അത്ക്കും മേലെ നിർത്തി, തർക്കത്തിന് വിരാമം
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ദേശീയ പണിമുടക്കിനെ തുടർന്ന് ഐ.എൻ.ടി.യു.സിയും കോൺഗ്രസും തമ്മിൽ ഉടലെടുത്ത തർക്കത്തിന് വിരാമം. ഐ.എൻ.ടി.യു.സിയുടെ സ്ഥാനം പോഷക സംഘടനയ്ക്കും മുകളിലാണെന്ന് വ്യക്തമാക്കിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ തർക്കങ്ങൾ അവസാനിച്ചതായി അറിയിച്ചു. ഐ.എൻ.ടി.യു.സി കോൺഗ്രസിൻ്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം തർക്കത്തിനിടയാക്കിയ സാഹചര്യത്തിൽ ഇന്നലെ കെ.പി.സി.സി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.
സതീശനുമായി ചർച്ച നടത്തിയ സുധാകരൻ ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരനുമായും കൂടിക്കാഴ്ച നടത്തി. പോഷക സംഘടനയല്ലെങ്കിലും മറ്റു സംഘടനകളേക്കാൾ പരിഗണന നൽകുമെന്ന സുധാകരൻ്റെ വാക്കുകളിൽ തൃപ്തരാണെന്നും എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചതായും ആർ. ചന്ദ്രശേഖരനും വ്യക്തമാക്കി. തൻ്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കിയെന്നാണ് വി.ഡി സതീശൻ കെ.പി.സി.സി പ്രസിഡൻ്റിനെ അറിയിച്ചത്.
ഇന്നലെ രാവിലെ കെ.പി.സി.സി പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനം നടത്തിയ ആർ. ചന്ദ്രശേഖരൻ, ഐ.എൻ.ടി.യുസി കോൺഗ്രസിന്റെ പോഷക സംഘടനയാണെന്ന നിലപാട് ആവർത്തിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ പരാമർശം തൊഴിലാളികളെ മോശക്കാരാക്കിയെന്നും അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ചങ്ങനാശേരിയിലും കഴക്കൂട്ടത്തും തനിക്കെതിരായി പ്രകടനം നടത്തിയവർക്കെതിരേ നടപടി വേണമെന്ന സതീശൻ്റെ ആവശ്യം അംഗീകരിച്ച കെ.പി.സി.സി പ്രസിഡൻ്റ് പരാതികൾ പരിശോധിക്കാൻ ആർ. ചന്ദ്രശേഖരനെ നിയോഗിച്ചു.കോൺഗ്രസിൻ്റെ അവിഭാജ്യഘടകമാണ് ഐ.എൻ.ടി.യു.സി. സംഘടനയ്ക്ക് കേരളത്തിൽ മാത്രം 17 ലക്ഷം പ്രവർത്തകരുണ്ട്. അവരെ ഒഴിവാക്കി കോൺഗ്രസിനു മുന്നോട്ടു പോകാനാവില്ലെന്നും സുധാകരൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."