ഉയർന്ന കരമാണ് ഉത്തമം
എം.കെ കൊടശ്ശേരി
തൃശൂർ ജില്ലയിലെ ഒരിടത്തരം ടൗണിലാണ് സംഭവം. ഒരു സ്ഥാപനത്തിന്റെ പിരിവിനായി മധ്യവയസ്‌കനെ സമീപിച്ചതാണ് ഞങ്ങൾ. സമീപിച്ചതും അദ്ദേഹം പൊട്ടിത്തെറിച്ചു. എവിടെയും ഒരു സ്വൈരവുമില്ല. വീട്ടിലും കടയിലും പള്ളിയിലും എല്ലാം തന്നെ... അദ്ദേഹത്തിന്റെ ക്ഷോഭം തിളച്ചുമറിയുന്നതിനിടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു: 'മനുഷ്യന് രണ്ട് അവസ്ഥയാണുള്ളത്. യാചിക്കുന്ന അവസ്ഥയും യാചിക്കപ്പെടുന്ന അവസ്ഥയും. ഇപ്പോൾ രണ്ടാമത്തെ അവസ്ഥയിലാണ് താങ്കളുള്ളത്. വിശുദ്ധ ഖുർആനിൽ ഒരു ചെറിയ അധ്യായം കാണാം. അല്ലാഹു തിരുനബി (സ)ക്ക് ചെയ്തുകൊടുത്ത ചില അനുഗ്രഹങ്ങൾ പറഞ്ഞ ശേഷം ഇങ്ങനെയാണ് അധ്യായം അവസാനിക്കുന്നത്; അതിനാൽ താങ്കൾ അനാഥകളെ ഒതുക്കരുത്, യാചകരെ ആട്ടിപ്പായിക്കുകയും ചെയ്യരുത്'. ഇതുകേട്ട അദ്ദേഹം എന്നെ കെട്ടിപ്പുണർന്നു. മാത്രമല്ല, പിന്നീട് ഞങ്ങളോടൊപ്പം പിരിവുകാരനായി ചേർന്നു.
മറ്റൊരു അനുഭവംകൂടി പറയാം. അനാഥ പെൺകുട്ടിയുടെ വാവാഹ ആവശ്യവുമായി മഹല്ലിലെ ഒരു വ്യക്തിയെ സമീപിച്ചതാണ് പള്ളിയിലെ ഖത്വീബ് കൂടിയായ ഞാൻ. അൽപം മടിയോടുകൂടിയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. 'നിങ്ങൾ പറയാൻ മടിക്കേണ്ടതില്ല, ഞാൻ എന്റെ ജീവിതത്തിൽ സന്തോഷിക്കുന്നത് ഇങ്ങനെ വല്ലതും ചെയ്യാൻ അവസരം ലഭിക്കുമ്പോൾ മാത്രമാണ്...'
റമദാൻ കാലത്ത് കേരളത്തിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾനടത്തുന്നവരുണ്ട്. ഒറ്റയ്ക്കായും കൂട്ടമായും നടത്തുന്ന ഇത്തരം സംരംഭങ്ങൾ ഏറെ മഹത്തരം തന്നെയാണ്. ദാനധർമം വിശ്വാസത്തിന്റെ മാറ്റുകൂട്ടുന്നതും മാനസിക ഉല്ലാസം നൽകുന്നതുമാണ്.
അല്ലാഹു പറയുന്നു: രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചുകൊണ്ടിരിക്കുന്നവർക്ക് അവരുടെ രക്ഷിതാവിന്റെ പക്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല' (ഖുർആൻ 2:274).
അബ്ദുല്ലാഹ് ഇബ്‌നു ഉമറി (റ)ൽനിന്നു നിവേദനം. തിരുദൂതർ പറഞ്ഞു: 'രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാൾ, അല്ലാഹു അയാൾക്ക് ഖുർആൻ നൽകി. അതുകൊണ്ട് അയാൾ രാപ്പകലുകളിൽ പാരായണം ചെയ്യുന്നു. മറ്റൊരാൾ, അയാൾക്ക് അല്ലാഹു സമ്പത്ത് നൽകി. അയാളാകട്ടെ രാപ്പകലുകളിൽ അതുകൊണ്ട് ദാനം ചെയ്യുന്നു' (ബുഖാരി). വിജയോന്നതിയിലേക്ക് മനുഷ്യനെ ഉയർത്തുന്നതാണ് ദാനശീലം. തിരു നബി(സ) പറഞ്ഞു: 'മനുഷ്യാ, നീ നിന്റെ ആവശ്യം കഴിച്ച് ബാക്കിയുള്ളവ ദാനം ചെയ്യുന്നത് ഗുണകരമാണ്. അതു പിടിച്ചുവയ്ക്കുന്നതാവട്ടെ ദോഷകരവും. അത്യാവശ്യമുണ്ടെങ്കിൽ നീ അക്കാര്യത്തിൽ ആക്ഷേപാർഹനല്ല. നീ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരാരോ, അവരിൽനിന്ന് ദാനധർമം ആരംഭിക്കുക. താഴ്ന്ന കരത്തേക്കാൾ ഉയർന്ന കരമാണ് ഉത്തമം'(മുസ് ലിം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."