പ്രതി അമീര്‍ തന്നെയാണോ? ജിഷ മരിക്കുന്ന ദിവസം അമീര്‍ നാട്ടിലായിരുന്നുവോ ? അമീറിനെ ജയിലില്‍ പോയി കണ്ട അമ്പിളി ഓമനക്കുട്ടന്റെ വെളിപ്പെടുത്തലുകള്‍ വീണ്ടും ചര്‍ച്ചകളിലേക്ക്
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലെ പൊരുത്തക്കേടുകള്‍ വീണ്ടും കോടതിയുടെ മുന്നിലേക്കെത്തുന്നു. ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരും ചേര്‍ന്നു നടത്തുന്ന നീക്കങ്ങള്‍ക്കൊടുവിലാണ് അഞ്ച് വര്‍ഷം മുന്‍പ് നടന്ന കൊലപാതകക്കേസില്‍ പൊലിസ് അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ വീണ്ടും കോടതിക്കുമുന്നിലെത്തുന്നത്.
കേസില്‍ പൊലിസ് നിരപരാധിയെ പ്രതിയാക്കുകയായിരുന്നു എന്ന വാദം ശക്തമാണ്. 2016 ഏപ്രില്‍ 28ന് പട്ടാപ്പകലാണ് പുറംപോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ മൃഗീയമായി കൊല്ലപ്പെട്ടത്. ജിഷ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും ആക്ടിവിസ്റ്റുമായ അമ്പിളി ഓമനക്കുട്ടന്‍, കേസില്‍ വധശിക്ഷ വിധിച്ച അസം സ്വദേശി അമീറിനെ വിയ്യൂര്‍ ജയിലില്‍ പോയി കണ്ടതിനുശേഷം നടത്തിയ വെളിപ്പെടുത്തലുകളാണ് കേസ് അന്വേഷണത്തിലെ പൊരുത്തക്കേടുകള്‍ വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്.
കേസിന്റെ പുനരന്വേഷണം സംബന്ധിച്ച് നിയമവിദഗ്ധരുടെ ഉപദേശം തേടിയതായി അമ്പിളി ഓമനക്കുട്ടന്‍ സുപ്രഭാതത്തോട് പറഞ്ഞു. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അമീര്‍ യഥാര്‍ഥ കുറ്റവാളിയാണോ എന്ന് ആദ്യം മുതല്‍ സംശയം ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ആക്ഷന്‍ കൗണ്‍സില്‍ കിട്ടാവുന്നത്ര വിവരങ്ങളും ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പുനരന്വേഷണം ആവശ്യപ്പെടുന്നതെന്നും സി.ബി.ഐ അന്വേഷണമായിരിക്കും ആവശ്യപ്പെടുകയെന്നും അമ്പിളി പറഞ്ഞു. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതി അമീറുമായി ആറുമണിക്കൂറോളം സംസാരിച്ച് ചിലകാര്യങ്ങളില്‍ കൃത്യത വരുത്തിയിട്ടുണ്ട്. ജിഷ മരിക്കുന്ന ദിവസം അമീര്‍ നാട്ടിലേക്ക് പോയിരുന്നു. മാതാവിന് സുഖമില്ലെന്ന് ഫോണ്‍വന്നതിനെ തുടര്‍ന്നായിരുന്നു നാട്ടിലേക്ക് പോയത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ ഫോണില്‍ വിളിച്ചുപറഞ്ഞതനുസരിച്ച് തിരിച്ചെത്തിയപ്പോള്‍ മൂന്ന് തവണ ആലുവ പൊലിസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പക്ഷേ ഈ ദൃശ്യങ്ങളൊന്നും സ്റ്റേഷനിലെ സി.സി.ടി.വിയില്‍ പിന്നീട് ലഭ്യമായില്ല. നാട്ടിലേക്ക് രക്ഷപെട്ട ഒരു കൊലക്കേസ് പ്രതി പിടികൊടുക്കാന്‍ വീണ്ടും തിരിച്ചെത്തുമോ എന്ന് അമ്പിളി ചോദിക്കുന്നു. താന്‍ അമീറുമായി സംസാരിച്ചതിനുശേഷം ഫേസ് ബുക്കില്‍ കുറിച്ച വരികള്‍ പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. എന്തൊക്കെ രേഖകള്‍ കൈവശമുണ്ടെന്ന് അന്വേഷിച്ച് പലരും വിളിക്കുന്നുണ്ടെന്നും അമ്പിളി പറഞ്ഞു.
അമീറുമായി മലയാളത്തിലാണ് ജയിലില്‍വച്ച് ആശയവിനിമയം നടത്തിയത്. താന്‍ പറയുന്നത് മനസിലാക്കുകയും തിരിച്ച് വ്യക്തതയോടെ മറുപടി പറയുകയുമുണ്ടായി. അതേസമയം പൊലിസ് ആദ്യഘട്ടത്തില്‍ അമീറിന് മലയാളം അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അസമീസ് ഭാഷ വിവര്‍ത്തനം ചെയ്യാന്‍ ദ്വിഭാഷിയെയും ഏര്‍പ്പെടുത്തിയിരുന്നതായും പൊലിസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ദ്വിഭാഷിയെ ഒരുഘട്ടത്തില്‍പോലും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും താന്‍ മലയാളത്തില്‍തന്നെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നതെന്നും അമീര്‍ പറഞ്ഞതായി അമ്പിളി വ്യക്തമാക്കി. കഞ്ചാവ് കേസില്‍ കുരുക്കിയാണ് തന്നെ കോയമ്പത്തൂരില്‍ നിന്ന് ആലുവയിലെത്തിച്ചതെന്നും കുറ്റം സമ്മതിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ ക്രൂരമായി മര്‍ദിച്ചെന്നും അമീര്‍ പറഞ്ഞതായും അമ്പിളി പറഞ്ഞു. യഥാര്‍ഥ പ്രതി ശിക്ഷിക്കപ്പെടണമെന്നും അതിനുള്ള പോരാട്ടമാണ് ഇനിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെടുന്നത്.
പൊലിസ് മാസങ്ങളോളം നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഈ കേസില്‍ പ്രതിയെന്ന് കണ്ടെത്തിയ അമീറിനെ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റുചെയ്തത്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വിധിക്കുകയും ചെയ്തു. അന്നുതന്നെ അന്വേഷണത്തിലെ പോരായ്മകളും പൊലിസ് ഹാജരാക്കിയ തെളിവുകളും മാധ്യമങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."