ഇതരജാതിക്കാരെ വിവാഹം ചെയ്താൽ സംവരണാനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി
സംവരണാനുകൂല്യമുള്ള വ്യക്തി ഇതര ജാതിക്കാരനെ/രിയെ വിവാഹം ചെയ്താൽ ആനുകൂല്യങ്ങളിൽനിന്നും പുറത്താകുന്നില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട യുവതി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഹരജിക്കാരി 2005ല്‍ റോമന്‍ കത്തോലിക്കാ സമുദായത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തിരുന്നു. ഇതിനിടെ, എല്‍.പി സ്‌കൂള്‍ അധ്യാപിക തസ്തികയിൽ പി.എസ്.സി വഴി നിയമനം നേടുകയും ചെയ്തു. തുടർന്ന് ഹരജിക്കാരി ജാതിസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചെങ്കിലും റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ടയാളെയാണ് വിവാഹം ചെയ്തതെന്നും അതിനാല്‍ ലത്തീന്‍ കത്തോലിക്ക പദവിക്ക് അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരേയാണ് ഹരജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് പ്രകാരം, ഹരജിക്കാരി ക്രിസ്ത്യന്‍ ലത്തീൻ കത്തോലിക്കാ സമുദായത്തില്‍ പെട്ടയാളാണെന്ന് വ്യക്തമാണെന്നു ചൂണ്ടിക്കാട്ടി.
ഹരജിക്കാരിക്ക് ക്രിസ്ത്യന്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ടയാളാണെന്നുകാണിച്ച് ജാതിസര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കകം നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ താല്‍ക്കാലികമായി നല്‍കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫിസര്‍ക്കും നേരത്തെ ഇടക്കാല ഉത്തരവിലൂടെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."