അരക്ഷിത ജനതയുടെ രക്ഷകൻ
ഉസ്മാൻ താമരത്ത്
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മർദിതസമൂഹങ്ങളുടെയും അവകാശപ്പോരാട്ടത്തിനായി സർവം സമർപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് വിടവാങ്ങിയിട്ട് അരനൂറ്റാണ്ടായി. മതന്യൂനപക്ഷങ്ങളിൽ ഭൂരിപക്ഷം വരുന്ന മുസ്‌ലിം സമൂഹം തിങ്ങിത്താമസിച്ചിരുന്ന വടക്കു കിഴക്കൻ, വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ വിഭജനപദ്ധതി പ്രകാരം വേർപെട്ടുപോയതോടെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അരക്ഷിതരായ ഒരുജനസമൂഹത്തിന് ആത്മവിശ്വാസം പകർന്ന കരുത്തായിരുന്നു അദ്ദേഹം. മദ്രാസ് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹത്തെയായിരുന്നു 1947 ഡിസംബറിൽ നടന്ന ചരിത്ര പ്രസിദ്ധമായ കറാച്ചി കൗൺസിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പുനസ്സംഘാടനത്തിന്റെ സാധ്യത പരിശോധിച്ച് നടപടിയെടുക്കാൻ ചുമതലപ്പെടുത്തിയത്. ഇൗ ദൗത്യം അതീവ ദുഷ്‌കരവും കുത്തൊഴുക്കിനെ തകർക്കുംവിധം ശ്രമകരവുമായിരുന്നു.
നാടിന്റെ അഖണ്ഡതക്കേൽപ്പിച്ച കളങ്കം നെഞ്ചേറ്റിയ രാഷ്ട്രശിൽപികൾ അവശിഷ്ട ഭൂപ്രദേശത്തെ ഇലയനക്കം പോലും ഭയപ്പാടോടെ കണ്ടപ്പോൾ ന്യൂനപക്ഷ ജനതയുടെ രാഷ്ട്രീയഭാഗധേയം വലിയ വെല്ലുവിളികളെയാണ് നേരിട്ടത്. പക്ഷേ സ്വാതന്ത്ര്യ സമരസേനാനിയും ഭരണഘടനാ നിർമാണസഭാംഗവുമായ മുഹമ്മദ് ഇസ്മായിൽ സാഹിബ് അസാധാരണമായ ചങ്കുറപ്പോടെയാണ് ഹിമാലയൻ പ്രതിസന്ധികളെ മറികടന്ന് 1948 മാർച്ച് 10ന് മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ (പിന്നീട് രാജാജി മന്ദിരമെന്ന് നാമകരണം ചെയ്തു )ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് രൂപീകരിക്കുന്നതിനായി നേതൃത്വം നൽകിയത്. രാജ്യം കണ്ട ദയനീയമായ കലാപത്തിന്റെ ഭീകരതയിലും ഒരുനല്ല നാളെയെക്കുറിച്ചുള്ള ശിൽപസമ്പൂർണമായ ആശയത്തിന്റെ സന്ദേശമായിരുന്നു അദ്ദേഹം സമർപ്പിച്ചത്.
ആധുനിക രാഷ്ട്രവ്യവഹാരങ്ങളുമായും ഇന്ത്യൻ ഭരണഘടന പകർന്നുനൽകുന്ന നൈതിക മൂല്യങ്ങളുമായും അരികുവത്കരിക്കപ്പെട്ട ഒരു ജനസഞ്ചയത്തെ ചേർത്തുനിർത്തുകയെന്ന ദൗത്യമാണ് ഖാഇദേമില്ലത്ത് നിറവേറ്റിയത്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങി രാജ്യത്തിന്റെ പരമമായ മൂല്യങ്ങളോട് ന്യൂനപക്ഷ പൊതുബോധത്തെ വിളക്കിച്ചേർത്തത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ അത്ഭുത സിദ്ധിയായിരുന്നു. അങ്ങനെയാണ് അവരെ അഭിമാനബോധമുള്ള ഒരു ജനതയാക്കി ശിക്ഷണം നൽകി വാർത്തെടുത്തത്. അതോടൊപ്പംതന്നെ സ്വത്വം, വിശ്വാസം എന്നിവയുടെ സംരക്ഷണത്തിനായി പൊരുതേണ്ട അനിവാര്യതയെ തര്യപ്പെടുത്തുകയും നിയമനിർമാണസഭകളെ അതിന്റെ ആവിഷ്‌കാരവേദിയാക്കിയും ആ മഹാ മനീഷി കാണിച്ചുതന്നു.
വിശ്വാസവും തനിമയും ചോർന്നുപോയ ഒരു യാന്ത്രിക ജനതതിയെയല്ല സ്വത്വബോധത്തിന്റെ ചോരയോട്ടമുള്ള ഒരു സചേതനസമൂഹത്തെയാണ് ഖാഇദേ മില്ലത്ത് ദർശനം ചെയ്തത്. ഭരണഘടനയുടെ കരട് ജനിക്കുമ്പോൾ കണ്ണും കാതും തുറന്നുവച്ച് ജാഗരൂകനായ ഇസ്മായിൽ സാഹിബിനോട് ഈ രാജ്യത്തെ ന്യൂനപക്ഷ സമൂഹം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഒരു കുത്തിലോ കോമയിലോ വാക്കിലോ വാചകത്തിലോ നമ്മുടെ ഭരണഘടന അവരുടെ ജീവിതത്തിനു മീതെ ആശങ്കയാകുന്നില്ല. മറിച്ച് സമസ്താവകാശങ്ങളും പോറലേൽക്കാതെ അതിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ രക്ഷാകവചം തീർത്ത വിമോചകനായിട്ടാണ് ഇസ്മായിൽ സാഹിബ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
1896 ജൂൺ അഞ്ചിന് തിരുനൽവേലി പേട്ടയിൽ മിയാക്കണ്ണ് റാവുത്തറുടെയും മുഹിയിദ്ദീൻ ഫാത്തിമ ഉമ്മയുടെയും മകനായിട്ടായിരുന്നു ജനനം. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദ പഠനത്തിനിടെ മഹാത്മജിയുടെ ആഹ്വാനം നെഞ്ചേറ്റി പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിൽ സജീവമായി. സ്വതന്ത്രപൂർവ കാലത്ത് ദേശീയ പ്രസ്ഥാനത്തിലും പിന്നീട് സർവേന്ത്യാ മുസ്‌ലിം ലീഗിലും നേതൃരംഗത്ത് നിറഞ്ഞുനിന്ന് പ്രവർത്തിച്ച അദ്ദേഹം 1946ൽ നടന്ന തെരഞ്ഞെടുപ്പിൽ മദ്രാസ് നഗരത്തിലെ മുസ്‌ലിം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദേശ ഭരണത്തിലായിരുന്ന അവിഭക്ത ഭാരതത്തിലെ അതിപ്രഗത്ഭരായ മുസ്‌ലിം രാഷ്ട്രീയ നേതാക്കളെല്ലാം കുടിയൊഴിഞ്ഞുപോയതോടെ കർമംകൊണ്ടും കാഴ്ചപ്പാടുകൊണ്ടും ഗോപുര സമാനം ഗരിമയുള്ള നേതാവായി ന്യൂനപക്ഷ ഇന്ത്യ കണ്ടത് ഇസ്മായിൽ സാഹിബിനെയായിരുന്നു.
ഇരുപത്തൊമ്പത് എം.എൽ.എമാരുടെ നേതാവെന്ന നിലയിൽ മദിരാശി നിയമസഭയിലെ പ്രതിപക്ഷ നേതാവായി. സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും ദേശക്കാരുടെ ക്ഷേമത്തിനുമായി അവിസ്മരണീയമായ സംഭാവനകളാണ് അദ്ദേഹം സമർപ്പിച്ചത്. തമിഴ്‌നാട്ടിലെ വിഖ്യാത മതപഠനകേന്ദ്രമായ മമ്പഉൽ അവാറിൽ 1945ൽ നടന്ന സനദ് ദാന ചടങ്ങിൽ സ്വാഗത പ്രാസംഗികനായിരുന്ന അമാനി ഹസ്രത്താണ് അധ്യക്ഷനായിരുന്ന മുഹമ്മദ് ഇസ്മായിൽ സാഹിബിനെ ഖാഇദേ മില്ലത്ത് എന്ന് വിശേഷിപ്പിച്ചത്. പിന്നീട് ഇത് പേരിന്റെ ഭാഗമാവുകയായിരുന്നു.
1948ൽ ഭരണഘടന നിർമാണ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1952ൽ രാജ്യത്തെ ഒന്നാമത്തെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കക്ഷിമിടുക്കിനപ്പുറം തമിഴ് രാഷ്ട്രീയത്തിലെ തന്റെ വിശ്വാസ്യതകൊണ്ടായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ നൈരന്തര്യം സാധ്യമാക്കിയ അപകടകാരിയായ രാഷ്ട്രീയ നേതാവെന്ന അപഖ്യാതി പ്രചരിപ്പിക്കാൻ ഭരണകൂടവും രാഷ്ട്രത്തലവന്മാരും തന്ത്രങ്ങൾ മെനയുമ്പോഴായിരുന്നു ഇസ്മായിൽ സാഹിബ് ദേശീയരാഷ്ട്രീയത്തെ തന്റെ നിർമലമായ സാന്നിധ്യംകൊണ്ട് ധന്യമാക്കിയത്. 1948ലെ സ്ഥാപിത കാലംതൊട്ട് ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ പ്രസിഡൻ്റായ അദ്ദേഹം 1962 മുതൽ മൂന്നു തവണ തുടർച്ചയായി മഞ്ചേരി മണ്ഡലത്തിൽനിന്ന് ലോക്‌സഭയിലെത്തി. മുസ്‌ലിം സമുദായത്തിന്റെയും സമാന പ്രശ്‌നങ്ങളുമായി ജീവിക്കേണ്ടിവന്ന അവശജനതയുടെയും അവകാശപ്പോരാട്ടമായിരുന്നു മരണം വരെയും അദ്ദേഹം ഇന്ത്യൻ പാർലമെന്റിൽ നിർവഹിക്കുകയുണ്ടായത്.
ഭരണഘടന വിഭാവനം ചെയ്യുന്ന രക്ഷയും സംരക്ഷണവും പിന്നോക്ക, മർദിത ജനതക്ക് പ്രാപ്യമാകണമെങ്കിൽ ഭരണഘടനക്കും ജനതക്കുമിടയിൽ ഒരു ഇടപെടലോ മധ്യവർത്തിയോ വേണ്ടിവരുമെന്ന ദീർഘദർശനമായിരുന്നു മുസ്‌ലിം ലീഗെന്ന സംഘബോധമായി പരിണമിച്ചത്. ജനാധിപത്യ ഭരണക്രമങ്ങളെയും ബഹുസ്വര സാമൂഹ്യഘടനയെ സംബന്ധിച്ചും ആഴമേറിയ നിരീക്ഷണം നടത്തിയ ധിഷണാശാലിയായിരുന്നു ഇസ്മായിൽ സാഹിബ്. അദ്ദേഹത്തിന്റെ ദാർശനികമായ നിലപാടുകളെ ശരിവയ്ക്കുകയാണ് ഫാസിസ്റ്റ് കാല ഇന്ത്യയെന്ന് വിലയിരുത്തേണ്ടിവരും. മതസമൂഹങ്ങൾ തമ്മിലുള്ള രഞ്ജിപ്പും വിശ്വാസ്യതയും ശക്തിപ്പെടുമ്പോൾ മാത്രമാണ് ജനാധിപത്യക്രമത്തിൽ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന നിലപാടുകൾ സാർഥകമാകൂ എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഇവിടെ വച്ചാണ് ഖാഇദേ മില്ലത്തിന്റെ ചിന്തകൾ മതമൗലികവാദത്തോടും തീവ്രവാദത്തോടും ശക്തമായ വിയോജിപ്പിലാകുന്നത്.
ഖാഇദേ മില്ലത്ത് വിടവാങ്ങുന്ന രാഷ്ട്രീയകാലാവസ്ഥയിൽ മുസ്‌ലിം ലീഗ് ശ്രദ്ധയൂന്നിയ കാംപയിൻ കോൺഗ്രസ് വിരുദ്ധ പാർട്ടികൾ ഏകീകരിക്കുന്നതിന്റെ അപായത്തെക്കുറിച്ചായിരുന്നു. 1977ലും പിന്നീട് എൺപതുകൾക്ക് ശേഷവും 1989ലും തൊണ്ണൂറാനന്തര ഇന്ത്യൻരാഷ്ട്രീയവും മഹാപ്രതിഭാശാലിയായ ആ ന്യൂനപക്ഷ നായകന്റെ മനോമുകുരത്തിൽ തെളിഞ്ഞ് കാണപ്പെട്ടിരുന്നു എന്നു വേണം മനസ്സിലാക്കാൻ. കാതങ്ങൾക്കപ്പുറത്തേക്ക് ഒരു ജനതയുടെ കുതിപ്പും വളർച്ചയും വിഭാവനം ചെയ്ത സാത്വികനായിരുന്നു ഇസ്മായിൽ സാഹിബ്. ലോക്‌സഭാംഗമായിരിക്കെ 1972 ഏപ്രിൽ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ മരണം. ചെന്നൈ നഗരത്തിലെ ട്രിപ്പിക്കേനിലെ വല്ലാജാൻ മസ്ജിദ് ഖബർസ്ഥാനിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."