അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രം അന്വേഷണം ആരംഭിച്ചു, സെബിയും അന്വേഷണത്തിന്
ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തിന് ഇടയാക്കിയ അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്പനിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച സാമ്പത്തിക രേഖകള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പിനെതിരെ അന്വേഷണത്തിന് തയാറെടുക്കുകയാണ്.
കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ കമ്പനികാര്യ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. പ്രാഥമിക പരിശോധന നടത്തി. കമ്പനി ചട്ടം സെക്ഷന്‍ 206 അനുസരിച്ചാണ് അന്വേഷണം. കമ്പനി ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സ് ഉള്‍പ്പെടെ സര്‍ക്കാരിന് പരിശോധിക്കാന്‍ വ്യവസ്ഥയുണ്ട്. അദാനി ഗ്രൂപ്പിനെതിരേ പ്രാഥമിക പരിശോധന നടത്താന്‍ വ്യാഴാഴ്ച തന്നെ കേന്ദ്രം നിര്‍ദേശം നല്‍കിയെന്നാണ് വിവരം.
തട്ടിപ്പ് ആരോപണങ്ങളില്‍ ചര്‍ച്ചയും അന്വേഷണവും വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിനും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടിരുന്നു. അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.
പൊതുമേഖല സ്ഥാപനങ്ങളുടെ അദാനി കമ്പനിയിലെ നിക്ഷേപം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എല്‍.ഐ.സി, എസ്.ബി.ഐ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഏതെങ്കിലും കമ്പനിയുടെ പ്രകടനത്തെ ആശ്രയിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. അദാനി വിഷയം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."