ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു; പ്രതിഷേധം ശക്തമായി തുടരുന്നു
കൊളംബോ: പ്രതിഷേധങ്ങള്‍ക്കു പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടതിനെ തുതര്‍ന്ന് ഈ മാസം ഒന്നിനായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രസിഡന്റിന്റെ നീക്കം. 42 ഭരണപക്ഷ എംപിമാര്‍ സ്വതന്ത്രനിലപാട് സ്വീകരിച്ചതോടെ രാജപക്‌സെ ഭരണകൂടത്തിന് കഴിഞ്ഞദിവസം ഭൂരിപക്ഷം നഷ്ടമായിരുന്നു. കേവല ഭൂരിപക്ഷത്തിനുവേണ്ട 113 അംഗങ്ങളുടെ പിന്തുണ നിലവില്‍ സര്‍ക്കാറിനില്ല. തിങ്കളാഴ്ച അധികാരമേറ്റ ധനമന്ത്രി അലി സബ്രി 24 മണിക്കൂര്‍ തികയും മുമ്പേയാണ് രാജിവെച്ചത്. ഇതും രാജപക്‌സെ സര്‍ക്കാറിന് വന്‍ തിരിച്ചടിയായി. ഗോതബായ രാജ്പക്‌സെയുടെ സഹോദരന്‍ ബസില്‍ രാജപക്‌സയെ മാറ്റിയാണ് അലി സബ്രിയെ ധനമന്ത്രിയായി നിയമിച്ചത്.
മുന്‍ പ്രസിഡന്റ് മൈത്രപാല സിരിസേനയുടെ എസ്.എല്‍.എഫ്്.പിയുടെ 15അംഗങ്ങളും ദേശീയ സര്‍ക്കാറില്‍ നിന്ന് വിട്ടു നിന്നവരില്‍ ഉള്‍പെടും. സിലോണ്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു.
അതിനിടെ രാജ്യമെങ്ങും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുകയാണ്. പാര്‍ലമെന്റിന് സമീപത്തും വിജെരമ റോഡിലുള്ള പ്രധാനമന്ത്രിയുടെ വീടിന് മുന്നിലും വന്‍ പ്രതിഷേധം നടന്നു. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വീട്ടിലേക്കുള്ള കൂറ്റന്‍ റാലി.
ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന പട്ടണങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ രാജ്യത്തെ പ്രതിസന്ധിയെ പറ്റി ഇന്നും നാളെയും പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി എസ്.എല്‍.പി.പി പാര്‍ട്ടി എംപി പ്രസന്ന രണതുംഗെ പറഞ്ഞു.
ഭക്ഷണം, ഇന്ധനം, മരുന്ന്, വൈദ്യുതി എന്നീ അവശ്യവസ്തുക്കളുടെയെല്ലാം കടുത്ത ദൗര്‍ലഭ്യത്തില്‍ വലയുന്ന രാജ്യത്ത് പ്രശ്‌നപരിഹാരമായി ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്‌തെങ്കിലും പ്രതിപക്ഷം അത് നിരസിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."