HOME
DETAILS

അടിത്തറ പൊളിക്കുന്ന രാഷ്ട്രീയം

  
backup
April 18 2021 | 23:04 PM

645361351-2021-april


ഒരു സാധാരണ മനുഷ്യന്റെ പ്രതീക്ഷകളെ അപ്പാടെ തല്ലിത്തകര്‍ത്താണ് കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്തിലെ ഇട്ടമ്മല്‍ ചാലിയം നയില്‍ പ്രദേശത്ത് വി.എം റസാഖിന്റെ വീടിന്റെ തറ ഒരുപറ്റം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയത്. പതിവുപോലെ അവിടെ ഡി.വൈ.എഫ്.ഐ കൊടിനാട്ടുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാന്‍ വൈകിയതിലുള്ള അരിശമാണത്രേ ഈ കടുംകൈ ചെയ്യാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. നേരത്തെ പല സ്ഥാപനങ്ങള്‍ക്കെതിരേയും ഫാക്ടറികള്‍ക്കെതിരേയും ഇത്തരത്തിലുള്ള പരാക്രമങ്ങള്‍ നടത്തി അവരെ കെട്ടുകെട്ടിച്ച മുന്‍പരിചയവും കൈത്തഴക്കവുമായിരിക്കണം സാധാരണ മനുഷ്യന്റെ വീട് എന്ന പ്രതീക്ഷയുടെ അടിത്തറ തന്നെ തകര്‍ക്കാന്‍ ഡി.വൈ.എഫ്.ഐക്ക് പ്രചോദനമായിട്ടുണ്ടാകുക.


അജാനൂര്‍ പഞ്ചായത്ത് സി.പി.എമ്മാണ് ഭരിക്കുന്നത്. വീട് പണിയുന്ന കാര്യം വാര്‍ഡ് മെംബറെ നേരത്തെ റസാഖ് അറിയിച്ചതാണ്. പഞ്ചായത്തിന്റെ അനുമതിയോടെയാണ് വീടുപണി തുടങ്ങിയതും. വീട് നിര്‍മിക്കാന്‍ ഫെബ്രുവരി അഞ്ചിന് പഞ്ചായത്ത് നല്‍കിയ അനുമതിപത്രം റസാഖിന്റെ കൈവശമുണ്ട്. ഇതുണ്ടായിട്ടാണ് വയലില്‍ വീട് പണിയുന്നുവെന്ന ആരോപണത്തോടെ തറ പൊളിച്ചതും കൊടിനാട്ടിയതും. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ വിശദീകരണവും ഇതു തന്നെയായിരുന്നു. എങ്കില്‍, വയലുകളില്‍ നിര്‍മിച്ച സി.പി.എം ഓഫിസുകളൊക്കെ എന്നോ പൊളിച്ചുമാറ്റേണ്ടതായിരുന്നില്ലേ? ഇവിടെയാകട്ടെ റസാഖിനു വീട് പണിയുന്നതിന് തടസമില്ലെന്നുകാണിച്ച് സി.പി.എം ഭരിക്കുന്ന പഞ്ചായത്തുതന്നെയാണ് അനുമതി നല്‍കിയിരിക്കുന്നതും. തറ പൊളിച്ചത് ഡി.വൈ.എഫ്.ഐ അല്ലെന്നാണ് നേതാവിന്റെ വിശദീകരണം. എങ്കില്‍ പിന്നെ ആരായിരിക്കും പൊളിക്കപ്പെട്ട തറയില്‍ ഡി.വൈ.എഫ്.ഐ കൊടിനാട്ടിയിട്ടുണ്ടാവുക?


വീട് പണിയുന്ന സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താത്തതിനാലും റസാഖിന് ഈ വീട് പണിയുന്ന പത്ത് സെന്റ് സ്ഥലം മാത്രമേ ഉള്ളൂ എന്നതിനാലുമാണ് വീട് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് സി.പി.എം നേതാവും അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വ്യക്തി വെളിപ്പെടുത്തിയതാണ്. ഡി.വൈ.എഫ്.ഐക്കാര്‍ ഈ തരത്തിലുള്ള പരാതി ഉന്നയിച്ച സ്ഥിതിക്ക് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും വൈസ് പ്രസിഡന്റ് പറയുമ്പോള്‍ റസാഖിന്റെ വീട് പണി പാര്‍ട്ടി താല്‍പര്യത്താല്‍ മുടങ്ങാനാണ് സാധ്യത. വീടിന്റെ തറ പൊളിച്ച് കൊടിനാട്ടിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ട് ഡി.വൈ.എഫ്.ഐക്കാര്‍ക്കെതിരേ ഹോസ്ദുര്‍ഗ് പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും, ഉറപ്പാണ് ഇടതുമുന്നണി സര്‍ക്കാരെങ്കില്‍, കേസിന്റെ ഉറപ്പ് കണ്ടറിയേണ്ടി വരും.


സാധാരണ നിലയില്‍ കേരളത്തില്‍ ചെറുകിട വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ കെട്ടിടം പണിതീരുന്നതിന് മുന്‍പുതന്നെ അവിടെ കൊടിനാട്ടി നാടുകടത്തുന്ന ശൈലിയായിരുന്നു സി.പി.എം അനുകൂല തൊഴിലാളി സംഘടനകള്‍ അനുഷ്ഠിച്ചുപോന്നിരുന്നത്. വ്യാപാരികള്‍ ലോറികളില്‍നിന്നു ചുമട് ഇറക്കുന്നത് വഴിയരികില്‍നിന്നു നോക്കിരസിക്കുന്നതും പിന്നീട് അതു നോക്കിനിന്നതിന്റെ കൂലി വാങ്ങിക്കൊണ്ടിരിക്കുന്നതും ഇപ്പോഴും പല ചുമട്ടുതൊഴിലാളി യൂനിയനുകളുടെയും നടപ്പുരീതിയാണ്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്ന കേരളത്തിലെ പ്രമുഖ വ്യവസായി അദ്ദേഹത്തിന്റെ സ്ഥാപനത്തിലേക്കുവന്ന ചരക്ക് സ്വയംചുമന്ന് ലോറിയില്‍നിന്ന് ഇറക്കിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.


തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയിടെ പറഞ്ഞത്, കേരളത്തില്‍ ഒരു വ്യവസായ സംരംഭവും തുടങ്ങാന്‍ പറ്റുകയില്ലെന്ന ധാരണ ഈ സര്‍ക്കാര്‍ മാറ്റിയെടുത്തുവെന്നും കേരളം മാറിയിട്ടുണ്ടെന്നുമായിരുന്നു. കേരളം മാറിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞതു ശരിയായിരിക്കാം. പക്ഷേ, ഡി.വൈ.എഫ്.ഐ മാറിയിട്ടില്ല. വ്യവസായികളെ ഒഴിവാക്കി, തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തുക തരാത്ത സാധാരണക്കാരന്റെ വീടിന്റെ തറ പൊളിക്കുകയെന്ന തലത്തിലേക്ക് പ്രവര്‍ത്തനം കാലത്തിനൊത്ത് അവര്‍ പരിഷ്‌കരിച്ചിരിക്കുന്നു. കാഞ്ഞങ്ങാട്ടെ സംഭവത്തില്‍നിന്നും ഇതാണ് മനസിലാകുന്നത്.


വ്യാവസായിക വിപ്ലവത്തിന്റെ ഉല്‍പന്നമാണ് ട്രേഡ് യൂനിയനുകള്‍. വ്യാവസായിക വിപ്ലവത്തിനു തുടക്കം കുറിച്ച ഇംഗ്ലണ്ടിലാണ് പുതിയ കാലത്തെ തൊഴിലാളി സംഘടനകള്‍ രൂപംകൊണ്ടത്. പല രാജ്യങ്ങളിലും പല രീതിയിലാണ് തൊഴിലാളി സംഘടനകള്‍ ഉണ്ടായത്. ഇന്ത്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഘടനകള്‍ ഏറെയും ജന്മമെടുത്തത്. ഭൂവുടമകളുടേയും വ്യവസായ കുത്തകകളുടേയും തൊഴിലാളി ചൂഷണങ്ങള്‍ക്കെതിരേ ശബ്ദിക്കാന്‍ ഇത്തരം തൊഴിലാളി സംഘടനകള്‍ അനിവാര്യമായിരുന്നു. കേരളത്തില്‍ കര്‍ഷകത്തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും ഭൂവുടമകളുടേയും കുത്തക മുതലാളിമാരുടേയും ചൂഷണങ്ങള്‍ക്ക് വിധേരായിക്കൊണ്ടിരിക്കുന്ന ഒരു കാലവുംകൂടിയായിരുന്നു അത്.

സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവീന്‍ എന്ന പാട്ട് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഈണത്തില്‍ പാടിയതിനാല്‍ ട്രേഡ് യൂനിയനുകള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ രൂപപ്പെടുത്തിയെടുക്കാന്‍ അവര്‍ക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. പോകെപ്പോകെ അവകാശങ്ങള്‍ക്കായി പോരാടുന്നതിനപ്പുറം നോക്കുകൂലി പോലുള്ള അനാവശ്യങ്ങള്‍ക്കും അനുവദിക്കാനാകാത്ത ആവശ്യങ്ങള്‍ക്കുമായി സി.ഐ.ടി.യു പോലുള്ള സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂനിയനുകള്‍ പാടത്തും പറമ്പിലും വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും കൊടിപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിലെ നെല്‍കൃഷി നാമമാത്രമായി. വ്യവസായങ്ങള്‍ തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കു പറിച്ചുനടാന്‍ തുടങ്ങി. സമരം ചെയ്യാന്‍ ഫാക്ടറികളും നെല്‍പ്പാടങ്ങളും ഇല്ലാതായി. ശീലിച്ചുപോന്നതിനാല്‍ പഴയ സമരമുറ മാത്രം ഇല്ലാതായില്ല.


അതിനാലായിരിക്കുല്ലോ സാധാരണക്കാരന്റെ നേര്‍ക്കും ചെറുകിട വ്യപാര, വ്യവസായ സ്ഥാപനങ്ങള്‍ക്കുനേരെയും ഇപ്പോഴും അത്തരം സമരമുറകള്‍ ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പോലുള്ള യുവജന, ട്രേഡ് യൂനിയന്‍ സംഘടനകള്‍ തുടര്‍ന്നുപോരുന്നത്. അതിന്റെ ദുരന്തങ്ങളാണ് സാധാരണക്കാര്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതും. ചൂഷണത്തില്‍നിന്നു സാധാരണ തൊഴിലാളിക്ക് നീതികിട്ടാന്‍ ജന്മംകൊണ്ട നല്ല ഒരാശയമായിരുന്നു ട്രേഡ് യൂനിയനുകള്‍.

എന്നാല്‍, ആശയങ്ങള്‍ക്ക് വ്യവസ്ഥാപിത രൂപമുണ്ടാകുകയും അവ സ്ഥാപനങ്ങളായി മാറുകയും ചെയ്തതാണ് തൊഴിലാളി സംഘടനകള്‍ കേരളീയ പൊതുമണ്ഡലങ്ങളില്‍നിന്നും അകറ്റപ്പെടാനുണ്ടായ കാരണം. സംഘടനകള്‍ സ്ഥാപനങ്ങളായി മാറുമ്പോഴുണ്ടാകുന്ന ജീര്‍ണതകളാണ് കേരളത്തിലെ ട്രേഡ് യൂനിയനുകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ ജീര്‍ണതയാണ് തൊട്ടതിനും പിടിച്ചതിനുമൊക്കെ സംഭാവനയ്ക്കായി ധാര്‍ഷ്ട്യത്തിന്റെ ഭാഷയുമായി സാധാരണക്കാരന്റെ നെഞ്ചത്ത് കയറാന്‍ ഈ സംഘടനകള്‍ക്കൊക്കെ ധൈര്യം കിട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  19 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  25 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  4 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago