രാജി മുതല്‍ രാജ്യസഭ വരെ
ഒടുവില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് രാജിവയ്‌ക്കേണ്ടിവന്നു. ജലീല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറിയ രാജിക്കത്തും തുടര്‍ന്ന് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണവും സി.പി.എമ്മില്‍ പക്ഷേ അത്രവേഗം രാജിയാകുന്ന വിഷയമായിരിക്കില്ല. പാര്‍ട്ടിയില്‍ തനിക്കെതിരേയുള്ള 'പൊളിറ്റിക്കല്‍ ക്രിമിനലു'കളെ ഓര്‍മിപ്പിച്ചത് മന്ത്രി ജി. സുധാകരനാണ്. തെരഞ്ഞെടുപ്പിനു ശേഷം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ മാധ്യമങ്ങളെ ചാരി തന്റെ പ്രവര്‍ത്തന പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് ഉന്നംവയ്ക്കുന്നത് ആരെയൊക്കെയായിരുന്നുവെന്ന് എ.കെ.ജി സെന്ററിലുള്ളവര്‍ക്കറിയാം. ഏറ്റവും ഒടുവില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും സി.പി.എം തീരുമാനിച്ചു.
കൈരളി ചാനലിന്റെ മാനേജിങ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനെയും എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ അധ്യക്ഷനും ഇപ്പോള്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ വി. ശിവദാസനെയും. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ അധ്യക്ഷനായ കെ.കെ രാഗേഷിന് പകരക്കാരനായി വി. ശിവദാസനെ നിയോഗിക്കുന്നതില്‍ ആര്‍ക്കും കാര്യമായ എതിര്‍പ്പുണ്ടാകാനിടയില്ല. എന്നാല്‍ ബ്രിട്ടാസിന്റെ പദവിയും അടുത്തിടെ സി.പി.എമ്മിനെയും സര്‍ക്കാരിനെയും ഉലച്ച സംഭവങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ വ്യതിചലനത്തിന്റെയടിസ്ഥാനത്തില്‍ വേണം ഈ മൂന്നു സംഭവങ്ങളേയും വിലയിരുത്താന്‍. രാജി മുതല്‍ രാജ്യസഭ വരെ നീണ്ടുകിടക്കുന്ന ഈ വിഷയങ്ങളുടെ പ്രതിഫലനങ്ങള്‍ ഏകധ്രുവ അധികാരകേന്ദ്രത്തിലേക്ക് ചുരുങ്ങുന്ന സി.പി.എമ്മില്‍ ഇനിയും എങ്ങനെ പ്രതിഫലിക്കുമെന്നത് കണ്ടറിയേണ്ടി വരും.
അതിനാല്‍, തെരഞ്ഞെടുപ്പില്‍ സി.പി.എം വിലയിരുത്തിയതുപോലെയുള്ള ഭരണത്തുടര്‍ച്ച കൈവന്നില്ലെങ്കില്‍ സ്വര്‍ണക്കടത്തില്‍ തുടങ്ങുന്ന വിവാദങ്ങളുടെ പട്ടികയിലെ അവസാന കണ്ണിയായ രാജ്യസഭാ സീറ്റിനും പലരും പാര്‍ട്ടി കമ്മിറ്റികള്‍ക്കുള്ളിലാണെങ്കിലും എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും. എന്നാല്‍, തെരഞ്ഞെടുപ്പു ഫലം അനുകൂലമാണെങ്കില്‍ അടുത്തിടെ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളന വേദികളിലെ ഒരു ചോദ്യവും അവയ്ക്കുള്ള ഉത്തരവുമായി മാത്രം ഈ വിവാദങ്ങളും ഒതുങ്ങും.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മന്ത്രിസഭയില്‍ ഏറ്റവും കൂടുതലായി കെ.ടി ജലീലിനെ വിശ്വസിച്ചിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബന്ധുനിയമന വിവാദത്തില്‍ ഏപ്രില്‍ ഒന്‍പതിന് മന്ത്രിയെ ആ സ്ഥാനത്തുനിന്നു നീക്കണമെന്ന് ലോകായുക്തയുടെ വിധി വന്നിട്ടും നിയമപരമായി മുന്നോട്ടുപോകാനുള്ള അനുമതി സി.പി.എം നല്‍കിയത് ഈ വിശ്വാസത്തിന്റെ മേലായിരുന്നു. എന്നാല്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായ ഈ നിലപാട് സി.പി.എമ്മിന് തിരുത്തേണ്ടി വന്നത് പാര്‍ട്ടിയില്‍ തന്നെ രണ്ടഭിപ്രായം രൂക്ഷമായതിനെ തുടര്‍ന്നാണ്. മന്ത്രി എ.കെ ബാലനും ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനുമൊക്കെ ജലീലിന് പച്ചക്കൊടി കാണിച്ചുവെങ്കിലും മറ്റൊരു പൊളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബി ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകള്‍ മറിച്ചായിരുന്നു. ഇതിന് മുഖ്യമന്ത്രിക്ക് ഒടുവില്‍ വഴങ്ങേണ്ടി വന്നത് പാര്‍ട്ടി ആഭ്യന്തര രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ ശക്തിപ്പെടുന്നതിന്റെ സൂചനയാണ്. മുഖ്യമന്ത്രി തന്റെ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നയാളായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. പാര്‍ട്ടിയുടെ വിശ്വാസം നേടാതെ വ്യക്തികളുടെ വിശ്വാസം നേടി ഭരണതലത്തില്‍ പദവിയും അംഗീകാരവും കിട്ടുന്നത് സി.പി.എം പോലുള്ള ഒരു പാര്‍ട്ടിക്ക് എത്രമാത്രം തിരിച്ചടിയുണ്ടാക്കുമെന്ന കാര്യം ശിവശങ്കറിന്റെ കാര്യത്തില്‍ നേരത്തെ കണ്ടതാണ്.
തന്നെ ഒഴിവാക്കി ആലപ്പുഴയില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ പിണറായിയുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലുള്ള പ്രതിഷേധമാണ് ജി. സുധാകരന്റെ ഒളിയമ്പുകളെന്ന് വ്യക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥിത്വം മുതലുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറനീക്കി പുറത്തു വന്നതിലൂടെ പാര്‍ട്ടിയിലെ പുതിയ ആഭ്യന്തര രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ ശക്തിപ്പെടുത്തുന്നതാണ് സുധാകരന്റെ വാക്കുകള്‍.
ഇരുപത് വര്‍ഷം മുന്‍പ് സി.പി.എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് തന്റെ ഇടതുവയസ് ഓര്‍മിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു രാജ്യസഭാ സീറ്റുമായി ബന്ധമൊന്നുമില്ലെങ്കിലും ജോണ്‍ ബ്രിട്ടാസിന്റെ രാജ്യസഭാ സീറ്റു സ്വാഭാവികമായും സി.പി.എമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ക്കിടയാക്കും. മാധ്യമരംഗത്തെ മികവാണ് ബ്രിട്ടാസിന് രാജ്യസഭാ അംഗത്വം കൊടുക്കുന്നതിനുള്ള കാരണമെന്നാണ് പാര്‍ട്ടി സെക്രട്ടറി എ. വിജയരാഘവന്‍ ചൂണ്ടിക്കാട്ടിയത്. പിണറായി വിജയന്‍ എന്ന സി.പി.എം നേതാവിനെ ഇന്നു കാണുന്ന വിധത്തിലുള്ള 'ജനകീയ' മുഖ്യമന്ത്രിയായി രൂപപ്പെടുത്തിയെടുത്തതിനു പിന്നില്‍ ബ്രിട്ടാസിന്റെ ബുദ്ധിവഹിച്ച പങ്കു ചെറുതല്ല.
രാഷ്ട്രീയശത്രുക്കള്‍ പറയുന്നതുപോലെ ബ്രിട്ടാസിന്റേതല്ലാത്ത വാക്കുകള്‍ അദ്ദേഹത്തില്‍നിന്ന് പുറത്തുകടന്നപ്പോഴുള്ള കുറവുകളാണ് ഇന്നും പിണറായിയുടെ നെഗറ്റീവുകളായി ആഘോഷിക്കപ്പെടുന്നത്. പാര്‍ട്ടിയിലെ പ്രമുഖരെ പിന്തള്ളി പിണറായിയുടെ മുഖം മിനുക്കിയ വിശ്വസ്തന് കിട്ടിയ ഈ പദവി സ്വഭാവികമായും സി.പി.എമ്മിന്റെ തുടര്‍രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. ഭരണത്തിലാണെങ്കിലും അല്ലെങ്കിലും കേരളത്തിലെ സി.പി.എം നേതൃത്വത്തിന് കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധത്തിന് ദൃഢതയാര്‍ന്ന ഒരു കണ്ണി ആവശ്യമാണ്. അതിന് പ്രത്യയശാസ്ത്ര പ്രതിബദ്ധതയ്ക്കപ്പുറം പ്രായോഗികതയുടെ ശാസ്ത്രമാണ് അഭികാമ്യം. അവിടെയാണ് ബ്രിട്ടാസിന്റെ എം.പി സ്ഥാനത്തിന്റെ പ്രസക്തിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."