പള്ളിക്ക് മതസൗഹാർദത്തിന്റെ നിറം പകർന്ന് സൂര്യനാരായണൻ
സ്വന്തം ലേഖകൻ
കുറുവ (മലപ്പുറം)
രാജ്യത്ത് വിഭാഗീയതയുടെ വിഷവായു പരക്കുമ്പോൾ ആശ്വാസത്തിന്റെ കൈത്തലം നീട്ടി, നന്മയുടെ സന്ദേശം പകരുകയാണ് വറ്റല്ലൂർ സ്വദേശി പുത്തൻവീട്ടിൽ സൂര്യനാരായണൻ. റമദാനിനെ വരവേൽക്കാൻ വിശ്വാസികൾ വീടുകളും പള്ളികളും വൃത്തിയാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യുന്നതിനിടെ, പെയിന്റിങ് ചെയ്യാത്ത നാട്ടിലെ പള്ളിക്ക് നിറം നൽകുകയായിരുന്നു സൂര്യനാരായണൻ. വറ്റല്ലൂർ കുറുവ വില്ലേജ് ഓഫിസിനു സമീപമുള്ള ഉമറുൽ ഫാറൂഖ് നിസ്കാരപ്പള്ളിയാണ് സൂര്യനാരായണൻ സ്വന്തം കാശുമുടക്കി പെയിന്റിങ് നടത്തിയത്.
സമീപത്തെ സ്കൂളിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടാണ് കുടുംബസമേതം ഖത്തറിൽ താമസിക്കുന്ന സൂര്യനാരായണൻ ഈയിടെ നാട്ടിലെത്തിയത്. ഇതിനിടെ പള്ളിയുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപെട്ടു. തുടർന്ന് നാട്ടിലെ നിർമാണ തൊഴിലാളിയായ അജയനെ പള്ളി പെയ്ന്റ് ചെയ്ത് വൃത്തിയാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു.
ഭക്ഷണത്തിലും പാർപ്പിടത്തിലും വസ്ത്രത്തിലും വരെ മതത്തിന്റെ നിറം നൽകി വിദ്വേഷം പ്രചരിപ്പിക്കുന്ന ഇക്കാലത്ത് മതസൗഹാർദത്തിന്റെ നടന്നുതീരാത്ത പാലമാവുകയാണ് ഖത്തറിൽ എൻജിനീയറായ സൂര്യനാരായണൻ.
ഉണ്ണുന്നതിലും ഉടുക്കുന്നതിലുമെല്ലാം വർഗീയതയുടെ വിഷം നിറച്ച് മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകൾ സ്വയം തീർത്ത് അതിൽ ഒതുങ്ങിക്കൂടാനുള്ള പ്രവണത വർധിച്ചുവരുന്ന കാലത്ത് ഇത്തരം സന്തോഷകരമായ വാർത്തകൾ വരുന്നത് പ്രതീക്ഷ നൽകുന്നതാണെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."