ബി.ജെ.പിയും എല്‍.ഡി.എഫും കോണ്‍ഗ്രസ്സിനെതിരേ അണിനിരക്കുന്നു; തമ്മിലടി നിര്‍ത്തണമെന്ന് എ.കെ ആന്റണി
കൊച്ചി: കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള തമ്മിലടി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവായ എ.കെ ആന്റണി. തമ്മിലടി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് വിട്ടുപോയവര്‍ തിരിച്ചുവരില്ല. കോണ്‍ഗ്രസ് മുക്ത ഇന്ത്യ ലക്ഷ്യമിടുന്ന ബി.ജെ.പിയും യു.ഡി.എഫ് ശിഥിലമാകാന്‍ ആഗ്രഹിക്കുന്ന സി.പി.എമ്മും ഒരുമിച്ചു കോണ്‍ഗ്രസ്സിനെതിരേ അണിനിരക്കുകയാണ്. ഈ അപകടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് എ.കെ ആന്റണി പറഞ്ഞു. കെ.പി.സി.സി സംഘടിപ്പിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിന്റെ ജനകീയ അടിത്തറ തകര്‍ന്നു. ഇത് കാണിക്കുന്നത് പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്നാണ്. എന്നാല്‍, കോണ്‍ഗ്രസ്സിലേക്ക് ഇപ്പോള്‍ യുവാക്കള്‍ കടന്നുവരുന്നില്ല. യുവരക്തത്തിന് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. പോയവരെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരണം. എന്നാല്‍, തമ്മില്‍ത്തല്ല് തുടര്‍ന്നാല്‍ ഇത് നടക്കില്ല. പാര്‍ട്ടിക്ക് യുവത്വം തിരിച്ചുകിട്ടണമെങ്കില്‍ നേതാക്കള്‍ ശ്രമിക്കണം. ഗ്രൂപ്പ് ഫോട്ടോയെടുത്തത് കൊണ്ടോ സെല്‍ഫിയെടുത്തത് കൊണ്ടോ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. ഐക്യത്തിനായി നേതാക്കന്മാര് ശ്രമിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ലെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."