കൂടത്തായി കേസ്: നാല് മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശമില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയില്‍പെട്ട നാല് മൃതദേഹാവശിഷ്ടങ്ങള്‍ ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പ്രോസിക്യൂഷന് ലഭിച്ചു. ഈ മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശമില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുഖ്യ പ്രതി ജോളി, ആദ്യ ഭര്‍ത്താവ് റോയ് തോമസ് ഉള്‍പ്പെടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇതില്‍ റോയ് തോമസിന്റെയും ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ നടത്തിയ വിശദ പരിശോധനാഫലമാണ് ഇപ്പോള്‍ ലഭിച്ചത്.
നേരത്തേ നടത്തിയ പരിശോധനയില്‍ നാല് കേസുകളില്‍ സയനൈഡ് അംശം കണ്ടെത്താത്തതിനാല്‍ വീണ്ടും കോടതിയുടെ അനുമതിയോടെ വിശദ പരിശോധനക്കയക്കുകയായിരുന്നു.
2019ലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര പുറത്തെത്തുന്നത്. 14 വര്‍ഷത്തിനിടെ കുടുംബത്തിലെ ആറു പേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുന്നു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.
ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന്‍ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കുന്നു. എന്നാല്‍ സ്വത്തുതര്‍ക്കമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ടുപോയില്ല. ഇതിനിടെ കെ.ജി. സൈമണ്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവിയായി ചുമതലയേറ്റെടുത്തു. പരാതി വീണ്ടും അദ്ദേഹത്തിന്റെ മുന്നിലെത്തി. സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവന്‍ ജോര്‍ജിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചു.
2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു മുഖ്യപ്രതി ജോളി അറസ്റ്റിലായത്. ജോളിക്ക് പിന്നാലെ ഇവര്‍ക്കു സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധു മഞ്ചാടിയില്‍ എം.എസ്. മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സി.പി.എം. കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ. മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി. വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസില്‍ പ്രതി ചേര്‍ത്തു.
കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്നു ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മറ്റ് അഞ്ച് കൊലപാതകങ്ങളിലും ജോളി തന്റെ സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ സംസ്‌കരിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."