നോമ്പുതുറയില്ലാതെ ദൂരങ്ങള്‍ താണ്ടി...
രാവിലെ അത്താഴം കഴിച്ച് വളയം പിടിച്ചാല്‍ പിന്നെ വിശ്രമമില്ലാത്ത ഓട്ടം. കോഴിക്കോട് ഡിപ്പോയില്‍നിന്ന് വളയം പിടിച്ചാല്‍ 11 മണിക്കൂറിലധികം ഒരൊറ്റ ഇരുത്തം. വൈകിട്ടോടെ ലക്ഷ്യസ്ഥാനമായ തിരുവനന്തപുരത്ത്. റോഡില്‍ ഗതാഗതക്കുരുക്കുണ്ടെങ്കില്‍ വീണ്ടും വൈകും. നിസ്‌കാരം ചിലപ്പോള്‍ ജംഉം ഖസ്‌റുമാക്കും. ദീര്‍ഘദൂര യാത്രയായതിനാല്‍ യാത്രക്കാര്‍ക്ക് വേണ്ടി ചിലപ്പോള്‍ റിഫ്രഷ്‌മെന്റിനായി നിര്‍ത്തുമ്പോള്‍ അടുത്തുള്ള പള്ളിയില്‍ പോയി നിസ്‌കരിക്കും. പ്രധാന കേന്ദ്രങ്ങളിലെത്തുമ്പോള്‍ മാത്രമാണ് ചെറിയ വിശ്രമമുണ്ടാവുക. അവിടെയും പത്തോ പതിനഞ്ചോ മിനുട്ട് മാത്രമായിരിക്കും നിര്‍ത്തിയിടുക.
വെയിലിന്റെ കാഠിന്യം കൂടുതലുള്ള സമയങ്ങളില്‍ ചിലപ്പോള്‍ വലിയ ക്ഷീണമുണ്ടാകും. എന്നാല്‍ പല സ്ഥലങ്ങളായി മാറിമാറി വരുമ്പോള്‍ കാലംതെറ്റി വരുന്ന വേനല്‍മഴ ചെറിയ ആശ്വാസം പകരും. ഓട്ടത്തിനിടെയായിരിക്കും ചിലപ്പോള്‍ നോമ്പ് തുറക്കുള്ള സമയമാവുക. വാഹനം ഒന്നോ രണ്ടോ മിനുട്ട് റോഡിനു വശത്തായി ചേര്‍ത്തുനിര്‍ത്തി കണ്ടക്ടറുടെ സഹായത്തോടെ കാരക്കയും വെള്ളവും കുടിച്ച് നോമ്പ് മുറിക്കും. പിന്നെ അടുത്ത ലക്ഷ്യസ്ഥാനത്തേക്കുള്ള ഓട്ടമാണ്.
റമദാനോടനുബന്ധിച്ച് നോമ്പനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് നോമ്പ് തുറക്കല്‍ യഥാസമയം നിര്‍വഹിക്കാനുള്ള സൗകര്യം ലഭിക്കത്തക്കവിധത്തില്‍ മാത്രമേ സ്‌പെല്ലിലും ഷിഫ്റ്റുകളിലും ജോലിയ്ക്ക് നിയോഗിക്കാന്‍ പാടുള്ളൂ\വെന്ന് ഉത്തരവുണ്ട്. എന്നാല്‍ ഡ്യൂട്ടി ക്രമീകരണം സംബന്ധിച്ച് ഓഫിസിലെ ജീവനക്കാര്‍ക്കു മാത്രമേ ഇത് ഉപകാരപ്രദമാവൂ. ഞങ്ങളെ പോലെയുള്ള ദീര്‍ഘദൂര റൂട്ടുകളിലെ ഡ്രൈവര്‍മാര്‍ക്ക് നോമ്പുകാലത്ത് തുറക്കാന്‍ പോലും സാധിക്കില്ല.
ഏതെങ്കിലും ഡിപ്പോയില്‍ യാദൃച്ഛികമായി എത്തിയാല്‍ അവിടെയുള്ള ഓഫിസര്‍മാര്‍ ഇതിനുള്ള സൗകര്യം ചെയ്തുതരും. കണ്ടക്ടര്‍മാര്‍ക്ക് ബസ് ഓടുമ്പോഴും എന്തെങ്കിലും കഴിക്കാം. പക്ഷേ, ഡ്രൈവര്‍മാര്‍ കഴിക്കാനിറങ്ങിയാല്‍ ബസിലെ യാത്രക്കാരെ ബാധിക്കും. അതുകൊണ്ടുതന്നെ സമയമായാല്‍ നോമ്പ് മുറിച്ച് വീണ്ടും വളയം പിടിക്കാറാണു പതിവ്. ബംഗളൂരുവിലേക്കുള്ള യാത്രയിലൊക്കെ ഭക്ഷണം ലഭിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ രാവിലെ അത്താഴം പോലും കഴിക്കാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ നോമ്പെടുത്തിട്ടുണ്ട്. പലതവണയും മറ്റു മതസ്തരായ ക്രൂ അംഗങ്ങളും യാത്രക്കാരും ഈ സമയത്ത് കൈയിലുള്ള ഭക്ഷണം തരും. അതൊക്കെയാണ് ദീര്‍ഘദൂര ബസുകളിലെ ഡ്രൈവര്‍മാരായ ഞങ്ങളുടെ നോമ്പുതുറയും അത്താഴവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."