വനിതാ എന്‍ജിനിയറുടെ കാല്‍ ട്രെയിനിന്റെ ക്ലോസറ്റില്‍ കുടുങ്ങി
കൊല്ലം: വനിതാ എന്‍ജിനിയറുടെ കാല്‍ ട്രെയിനിന്റെ ക്ലോസറ്റില്‍ കുടുങ്ങി. പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊട്ടാരക്കര കെ.എസ്.റ്റി.പി ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ വര്‍ക്കല എസ്.പി.പുരം ദേവകിയില്‍ സോണിയ എം.വിയാ(50)ണ് മധുരപുനലൂര്‍ പാസഞ്ചര്‍ ട്രെയിനിലെ ക്ലോസറ്റില്‍ കാല്‍ കുടുങ്ങി അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെ 10.15 ഓടെ ആയിരുന്നു സംഭവം.രാവിലെ വര്‍ക്കലയില്‍ നിന്ന് ജോലി സ്ഥലമായ കൊട്ടാരക്കരയിലേക്ക് ട്രെയിനില്‍ കയറിയ ഇവര്‍ കുണ്ടറ സ്റ്റേഷന്‍ കഴിഞ്ഞപ്പോഴാണ് ടോയ്‌ലറ്റില്‍ കയറിയത്. മുക്കട സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഇടതുകാല്‍ ക്ലോസറ്റില്‍ അകപ്പെട്ടു പുറത്തെടുക്കാന്‍ സാധിക്കാതെ കുടുങ്ങുകയായിരുന്നു. നിലവിളികേട്ട് ബോഗിയിലുള്ള യാത്രക്കാര്‍ റെയില്‍വേ അലര്‍ട്ടില്‍ വിവരം അറിയിച്ചു. യാത്രക്കാര്‍ ശുചിമുറിയുടെ വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയിന്‍ ഏഴുകോണ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിനിലെ സുരക്ഷാ ജീവനക്കാര്‍ എത്തി വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. കാല്‍ ക്ലോസറ്റില്‍നിന്നും വലിച്ചെടുക്കാന്‍ പറ്റാത്ത വിധത്തിലാണ് കുടുങ്ങിക്കിടന്നത്.
[caption id="attachment_82241" align="alignnone" width="620"] train closet pipe murichu mattunnu, ktr[/caption]റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് കൊട്ടാരക്കര പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ബോഗിക്കടിയിലുള്ള ടോയ്‌ലറ്റിന്റെ ട്യൂബ് കട്ട് ചെയ്ത് മാറ്റിയാണ് കാല്‍ മുകളിലേക്ക് ഊരിയെടുത്തത്. ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് ട്യൂബ് കട്ട് ചെയ്‌തെടുത്തത്. കാലിന് സ്വാധീനകുറവുള്ള സോണിയയ്ക്ക് മറ്റ് പരുക്കുകളൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."