HOME
DETAILS
MAL
ആകാശ വാതിലിനപ്പുറം
backup
April 18 2021 | 04:04 AM
ആരോ പറത്തിവിട്ട
ചുവന്ന പട്ടത്തിലെ
വരണ്ട രണ്ടു കണ്ണുകള്‍
ആകാശ ചതുരത്തിലെ
പടിഞ്ഞാറേ കോണിലെ
ജനലഴികളില്‍ മുഖം ചേര്‍ത്ത്
ഉള്ളിലേക്ക് ചിക്കി നോക്കുന്നു.
സ്വര്‍ഗ്ഗമെവിടെ
നരകമെവിടെ
എന്നറിയാതെ
കാറ്റിന്‍ കിതപ്പിലെ
വാള്‍ത്തല മുനമ്പുകൊണ്ട്
ഉള്ള് പൊള്ളിപ്പിടയുന്നു.
കാലം തെറ്റിയ
മഴമേഘപ്പടര്‍പ്പുകള്‍
പട്ടത്തിന്‍ ശിരസ്സില്‍
ഓര്‍മ വറ്റിയ മഞ്ഞിന്‍
തൂവല്‍ക്കിരീടം ചാര്‍ത്തുന്നു.
സ്വര്‍ഗ്ഗ നരക വീഥിയിലേക്കൊരു
അദൃശ്യ നൂലേണിയില്‍ കയറി
പട്ടം അപ്രത്യക്ഷമായിരിക്കുന്നു.
താഴെ, ഭൂമിയില്‍
കബന്ധമില്ലാ ചരടിന്‍ ചുവട്ടില്‍
ഒരനാഥ ബാല്യം
ഒരുകഷ്ണം റൊട്ടിക്കായി
പാതാളയാഴത്തിലേക്കുള്ള റോഡില്‍
എന്നോ യാത്ര നിലച്ചുപോയ
ഏതോയൊരു ബസിനായി
കാത്തുനില്‍ക്കുന്നു.
അന്നും, ഇന്നും, എന്നും
സ്വര്‍ഗ്ഗവും നരകവും
ആകാശ വാതിലിനപ്പുറം
മുകളില്‍ത്തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."