസ്ട്രാർക്ക് അഭിഭാഷകരുടെ പരാതി. കംപ്യൂട്ടറുകളിൽ മൊഴി രേഖപ്പെടുത്താനുള്ള ആധുനിക സംവിധാനങ്ങൾ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതികളിലടക്കം നിലനിൽക്കെയാണ് ഡോക്ടർമാരുടെ കുറിപ്പടി പോലെ വായിക്കാൻ കഴിയാത്ത തരത്തിൽ പല ജഡ്ജിമാരും മൊഴി രേഖപ്പെടുത്തുന്നതെന്ന് അഭിഭാഷകർ പരാതിപ്പെടുന്നു. ജഡ്ജിമാർ രേഖപ്പെടുത്തുന്ന മൊഴികൾ പലപ്പോഴും അവർക്കുതന്നെ മനസിലാക്കാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. മൊഴികളുടെ പല പ്രധാന ഭാഗങ്ങളും വിട്ടുപോകുന്നുമുണ്ട്. പലതും വ്യക്തമായി വായിക്കാനും മനസിലാക്കാനും കഴിയാത്തതിനാൽ കോടതിക്ക് മുമ്പാകെ കൃത്യമായ വാദം ഉന്നയിക്കാൻ കഴിയുന്നില്ലെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായി വായിക്കാവുന്ന തരത്തിൽ മൊഴിപ്പകർപ്പുകൾ ലക്ഷ്യമാക്കിയില്ലെങ്കിൽ അത് വ്യവഹാരക്കാരന് നീതിനിഷേധത്തിന് കാരണമാകും.
മൊഴിപ്പകർപ്പുകൾ വായിക്കാവുന്ന തരത്തിൽ വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയാൽ 2016 ലെ ഒരു ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി (രാജ്‌മോഹൻ പിള്ള വേഴ്‌സസ് സി.ബി.ഐ) അപേക്ഷ നിരസിക്കുകയാണെന്ന് അഭിഭാഷകർ പറയുന്നു. കേരളാ ഹൈക്കോടതിയുടെ ഇടപെടൽ പ്രശ്‌നപരിഹാരത്തിന് സാധ്യമാകാത്ത സാഹചര്യത്തിലാണ് അഭിഭാഷകർ സുപ്രിം കോടതി രജിസ്ട്രാർ ജനറലിനെ സമീപിച്ചിരിക്കുന്നത്.
ഇടുക്കി ഡിസ്ട്രിക് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യുവാണ് സുപ്രിം കോടതി രജിസ്ട്രാർ ജനറലിന് പരാതി സമർപ്പിച്ചത്. ഇത് സംബന്ധിച്ച് ബാർ അസോസിയേഷൻ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."