HOME
DETAILS
MAL
കൂരയില്‍ നിന്ന് ഐ.ഐ.എമ്മിലേക്കുള്ള ദൂരം
backup
April 18 2021 | 03:04 AM
'ഒരുപക്ഷെ തലയ്ക്കു മുകളില്‍ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം, നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം, പക്ഷേ, ആകാശത്തോളം സ്വപ്‌നം കാണുക.... ഒരു നാള്‍ ആ സ്വപ്‌നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും ആ വിജയതീരത്തെത്താം'. ആകാശത്തോളം സ്വപ്‌നങ്ങള്‍ കണ്ട് അതിന്റെ ചിറകേറി വിജയതീരമണഞ്ഞ ഒരു യുവാവിന്റെ വാക്കുകളാണിത്. രഞ്ജിത് ആര്‍. പാണത്തൂര്‍ എന്ന രഞ്ജിത് രാമചന്ദ്രന്‍ പാണത്തൂരിന്റെ വാക്കുകള്‍.
കാസര്‍കോട് ജില്ലയിലെ പാണത്തൂര്‍ എന്ന മലയോരഗ്രാമത്തിലെ ഇടവഴികളിലൂടെ ചെത്തിത്തേക്കാത്ത, ഷീറ്റ് മേഞ്ഞ ഒറ്റമുറി വീടിന്റെ ഈറന്‍ മണവും പേറി ആ ചെറുപ്പക്കാരന്‍ നടന്നുകയറിയത് രാജ്യത്തെ ഏതൊരാളും കൊതിക്കുന്ന അറിവിന്റെ ഇടനാഴികകളിലേക്കാണ്. റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന മിന്നും കിനാവിലേക്ക്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം
ആദ്യം അംഗന്‍വാടി. പിന്നെ നാട്ടിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍. അത് കഴിഞ്ഞ് സര്‍ക്കാര്‍ ചെലവില്‍ ഹോസ്റ്റലില്‍. അന്നൊന്നും വീട്ടിലെ കഷ്ടപ്പാടുകളെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല കുഞ്ഞു രഞ്ജിത്തിന്. അതുകൊണ്ടു തന്നെ കുന്നോളം കിനാക്കള്‍ കണ്ടു. പഠിച്ചു പഠിച്ച് മാഷാവുന്നതായിരുന്നു അതിലെ ഏറ്റവും ചേലേറിയ കിനാവ്.
പ്ലസ് വണും പ്ലസ്ടുവും എത്തിയപ്പോഴാണ് അച്ഛനുമമ്മയുടേയും പ്രയാസങ്ങളറിഞ്ഞത്. പ്ലസ്ടു കഴിഞ്ഞ് എന്തെങ്കിലും ഒരു ചെറിയ കോഴ്‌സ് ചെയ്ത് ജോലിയില്‍ കയറാം എന്നായി പിന്നെ ചിന്ത. ഹയര്‍സെക്കണ്ടറിക്ക് തരക്കേടില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. എന്നാലും തുടര്‍പഠനം വേണ്ട. ചെറിയ കോഴ്‌സ് ചെയ്യാമെന്നു തന്നെയായിരുന്നു തീരുമാനം. അപ്പോഴാണ് പാണത്തൂര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റിയായി ജോലി കിട്ടിയത്. അതൊരു ഭാഗ്യമായി. രാത്രി സെക്യൂരിറ്റി പണി. പകല്‍ കോളജ്. രഞ്ജിത്തിന്റെ തന്നെ വാക്കുകളില്‍ 'അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു'.
എന്നെ ഞാനാക്കിയ സെന്റ് പയസ്
ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു രാജപുരം സെന്റ് പയസ് കാലം. അവിടുത്തെ അധ്യാപകരുടെ വല്ലാത്ത പിന്തുണയുണ്ടായിരുന്നു എനിക്ക്. എന്റെ അവസ്ഥയെ കുറിച്ച് ഏറെക്കുറേ ധാരണയുണ്ടായിരുന്നു പലര്‍ക്കും. എന്നെ വേദികളില്‍ സംസാരിക്കാന്‍ പഠിപ്പിച്ചതും പ്രതീക്ഷയുടെ ആകാശങ്ങള്‍ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതും സെന്റ് പയസായിരുന്നു.
ഐ.ഐ.ടിയിലേക്ക് ചിറകുവിരിച്ച
കേന്ദ്ര സര്‍വകലാശാല
കാസര്‍കോടിനു പുറത്തും ലോകമുണ്ടെന്ന് പഠിപ്പിച്ചത് കേരള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയാണ്. അവിടെ ചേര്‍ന്ന് പഠനം തുടങ്ങിയപ്പോള്‍ വലിയ ആഗ്രഹങ്ങളൊന്നും ഇല്ലായിരുന്നു. എം.എ ചെയ്യണം. നെറ്റ് എഴുതണം.
'ക്ലാസില്‍ വൈകിയെത്തുന്ന കുട്ടിയായിരുന്നു ഞാന്‍. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അറുപത് കിലോമീറ്റര്‍ താണ്ടി വേണമല്ലോ കോളജിലെത്താന്‍. എന്നാല്‍ ആര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു. എന്റെ വീടിനടുത്തുള്ള ഒരു കുട്ടി കൂടി അവിടെ പഠിക്കുന്നുണ്ടായിരുന്നു. അതിനിടക്ക് അവന്റെ അച്ഛന്‍ മരിച്ചു. ആ സമയത്ത് ഞങ്ങളുടെ ഫാക്കല്‍റ്റീസ് അവിടെ വന്നു. അന്നാണ് അവര്‍ എന്റെ സാഹചര്യം അറിഞ്ഞത്. പിന്നീട് അവരെന്നെ സ്‌നേഹിച്ചു തുടങ്ങി. ആരും എന്നോട് സിംപതി കാണിച്ചില്ല. ആ സ്‌നേഹമായിരുന്നു പിന്നീടങ്ങോട്ടുള്ള യാത്രയുടെ കരുത്ത്'.
കൂട്ടത്തില്‍ ശ്യാം സാറിനെ കുറിച്ച് വാചാലനാവുന്നു രഞ്ജിത്ത്. ഐ.ഐ.ടി എന്ന മായികലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയതും പി.എച്ച്.ഡി എന്ന വിദൂരതയില്‍ പോലുമില്ലാത്തൊരു കിനാവ് കാണിച്ചതും ശ്യാം സാറാണ്. ഐ.ഐ.ടിയില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഫസ്റ്റ് സെമ്മിന്റെ ഫീസ് ശ്യാം സാറാണ് അടച്ചതെന്നും രഞ്ജിത് മറക്കാതെ പറയുന്നു.
ദൈവത്തോളം കരുണ പെയ്ത ഒരാള്‍
എന്നെ സംബന്ധിച്ചിടത്തോളം ഒരു വിചിത്ര ലോകമായിരുന്നു ചെന്നൈ ഐ.ഐ.ടി. ആദ്യമായിട്ട് ആള്‍ക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി. അവിടെ പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്നു മനസ് പറഞ്ഞുകൊണ്ടേയിരുന്നു. മലയാളം മാത്രം അറിയുന്ന എനിക്ക് സംസാരിക്കാന്‍ പോലും ഭയമായിരുന്നു. ഒടുവില്‍ പി.എച്ച്.ഡി പാതിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ദൈവത്തിനെ പോലെ കരുണ പെയ്യുന്ന ആ മനുഷ്യന്‍ എനിക്ക് ചിറകായത്. എന്റെ ഗൈഡ്. ഡോ. സുഭാഷ്. അത്ര പെട്ടെന്ന് തോറ്റുകൊടുക്കാനുള്ളതല്ല എന്റെ ആ നാളുകളെന്ന് അദ്ദേഹമെന്നെ പഠിപ്പിച്ചു. പിന്മാറാനുള്ള തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെടുത്തി. തോല്‍ക്കുന്നു എന്ന് നിനച്ചിടത്തുനിന്ന് ഒന്നു പോരാടാന്‍ പറഞ്ഞു. അങ്ങനെ തോല്‍വിയെന്ന തോന്നലിനെ ജയിക്കണമെന്ന വാശിയിലേക്ക് നയിച്ചു ആ മനുഷ്യന്‍. വിത്തെറിഞ്ഞാല്‍ പൊന്നുവിളയുന്ന മണ്ണില്‍ വിദ്യ പാകിയാലും നൂറുമേനി കൊയ്യാനാകുമെന്ന് ഞാനും വിശ്വസിച്ചു തുടങ്ങി.
കൂടെനിന്നവര്‍, താങ്ങായവര്‍ അനവധി
മുന്നോട്ടു നീങ്ങാന്‍ ഒരു പിന്തുണ ആവശ്യമാണ് എല്ലാവര്‍ക്കും. ചെറുപ്പം മുതല്‍ തന്നെ പിന്തുണച്ചവര്‍ നിരവധിയാണ്. ഓരോ കാല്‍വയ്പ്പിലും ഉപദേശമായും കരുത്തായും കൂടെനിന്നവര്‍. പാതിവഴിയില്‍ ഇടറിവീഴാതെ കരുത്തായ അധ്യാപകര്‍. സുഹൃത്തുക്കള്‍. ഫെയ്‌സ്ബുക്കില്‍ വൈറലായ കുറിപ്പു പോലും സുഹൃത്തുക്കളുടെ നിര്‍ബന്ധമാണ്. ഐ.ഐ.ടിയില്‍ ഒരു ഗ്യാങ്ങുണ്ടായിരുന്നു ഞങ്ങള്‍ക്ക്. പൊലം ബോയ്‌സ്. അതിലെ കൂട്ടുകാരാണ് കുറിപ്പെഴുതാന്‍ നിര്‍ബന്ധിച്ചത്. തന്റെ ജീവിതം ആര്‍ക്കെങ്കിലും പ്രചോദനമായാല്‍ അതിലും വലിയൊരു ഭാഗ്യം ഇനി തേടിവരാനില്ല- രഞ്ജിത് പറയുന്നു. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമുണ്ട് ഈ ചെറുപ്പക്കാരന്. തന്നെപ്പോലെ സ്വപ്‌നം പാതിവഴിയില്‍ നിര്‍ത്തേണ്ടി വരുമോ എന്ന് ആശങ്കപ്പെടുന്നവര്‍ക്ക് താങ്ങാകണം.
പഠനകാലത്ത് വിവേചനത്തിന്റെ വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും രഞ്ജിത് പറയുന്നു. രോഹിത് വെമുലയേയും ഫാത്തിമ ലത്തീഫിനേയും പോലെ വിവേചനങ്ങളുടെ കാരമുള്ളുകൊണ്ടവരെ തനിക്കറിയാം. എന്നാല്‍ തനിക്കു ചുറ്റുമുള്ളവരൊക്കെ നല്ലവരായിരുന്നു. അധ്യാപകരും സുഹൃത്തുക്കളും എല്ലാം. തന്റെ പരിസ്ഥിതികളെ കുറിച്ച് എറെയാര്‍ക്കും അറിയുമായിരുന്നില്ലെന്നതും ഒരുപരിധിയോളം ഇതിന് കാരണമായിരുന്നിരിക്കാം.
നാലാം റാങ്കിലും കിട്ടാതെ പോയ നിയമനം
ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയിലെത്തിയതിന് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടൊരു വിവാദവും വന്നു. നാലാം റാങ്കുകാരനായിട്ടും കാലിക്കറ്റ് സര്‍വകലാശാല നിയമനത്തില്‍ രഞ്ജിത്തിനെ തഴഞ്ഞതാണ് വിവാദമായത്. തനിക്കു മുന്‍പുള്ള മൂന്നു പേര്‍ക്കും നിയമനമായി. എക്കണോമിക്‌സില്‍ നാല് ഒഴിവുണ്ടായിട്ടും നാലാമനായ തന്നെ ഒഴിവാക്കി. നന്നായി പെര്‍ഫോം ചെയ്തതിനാല്‍ ഇതിലും നല്ലൊരു റാങ്ക് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും രഞ്ജിത് പറയുന്നു. നാലാമത്തെ വേക്കന്‍സി ഇപ്പോഴും ഒഴിച്ചിട്ടിരിക്കുകയാണ്. അക്കാദമിക് സ്ഥാപനങ്ങളില്‍ ക്രമക്കേട് പാടില്ലെന്ന് പറയുന്ന രഞ്ജിത്, ഭാവി തലമുറ ഉദയം ചെയ്യുന്നത് അക്കാദമിക് സ്ഥാപനങ്ങളിലാണെന്നും ചൂണ്ടിക്കാട്ടുന്നു.
പഠനം മാത്രമല്ല
പഠനത്തില്‍ മാത്രമായിരുന്നില്ല മിടുക്ക്. അത്യാവശ്യം എഴുത്തും നാടകവുമുണ്ടായിരുന്നു. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് രഞ്ജിത്ത്.
കുടുംബം
തയ്യല്‍ തൊഴിലാളിയായ എ. രാമചന്ദ്രനാണ് പിതാവ്. അമ്മ ബേബി തൊഴിലുറപ്പിന് പോവുന്നു. അനുജത്തി രഞ്ജിത എം.എ, ബി.എഡ് കഴിഞ്ഞു. അനുജന്‍ രാഹുല്‍ ഹോട്ടല്‍ മാനേജ്മന്റ് കഴിഞ്ഞ് ഷെഫ് ആയി കോട്ടയത്ത് ഒരു റിസോര്‍ട്ടില്‍ ജോലിചെയ്യുന്നു.
അവര്‍ പൊള്ളിയ വെയില്‍
അവര്‍ നനഞ്ഞ മഴ
അച്ഛനും അമ്മയും. അവര്‍ പൊള്ളിയ വെയിലാണ് തന്റെ ജീവിതം. അവര്‍ നനഞ്ഞ മഴയാണീ നേട്ടങ്ങള്‍. ഈ സന്തോഷത്തിന് പിന്നില്‍ അവര്‍ വിശന്നു തീര്‍ത്ത ദിനരാത്രങ്ങളുണ്ട്. അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞുതന്നില്ല. അവര്‍ക്കതിനറിയില്ലായിരുന്നു. പറഞ്ഞുതരാന്‍ മറ്റാരും ഉണ്ടായിരുന്നുമില്ല. ഒഴുക്കില്‍പ്പെട്ട അവസ്ഥയായിരുന്നു. പക്ഷേ, നീന്തി ഞാന്‍ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു.
നാളെയെ കിനാവു കാണുന്നവരോട് രഞ്ജിത്തിന് പറയാനുള്ളത് ഇതാണ്. നല്ല സ്വപ്‌നങ്ങള്‍ കാണുക. അതിനായി പരിശ്രമിക്കുക. എല്ലാവര്‍ക്കും വിജയതീരമണയാം. കിനാവിലേക്ക് പറക്കുന്നതിനിടെ ചിറക് തളരുന്നോ എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്കെന്നെ വിളിക്കാം. ഞാനിവിടുണ്ടാവും. ആ വിളിക്ക് കാതോര്‍ത്ത്. ചേലേറുന്നൊരു ചിരിയില്‍ രഞ്ജിത് പറഞ്ഞുനിര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."