സിൽവർ ലൈൻ ; അലൈൻമെന്റിൽ മാലിക് ദീനാർ മസ്ജിദ് ഭൂമിയും; പ്രതിഷേധവുമായി കമ്മിറ്റി
സ്വന്തം ലേഖകൻ
കാസർകോട്
പതിനാലു നൂറ്റാണ്ട് പഴക്കമുള്ള തളങ്കര മാലിക് ദീനാർ മസ്ജിദിന്റെ
ഖബര്‍സ്ഥാൻ അടക്കമുള്ള ഭൂമി സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം. വിശ്വാസികൾ പവിത്രമായി കാണുന്ന മസ്ജിദിനു മുന്നിലെ ഖബർസ്ഥാൻ, മാലിക് ദീനാർ കമ്മിറ്റി ഓഫിസും ഖാസി ഹൗസും ഉൾപ്പെടുന്ന അനുബന്ധ കെട്ടിടം, യതീംഖാന കെട്ടിടം, മാലിക് ദീനാർ കമ്മിറ്റിക്കു കീഴിലുള്ള ബദ്ർ മസ്ജിദ്, ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവ ഉൾപ്പെടുന്ന ഭൂമിയാണ് സിൽവർ ലൈൻ അലൈൻമെന്റിൽ ഉൾപ്പെട്ടത്.
അലൈൻമെന്റിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികൾ കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. എന്നിട്ടും നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രതിഷേധമുയർന്നത്. കാസർകോട് സംയുക്ത ഖാസി പ്രാെഫ. കെ. ആലിക്കുട്ടി മുസ് ലിയാരുടെ നിർദേശത്തിനനുസരിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഖബര്‍സ്ഥാനടക്കം അലൈന്‍മെന്റില്‍ നിന്ന് ഒഴിവാക്കി മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തെ തീരദേശ റോഡിനോടു ചേര്‍ന്ന് ജനവാസമില്ലാത്ത സര്‍ക്കാര്‍ ഭൂമി പദ്ധതിക്കായി ഉപയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേരളത്തിൽ ഇസ്‌ലാം കടന്നുവന്ന അടയാളങ്ങളിലൊന്നാണ് 1421 വർഷം മുമ്പ് സ്ഥാപിച്ച മാലിക് ദീനാർ മസ്ജിദ്. അറേബ്യയിൽനിന്ന് കൊണ്ടുവന്ന വെണ്ണക്കല്ല് പള്ളിയുടെ ശിലാസ്ഥാപനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. എഡി 1845ലാണ് പള്ളിയുടെ പ്രധാന പുനരുദ്ധാരണം നടന്നത്. കാസർകോട് 51 കിലോമീറ്റർ ഭൂമിയാണ് സിൽവർ ലൈനിനു വേണ്ടി ഏറ്റെടുക്കേണ്ടത്. ഇതിൽനിന്ന് 39 കിലോമീറ്റർ ഭാഗത്ത് അതിരടയാളക്കല്ല് സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."