തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം: വീട്ടമ്മ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്
കോവളം:പുല്ലുവിളയില്‍ തെരുവനായ്ക്കളുടെ കടിയേറ്റ് വൃദ്ധയായ വീട്ടമ്മ മരിച്ചു. ഒരു വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുല്ലുവിള കടല്ത്തീരത്തവെച്ചായിരുന്നു നായകളുടെ ആക്രമണം. മാരകമായി പരുക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിയെ മരണപ്പെട്ടു.
മാതാവിനെ നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന് സെല്‍വരാജിനെയും നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. സെല്‍വരാജ് കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ആക്രമിക്കുമ്പോള്‍ അമ്പതിലധികം നായ്ക്കളുണ്ടായിരുന്നതായി സെല്‍വരാജ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചപ്പോള്‍ പോലീസ് സംഭവം ഗൗരവമായി എടുത്തില്ലെന്ന ആക്ഷേപമുണ്ട്.
വിഴിഞ്ഞം പുല്ലുവിള സ്വദേശി ഡെയ്സിക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുല്ലുവിള ഉള്‍പ്പെടെയുള്ള തീരദേശം തെരുവ് നായ്ക്കളുടെ പിടിയിലായതും ഇവയുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണവും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."