ഉക്രൈനിൽ കണ്ണീർക്കാഴ്ച കുഞ്ഞുമേനിയിൽ കുടുംബവിവരം എഴുതി മാതാപിതാക്കൾ ; തങ്ങൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടാൽ കുഞ്ഞുങ്ങളെ ബന്ധുക്കൾക്ക് തിരിച്ചറിയാൻ
കഴിയണം
കീവ്
റഷ്യൻ അധിനിവേശം തകർത്ത ഉക്രൈനിലെ കുടുംബങ്ങളുടെ ഭീകരവും കരളലിയിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത്. ബോംബ് ആക്രമണത്തിൽ തങ്ങളുടെ ജീവൻ നഷ്ടമായാൽ സ്വന്തം കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ ശരീരത്തിൽ മാതാപിതാക്കൾ പേരും മേൽവിലാസവും എഴുതിവയ്ക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റഷ്യൻ ആക്രമണത്തിൽ ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയുള്ളതിനാൽ കൊല്ലപ്പെട്ട ശേഷം മക്കളെ ബന്ധുക്കൾക്കും മറ്റും തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്യുന്നത്.
''തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിനെ അതിജീവിതയായി സ്വീകരിക്കാൻ ആരെങ്കിലും തയാറാകണം''- പുറത്ത് കുടുംബവിവരം എഴുതിയ കുഞ്ഞിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഉക്രൈൻ വീട്ടമ്മ കുറിച്ചു. കുട്ടിയുടെ ജനന തീയതി, കുടുംബാംഗത്തിന്റെ മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് പ്രാദേശിക ഭാഷയിൽ കുഞ്ഞിന്റെ ശരീരത്തിൽ എഴുതിവച്ചത്. എഴുത്ത് വ്യക്തമാവാനായി കുഞ്ഞിന്റെ ഷർട്ട് അഴിച്ചുള്ള ചിത്രമാണ് മാതാവ് സാഷ മകോവി ട്വീറ്റ് ചെയ്തത്.
യുദ്ധത്തിന്റെ നിസഹായതയും ഭീകരതയും അടിവരയിടുന്ന ഈ ചിത്രം മനുഷ്യാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരും പങ്കുവച്ചിട്ടുണ്ട്. യൂറോപ്പ് ഇപ്പോഴും ഇന്ധനത്തെ കുറിച്ച് മാത്രമാണ് ചർച്ച ചെയ്യുന്നതെന്ന് പറഞ്ഞാണ് സ്വതന്ത്ര മാധ്യമ പ്രവർത്തകൻ അനസ്താസീയ ലപാറ്റിന ചിത്രം പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."