െജയ്സൺ ചെയ്ത തെറ്റെന്ത്?
എൻ.എം സ്വാദിഖ്
2022 ഓഗസ്റ്റ് 19 വെള്ളി
രാ വിലെ പത്തരക്ക് മലപ്പുറം കലക്ടറേറ്റിനു പുറത്ത് ഒരു പ്രതിഷേധം നടന്നു. അധികമാരും അറിയാതെപോയ ഒറ്റയാൾ പ്രതിഷേധം. സർക്കാർ ഉദ്യോഗസ്ഥൻ സർക്കാർ വകുപ്പിനെതിരേ നടത്തിയ പ്രതിഷേധം. തെറ്റിദ്ധരിക്കരുത്. സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ സാധാരണ നടത്തുന്നപോലെ ശമ്പളവർധനവിനോ അലവൻസിനോ ലീവ് സറണ്ടറിനോ ഒന്നുമായിരുന്നില്ല ആ പ്രതിഷേധം. ഏതെങ്കിലും സംഘടനയുടെ പിന്തുണയോടെയുമായിരുന്നില്ല. സമരം മിണ്ടാപ്രാണികൾക്കു വേണ്ടിയായിരുന്നു. മിണ്ടാപ്രാണികളെ സ്വന്തം മക്കളെപ്പോലെ പോറ്റി, ജീവിതവരുമാനം കണ്ടെത്തുന്ന സാധാരണക്കാരായ ക്ഷീരകർഷകർക്കുവേണ്ടി.
‘വ്യാജൻമാരുടെ ചികിത്സയ്ക്കു വിട്ടുകൊടുത്ത് മിണ്ടാപ്രാണികളോട് ക്രൂരത ചെയ്യുന്ന മൃഗസംരക്ഷണ വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക’ എന്നായിരുന്നു സമരത്തിൽ ആ ഉദ്യോഗസ്ഥൻ ഉയർത്തിപ്പിടിച്ച പ്ലക്കാർഡിൽ എഴുതിയിരുന്നത്. ആരാണ് ‘വ്യാജ ചികിത്സകരെ’ന്നും ആരാണ് യഥാർഥത്തിൽ ചികിത്സിക്കേണ്ടതെന്നും വഴിയെ പറയാം.
ഉദ്യോഗസ്ഥന്റെ പേര് ജെയ്സൺ. ആലപ്പുഴ സ്വദേശി. മലപ്പുറത്തു കൂടുതൽ ക്ഷീരകർഷകരുള്ള തിരുനാവായ ഗ്രാമപഞ്ചായത്തിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്. 13 വർഷമായി അദ്ദേഹം തിരുനാവായയിൽ സേവനം ചെയ്യുന്നു. അതിനു മുമ്പ് വെട്ടത്തായിരുന്നു. സർവിസിൽ ഇത് പത്തൊമ്പതാം വർഷം. മലപ്പുറത്തോടും തിരുനാവായയിലെ ക്ഷീരകർഷകരോടുമുള്ള ആത്മബന്ധവും ഇഷ്ടവും കാരണം അവിടത്തന്നെ വീടുവച്ച് താമസിക്കുന്നു. നിലവിൽ അദ്ദേഹം സസ്പെൻഷനിലാണ്. വിശദീകരണമെഴുതി തിരികെക്കയറാൻ ശ്രമിക്കാതെ, ജോലി രാജിവച്ച് നാട്ടിലേക്കു തിരിച്ചുപോകുന്ന കാര്യമാണ് ജെയ്സൺ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തിനു വേണ്ടിയാണ് ഒരുദ്യോഗസ്ഥൻ ജോലി രാജിവയ്ക്കാനൊരുങ്ങിയത് എന്ന ചോദ്യത്തിനുള്ള മറുപടികൾ താഴെയുണ്ട്. ചില ചോദ്യങ്ങളുമുണ്ട്.
തലതിരിഞ്ഞ ലോകം
ജോലിയോട് നൂറുശതമാനം ആത്മാർഥതയും കൂറും പുലർത്തുന്നുവെന്നതാണ് െജയ്സണിൻ്റെ പ്രത്യേകതയെന്ന് പഞ്ചായത്തിലെ ക്ഷീരകർഷകർ ഒറ്റക്കെട്ടായി പറയുന്നു. ജെയ്സൺ തലതിരിഞ്ഞവനാണെന്നാണ് ചില ഉദ്യോഗസ്ഥർ പറഞ്ഞത്. ശരിയായിപ്പറഞ്ഞാൽ, തലതിരിഞ്ഞ ഈ ലോകത്ത് ഒരാൾ നേർവഴിയിൽ ചിന്തിക്കുമ്പോൾ നമുക്ക് അയാളെക്കുറിച്ച് അങ്ങനെയേ തോന്നൂ. മിണ്ടാപ്രാണികളുടെ അസുഖത്തിന്റെയോ മറ്റോ കാര്യം പറഞ്ഞ് ഒന്നു വിളിച്ചാൽ, അതേതു സമയത്തായാലും ഓടിയെത്തുമെന്നതാണ് ഈ പതിമൂന്ന് വർഷത്തിനിടയ്ക്ക് ആലപ്പുഴയിലെ അർത്തുങ്കലുകാരനായ ജെയ്സണുമായി തിരുനാവായക്കാർക്കുള്ള ബന്ധം. പഞ്ചായത്തിലെ പലരും ക്ഷീരകർഷകരായതിനു പിന്നിലും ജെയ്സണാണ്. എന്നിട്ടും മേലുദ്യോഗസ്ഥയുടെ, ഉദ്യോഗസ്ഥരുടെ ഗുഡ് ലിസ്റ്റിൽ ജെയ്സണില്ല!
‘ഡോക്ടറെ വിളിച്ചാൽ കിട്ടില്ല’
ഇത് ക്ഷീരകർഷകർ ഒന്നിച്ചുപറയുന്ന കാര്യമാണ്- പലതവണ വിളിച്ചാലും ഡോക്ടറെ കിട്ടില്ലെന്നതും വിളിച്ചാൽ വരില്ലെന്നതും. മറ്റു ഡോക്ടർമാരുടെ നമ്പറുകൾ കൊടുക്കുന്നു. അവരെയും കിട്ടില്ല. ഒടുവിൽ, മിണ്ടാപ്രാണികൾ ക്ഷീരകർഷകരുടെ കൺമുന്നിൽ പിടഞ്ഞുമരിക്കുന്നു. ഇത് തിരുനാവായയിലെ മാത്രം പ്രശ്നമല്ല. മിക്കവാറും എല്ലായിടത്തും ഇതൊക്കെയാണ് സ്ഥിതി. എന്നാൽ, മൃഗങ്ങൾക്ക് ഇത്തരം പ്രയാസങ്ങളുണ്ടാകുമ്പോൾ മിക്കയിടത്തും ഡോക്ടർക്കു പകരം എൽ.ഐമാരാണ് സ്ഥലത്തെത്തുക. അവരാണ് പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നത്. അതുകൊണ്ടുതന്നെ അവരുമായാണ് സാധാരണക്കാരായ കർഷകർക്കു കൂടുതൽ ബന്ധം. എൽ.ഐമാരെ അവർ ഡോക്ടറെന്നു വിളിക്കുന്നതും അതൊക്കെക്കൊണ്ടുതന്നെയാണ്. പക്ഷേ, ഇവിടെ ഡോക്ടർ ചികിത്സിക്കുന്നില്ല, കർഷകർക്ക് സേവനം ചെയ്യാൻ എൽ.ഐയെ സമ്മതിക്കുന്നുമില്ല!
ജെയ്സൺ ‘വട്ടനാ’യിത്തുടങ്ങുന്നു!
തിരുനാവായയിൽ 13 വർഷം എൽ.ഐ ആയി സേവനം ചെയ്ത ജെയ്സൺ, രണ്ടു വർഷങ്ങൾക്കു മുമ്പാണ് മേലുദ്യോഗസ്ഥരുടെ ഭാഷയിൽ ‘വട്ടനാ’യിത്തുടങ്ങിയത്. മൃഗാശുപത്രിയിൽനിന്ന് അന്നത്തെ ഡോക്ടർ സ്ഥലംമാറിപ്പോയി പുതിയ ഡോക്ടർ വന്നതിനു ശേഷമായിരുന്നു ഇത്. എൽ.ഐയും ക്ഷീരകർഷകരും ഇങ്ങനെ സഹകരിച്ചുപോകുന്നതിൽ മേലുദ്യോഗസ്ഥയ്ക്ക് അപ്രീതി. എൽ.ഐ അവരുടെ പണിയെടുത്താൽ മതിയെന്ന് താക്കീതും. എന്നാൽ, മൃഗങ്ങളെ ഫീൽഡിൽപോയി ചികിത്സിക്കേണ്ട ഡോക്ടർ അതു ചെയ്യുന്നുമില്ല.
ചികിത്സ കിട്ടാതെ മിണ്ടാപ്രാണികൾ ചത്തൊടുങ്ങിയ നിരവധി സംഭവങ്ങളുണ്ടായി. പരാതികളൊക്കെ പതിച്ചത് ബധിരകർണങ്ങളിലാണ്. ഗതികെട്ട് ക്ഷീരകർഷകർ വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ? നീതിബോധമുള്ളവർക്ക് അങ്ങനെ പെരുമാറാൻ സാധിക്കുമോ? ആ ചിന്തയിൽ ഇത്തരം സ്ഥലങ്ങളിൽ ചെന്ന് പരിഹാരം കണ്ട ജെയ്സണ് സ്പോട്ടിൽ സസ്പെൻഷനും കിട്ടി!. ‘മിണ്ടാപ്രാണികളുടെ ജീവനല്ലേ, കർഷകരുടെ ജീവിതോപാധിയല്ലേ...’ എന്ന മറുചോദ്യങ്ങൾക്ക്, ‘അതു നിന്റെ പണിയല്ല. നീ അറിയേണ്ട കാര്യമില്ല...’ എന്ന മറുപടികൾ. മിണ്ടാപ്രാണികളുടെ ജീവന് വിലയില്ല. മിണ്ടാപ്രാണികൾ മാത്രമല്ല, അവർ കുറേ മനുഷ്യരുടെ ജീവിതോപാധി കൂടിയാണ്. അപ്പോൾ, അത്തരം മനുഷ്യർക്കും വിലയില്ല!
ദയയില്ലാത്ത ഉദ്യോഗസ്ഥർ
ജെയ്സണെതിരായ നടപടിക്കുശേഷം സംഭവിച്ച ഒന്നുരണ്ടു സംഭവങ്ങൾ ഇങ്ങനെ; പശ്ചിമബംഗാൾ സ്വദേശി മുസ്തഫ വർഷങ്ങൾക്കു മുമ്പാണ് തിരുനാവായയിലെത്തിയത്. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്ന് മുസ്തഫ പറയുന്നു. ഇവിടെ വന്നശേഷം പശുക്കളെ വാങ്ങി. ആടുകളെ വാങ്ങി. അവയെ സ്വന്തം മക്കളെപ്പോലെ പോറ്റിവളർത്തി. പാലുവിറ്റ് ഉപജീവനം നടത്തി. തിരുനാവായക്കാരിയെ വിവാഹം ചെയ്തു. ഇപ്പോൾ സകുടുംബം ഇവിടെ വീടുവച്ച് താമസിക്കുന്നു.
മുസ്തഫയുടെ ആടിനു ഗർഭമുണ്ടായപ്പോൾ ചില പ്രശ്നങ്ങളുണ്ടായി. നിറവയറുമായി ആട് പ്രസവിക്കാറായി നിൽക്കുകയാണ്. ഗർഭം നാലു മാസവും 20 ദിവസവുമായി. ആടിന് പാലിറങ്ങിത്തുടങ്ങി. എന്നാൽ, പ്രസവം നടക്കുന്നില്ല. ഈ ആടുമായി മുസ്തഫ നാലു ദിവസം മൃഗാശുപത്രിയിൽ കയറിയിറങ്ങി. ഡോക്ടർ ചികിത്സ നൽകിയില്ല. മലപ്പുറത്തെ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിലും കൊണ്ടുപോയി. ചികിത്സ കിട്ടിയില്ല. തിരികെകൊണ്ടുവന്ന ആട് ചത്തു. അതിന്റെ വയറ്റിലുള്ള കുട്ടികളെയെങ്കിലും കിട്ടിയാലോയെന്ന പ്രതീക്ഷയിൽ പലതവണ ഡോക്ടറെ വിളിച്ചു. പ്രതികരണമുണ്ടായില്ല. ഒടുവിൽ മുസ്തഫതന്നെ ആടിന്റെ വയറുകീറി കുട്ടികളെ പുറത്തെടുത്തു. നാലു കുട്ടികളുണ്ടായിരുന്നു. നാലും ചത്തുപോയിരുന്നു. തള്ളയാടടക്കം അഞ്ചു ജീവൻ. മുസ്തഫതന്നെ കുഴിവെട്ടി മൂടി.
ഈയിടെ മുസ്തഫയുടെ പശുവിന് ഇതുപോലെ പ്രയാസമുണ്ടായി. പശുവിനെ വന്നുകണ്ട ഡോക്ടർ, ചികിത്സയൊന്നും ചെയ്തില്ല. പശു ചത്തുപോകുമെന്നായപ്പോൾ മുസ്തഫ തന്നെ 'ഓപറേഷൻ' ചെയ്തു കിടാവിനെ പുറത്തെടുത്തു. തിരിച്ച് തുന്നിക്കെട്ടിയതും മുസ്തഫതന്നെ. ആ പശുവും കിടാവും ഇപ്പോഴും അയാളുടെ തൊഴുത്തിലുണ്ട്. 'ഞങ്ങളുടെ നാട്ടിൽ ഇത്തരം ഔദ്യോഗിക ചികിത്സകളൊന്നുമില്ല. അവിടന്നുള്ള പരിചയം വച്ചാണ് സ്വയം ‘ഡോക്ടറായ’തെന്ന് മുസ്തഫ പറഞ്ഞു. താൻ നടത്തിയ ഓപറേഷന്റെ ദൃശ്യങ്ങളും കാണിച്ചുതന്നു. കൂടെ ഇതുകൂടി പറഞ്ഞു- ‘ജെയ്സൺ സാറുണ്ടായിരുന്നെങ്കിൽ എന്റെ അഞ്ച് ആടുകൾ നഷ്ടപ്പെടില്ലായിരുന്നു. ഇത് ഞാനെവിടെയും വന്നു പറയും’.
മറ്റൊരു കർഷകൻ അയ്യൂബിന്റെ പശുവിന് അസുഖം കാരണം വയറുവീർത്തുവന്നു. പശു കൈകാലുകളിട്ടടിക്കുന്നതു കണ്ടുനിൽക്കാനാകാതെ കർഷകൻ മൃഗാശുപത്രിയിലെത്തി. അവിടെ ഡോക്ടറില്ല. സമീപപ്രദേശങ്ങളിലേക്കും ജില്ലാ കേന്ദ്രത്തിലേക്കും വിളിച്ചെങ്കിലും ചികിത്സ ലഭ്യമാക്കാനായില്ല. ഒടുവിൽ, ജെയ്സണെ വിളിച്ചുകൊണ്ടുപോയി ചികിത്സിച്ചു.
ഖാദറിന്റെ പശുവിന്റെ പിറകിലെ ഒരു കാലിന്റെ മുട്ടിനു മുകളിലായി വലിയ മുഴ. പശുവിന് നടക്കാൻ വയ്യ. നിൽക്കുമ്പോൾ പോലും വേദന കാരണം ആ കാല് ഉയർത്തിപ്പിടിക്കുന്നു. മുഴ കീറി ഒഴിവാക്കണം. ഈ പശുവിനെയും നടത്തിച്ച് ഖാദർ മൂന്നു ദിവസം മൃഗാശുപത്രിയിൽ ചെന്നു. ഖാദറിന്റെ വീട്ടിൽനിന്ന് മൂന്നു കിലോമീറ്ററോളമുണ്ട് അവിടേയ്ക്ക്. എന്നിട്ടും ചികിത്സ കിട്ടിയില്ല. ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. ഖാദർ ജെയ്സണെ വിളിച്ചു. മിണ്ടാപ്രാണിയുടെ പ്രയാസം കണ്ട് ജെയ്സൺ പോയി ആ മുഴ കീറി നീക്കം ചെയ്തു. അന്നും ജെയ്സൺ സസ്പെൻഷനിലായിരുന്നു!
ഇതിനു പുറമേ, അഴിമതിയാരോപണമടക്കം കർഷകർ ഉന്നയിക്കുന്നുണ്ട്. ഒരു കിലോമീറ്റർ ദൂരത്തേയ്ക്ക് ഡോക്ടറുമായി വരാൻ ഓട്ടോക്കാരന് മുന്നൂറ് രൂപയാണത്രേ ചാർജ്. യഥാർഥ ഓട്ടോ ചാർജ് കഴിച്ചുള്ളത് വേറെ ‘ചാർജാ’ണെന്ന് കർഷകർ ആരോപിക്കുന്നു. ജെയ്സണായിരുന്ന കാലത്ത് ഇത്തരം ‘ചാർജുകളൊ’ന്നും ഉണ്ടായിരുന്നുമില്ല.
സസ്പെൻഷനിലേക്കുള്ള
സമരം
ഡോക്ടറെ വിളിക്കാതെ ക്ഷീരകർഷകർ പിന്നെയും ജെയ്സണെ വിളിക്കാൻ തുടങ്ങി. കർഷകരെ സഹായിച്ചാൽ വകുപ്പുതല നടപടി. സഹായിച്ചില്ലെങ്കിൽ കർഷകരുടെ കണ്ണീർ കാണണം. ഡോക്ടർ വേണ്ടപോലെ ചികിത്സ നൽകുന്നുമില്ല. പ്രതികരിക്കുകയോ രണ്ടും കൽപിച്ച് കർഷകരെ സഹായിക്കുകയോ ചെയ്താൽ വട്ടനെന്ന ആക്ഷേപം. എന്തൊരു കഷ്ടമാണ്.
ഇത്തരം സംഭവങ്ങൾ പലതവണ ആവർത്തിച്ചപ്പോഴാണ് ജെയ്സൺ മലപ്പുറത്ത് കലക്ടറേറ്റിനു മുന്നിൽ സമരത്തിനെത്തിയത്. അന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ അദ്ദേഹവുമായി ചർച്ച നടത്തി കാര്യങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതാണ്. അന്നദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടില്ല. പക്ഷേ, ഉറപ്പുകൾ പാലിക്കപ്പെട്ടില്ല. കാര്യങ്ങളൊക്കെ പഴയ പടിതന്നെ. അതോടെ ജെയ്സൺ ഒരിക്കൽ മൃഗാശുപത്രിക്കു മുന്നിൽ അനിശ്ചിതകാല നിരാഹാരമാരംഭിച്ചു. കർഷകരും പ്രതിഷേധത്തിൽ പങ്കാളികളായി. അന്ന് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും ചർച്ച നടത്തി കാര്യങ്ങൾക്കു പരിഹാരമുണ്ടാക്കാമെന്നേറ്റു. പൊലിസ് ഇടപെട്ട് നിരാഹാരം അവസാനിപ്പിച്ചു. പക്ഷേ, തൊട്ടുപിന്നാലെ ഡോക്ടർ ജെയ്സണെതിരേ പൊലിസിൽ പരാതിപ്പെട്ടു. വനിതാ ഡോക്ടറെ ആക്ഷേപിച്ചെന്നാരോപിച്ച് കേസുമെത്തി. തലതിരിഞ്ഞായിരുന്നു കാര്യങ്ങളുടെ പോക്ക്. ഡോക്ടർമാരുടെ സംഘടന ആരോപണവിധേയയെ രക്ഷിക്കാനും പ്രതിഷേധക്കാരനെതിരേ നടപടിയെടുപ്പിക്കാനും മുന്നിൽനിന്നു. ഒടുവിൽ ജെയ്സൺ സസ്പെൻഷനിലായി.
കൊടിയടയാളമില്ലാതെ
ഒരു കുടക്കീഴിൽ തിരുനാവായക്കാർ
2023 ജനുവരി 10 ചൊവ്വ
ജോലി മതിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽപോയി മറ്റു വരുമാന മാർഗങ്ങൾ കണ്ടെത്തി കുടുംബത്തെ നോക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സർവിസിൽ കയറുന്നതിനു മുൻപ് ലോഡിങ്, മത്സ്യബന്ധനം, കെട്ടിടനിർമാണം എന്നിവയ്ക്കൊക്കെ പോയിരുന്ന ഞാൻ, ഇനിയുള്ള കാലം
അങ്ങനെ ജീവിച്ചോളാമെന്നു ജെയ്സൺ പറഞ്ഞു.
ഇതോടെ, ജനുവരി 10ന് സുന്ദരമായ മറ്റൊരു സമരത്തിന് തിരുനാവായ ഗ്രാമപഞ്ചായത്ത് സാക്ഷിയായി. ജെയ്സണിന്റെ തീരുമാനമറിഞ്ഞ് ക്ഷീകർഷകർ സംഘടിച്ചു. സ്ത്രീകളും വൃദ്ധരുമൊക്കെയടങ്ങുന്ന നൂറുകണക്കിനുപേർ മൃഗാശുപത്രിയിലേക്ക് മാർച്ച് നടത്തി. കൊടിനിറമില്ലാതെ സംഘടിച്ച ആ സാധാരണക്കാർ ഉയർത്തിയത് രണ്ട് ആവശ്യങ്ങളായിരുന്നു- ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ജെയ്സണെ സർവിസിൽ തിരിച്ചെടുക്കണം, ഡോക്ടർക്കെതിരേ നടപടി വേണം. ഡോക്ടറടക്കമുള്ള മൃഗാശുപത്രിയിലെ ജീവനക്കാരെ അകത്തേയ്ക്കു പ്രവേശിക്കാൻ സമ്മതിക്കാതെ ക്ഷീരകർഷകർ ആശുപത്രി ഉപരോധിച്ചു. ഈ ഉപരോധം മണിക്കൂറുകൾ നീണ്ടുനിന്നു. എ. ഷൗക്കത്ത്, അമരിയിൽ ബക്കർ, സുബ്രഹ്മണ്യൻ, സലീന, നാസർ കൊട്ടാരത്ത്, കുട്ടൻ നായർ, ടി.വി ജലീൽ, ജുബൈർ കല്ലൻ, ഉണ്ണി വൈരങ്കോട്, രാമനായർ തിരുത്തി, ടി.കെ നാസില പട്ടർനടക്കാവ്, അസൈനാർ തുടങ്ങിയ ക്ഷീരകർഷകരുടെ നേതൃത്വത്തിലായിരുന്നു ഈ സമരം.
സർക്കാർ ഉദ്യോഗസ്ഥർ സേവനത്തിൽ കാണിക്കുന്ന അനാസ്ഥയ്ക്കെതിരേ ഗുണഭോക്താക്കൾ നടത്തുന്ന സമരം നമ്മളെത്രയോ കണ്ടിരിക്കുന്നു. എന്നാൽ, ഇവിടെ ചിത്രം വേറൊന്നായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനു വേണ്ടി സാധാരണക്കാരായ ഗുണഭോക്താക്കൾ തെരുവിലിറങ്ങുന്നു. ഒരു പഞ്ചായത്തിലെ നൂറിലേറെ ക്ഷീരകർഷകർ ഒരുമിച്ച് സർക്കാർ ഓഫിസ് ഉപരോധിക്കുന്നു. തിരൂർ സി.ഐയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. മറ്റ് ഉദ്യോഗസ്ഥരും ചർച്ചയ്ക്കെത്തുന്നു. കർഷകരുടെ ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പുനൽകുന്നു. ആ ഉറപ്പിൻമേൽ കർഷകർ സമരം അവസാനിപ്പിക്കുന്നു.
എന്നാൽ, ജെയ്സണിന്റെ സസ്പെൻഷൻ പിൻവലിച്ചില്ല. അദ്ദേഹത്തെ മാറ്റിനിർത്താനുള്ള ‘തെളിവുശേഖരണം’ നടന്നുകൊണ്ടിരിക്കുകയാണ്. ജെയ്സൺ പക്ഷേ, ജോലി വിടാനുള്ള ഒരുക്കത്തിലും. ക്ഷീരകർഷകർ തന്നെയാണ് ഈ വിഷയം ഞങ്ങൾക്കെത്തിച്ചത്. അവർ സർക്കാരിനോടും ഉദ്യോഗസ്ഥരോടും ചോദിച്ച ചോദ്യങ്ങൾ അതേപടി പകർത്തുകയാണ്.
• കന്നുകാലികളെ സഹായിക്കാൻ ഏതുസമയത്തും സന്നദ്ധനായി എന്നത് എങ്ങനെയാണ് തെറ്റാകുന്നത്?
• തുടരെ ചികിത്സ നിഷേധിക്കുന്ന ഡോക്ടർക്കെതിരേ നടപടിയില്ലാത്തത് എന്തുകൊണ്ടാണ്?
• ഈ വിഷയത്തിൽ എന്തുകൊണ്ടാണ് അധികാരികൾ പ്രദേശത്തെ ക്ഷീരകർഷകരെ കേൾക്കാത്തത്?
• ജെയ്സൺ തെറ്റുകാരനെങ്കിൽ പ്രദേശത്തെ ക്ഷീരകർഷകർ ഒന്നിച്ച് അയാൾക്കുവേണ്ടി തെരുവിലിറങ്ങുമോ?
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."