'കൈവിട്ടു പോയാലും സുരക്ഷിതരായിരിക്കണം.. ഫോണ്‍നമ്പറും പേരും കുഞ്ഞുങ്ങളുടെ ശരീരത്തില്‍ എഴുതി വെച്ച് രക്ഷിതാക്കള്‍'; ഉക്രൈനില്‍ നിന്നുള്ള സങ്കടക്കാഴ്ചകള്‍
കീവ്: യുദ്ധഭൂമികളില്‍ നിന്ന് പുറംലോകത്തെ തേടി നിരവധി വാര്‍ത്തകള്‍ എത്താറുണ്ട്. ഉള്ളം നുറുക്കുന്ന..കണ്ണ് നിറക്കുന്ന വല്ലാത്തൊരു പിടച്ചിലിലേക്ക് നമ്മെ കൊണ്ടു പോവുന്ന നിരവധി വാര്‍ത്തകള്‍..ചിത്രങ്ങള്‍. ഇതാ മരണം പെയ്യുന്ന ഉക്രൈനില്‍ നിന്നും അത്തരം ചില സങ്കടക്കാഴ്ചകള്‍.
ഏത് നിമിഷവും മരണം തങ്ങള്‍ക്കു മേല്‍ പതിച്ചേക്കാമെന്നൊരു ഭീതിയില്‍ കഴിയുന്നവരാണ് അവര്‍. യുദ്ധത്തില്‍ തങ്ങള്‍ കൊല്ലപ്പെടുകയോ കുട്ടികള്‍ രക്ഷപ്പെടുകയോ ചെയ്താല്‍ അവരെ തിരിച്ചറിയുന്നതിനും അവരെ ആരെങ്കിലും സഹായിക്കുന്നതിനും വേണ്ടി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അവരുടെ പേരും ഫോണ്‍നമ്പറുകളും കുറിച്ചുവയ്ക്കുകയാണ് ഉക്രൈനിലെ അമ്മമാര്‍.
ഉക്രേനിയന്‍ മാധ്യമപ്രവര്‍ത്തകയായ അനസ്താസിയ ലാപാറ്റിനയാണ് ഈ വിവരങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. റഷ്യയുടെ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട് യൂറോപ്പ് ഇപ്പോഴും ഗ്യാസിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുവെന്ന് പരിഹസിക്കുന്നുമുണ്ട് അവര്‍.
'തങ്ങള്‍ കൊല്ലപ്പെടുകയാണെങ്കില്‍ തങ്ങളുടെ കുഞ്ഞുങ്ങളെങ്കിലും സുരക്ഷിതരായിരിക്കട്ടെ എന്നു കരുതി മക്കളുടെ ശരീരത്തില്‍ ഫോണ്‍ നമ്പറുകളും പേരും മറ്റും എഴുതിവെക്കുകയാണ് ഉക്രൈനിലെ അമ്മമാര്‍.അപ്പോഴും യൂറോപ്പ് ഗ്യാസിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്'- അവര്‍ ട്വിറ്ററില്‍ കുറിച്ചു.
Ukrainian mothers are writing their family contacts on the bodies of their children in case they get killed and the child survives. And Europe is still discussing gas. pic.twitter.com/sK26wnBOWj
— Anastasiia Lapatina (@lapatina_) April 4, 2022
ഉക്രൈനിലെ റഷ്യയുടെ ആക്രമണം 41ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് എങ്ങും. റഷ്യ വംശഹത്യ നടത്തുകയാണെന്ന ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുടെ ആരോപണത്തിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. റഷ്യന്‍ അക്രമികള്‍ കുട്ടികളെയും കൊലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ''ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും കൈകാലുകള്‍ മുറിച്ച് പീഡിപ്പിക്കപ്പെടുകയും ചെയ്തു, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് നമുക്കറിയാം'' സെലെന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. റഷ്യന്‍ സൈന്യം പലായനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കുട്ടികളെ 'മനുഷ്യകവചം' ആയി ഉപയോഗിക്കുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഉക്രേനിയന്‍ നഗരമായ ബുച്ചയില്‍ നൂറുകണക്കിന് ആളുകളുടെ മൃതദേഹങ്ങള്‍ക്കൊപ്പം കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."