ഇവർക്കിപ്പോൾ ആശ്രയമുണ്ട്
വിധവകളുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ സൂപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങി
സ്വന്തം ലേഖകൻ
കൊച്ചി
ഇവർക്ക് ആശ്രയമായി ആരുണ്ടെന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. വിധവകളുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ സൂപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങി.
എറണാകുളം കാഞ്ഞൂർ സഹകരണ ബാങ്കാണ് വിധവകളുടെ പുരോഗതി ലക്ഷ്യമിട്ട് മാതൃകാപരവും നവീനവുമായ ആശയം നടപ്പാക്കിയത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നീതി സൂപ്പർ മാർക്കറ്റിന്റെ തുടക്കം.
13 നിർധനരായ വിധവകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവിടേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതും വിൽപന നടത്തുന്നതുമെല്ലാം ഇവരാണ്. വിധവകളിൽനിന്ന് അപേക്ഷ സ്വീകരിച്ചാണ് ജീവനക്കാരെ കണ്ടെത്തിയത്. 6,000 ചതുരശ്ര അടി വിസ്തീർണത്തിൽ 60 ലക്ഷം രൂപ മുതൽമുടക്കിയാണ് വിധവകളുടെ നേതൃത്വത്തിലുള്ള സൂപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.പ്രതിസന്ധി അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത പുരോഗതി ഉയർത്താൻ നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി. രാജീവ് പറഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്റെ മികച്ച പ്രവർത്തനങ്ങളുടെ തെളിവാണിത്.
പ്രതിസന്ധി നേരിടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."