ഡുംക ട്രഷറി തട്ടിപ്പ് കേസില്‍ ജാമ്യം; ലാലു പ്രസാദ് യാദവ് ജയില്‍ മോചിതനാകും
റാഞ്ചി:കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജാമ്യ കാലയളവില്‍ ലാലു പ്രസാദ് യാദവിന് അനുവാദമില്ലാതെ രാജ്യം വിടാനോ വിലാസവും മൊബൈല്‍ നമ്പറും മാറ്റാനോ കഴിയില്ലെന്നും ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് പറഞ്ഞു.
ഈ കേസിലും കൂടെ ജാമ്യം ലഭിച്ചതോടെ ലാലു പ്രസാദ് ജയില്‍ മോചിതനാവും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലുവിന് മറ്റു മൂന്ന് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
1990-97 കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരിരുന്ന ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്വലിച്ചെന്നതായിരുന്നു നിലവിലെ കേസ്.
സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
അതേസമയം ലാലു പ്രസാദ് യാദവ് ഡല്‍ഹി എയിംസില്‍ ഇപ്പോഴും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."