ചില താരാരാധനാ വിശേഷങ്ങള്‍..
ഇവിടെ വിവരിക്കുന്ന ഉദ്വേഗജനകമായ രംഗം അരങ്ങേറിയത് 1998 ല്‍ തമിഴ്‌നാട്ടിലെ ഒരു സിനിമാ തിയേറ്ററിന് മുന്നിലാണ്. ഒരു യുവാവ് തന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് കമ്പി തുളച്ചുകയറ്റി. ആ കമ്പിക്കൊളുത്ത് ജെ.സി.ബിയുടെ അഗ്രഭാഗത്ത് കൊളുത്തി വായുവില്‍ തൂങ്ങിക്കിടക്കുകയാണയാള്‍. രണ്ടുകൈകളും സ്വതന്ത്രമാണ്. ഇഷ്ടതാരമായ ചിമ്പു എന്ന ചിലമ്പരശന്റെ ഭീമന്‍ കട്ടൗട്ടിനുമുന്നിലാണ് നില്‍പ്പ്. പ്രിയതാരത്തിന്റെ കട്ടൗട്ടില്‍ അയാള്‍ പാലഭിഷേകം നടത്തി. താരങ്ങളാണല്ലോ പുതിയ കാലത്തെ ദേവതമാര്‍!! ദേവതമാരുടെ പ്രീതിക്കായി സാഹസം എത്രയും ആവാമല്ലോ!
മണിരത്‌നം എന്ന പ്രശസ്ത സംവിധായകന്റെ ചെക്ക ചിവന്ന വാനം എന്ന പടമായിരുന്നു അന്ന് ആരാധകന്റെ രക്തം ചുവപ്പിച്ചത്.
സാക്ഷാല്‍ രജനികാന്തിന്റെ പടം റിലീസാവുമ്പോഴുള്ള ആഘോഷത്തിമിര്‍പ്പ് ആഗോളവാര്‍ത്തയാണല്ലോ. പാലഭിഷേകം നാടെങ്ങുമുണ്ടാവും. മറ്റുതാരങ്ങളുടെ ഫാന്‍സും മോശമല്ല. ആരാധകര്‍ സംഭരണകേന്ദ്രങ്ങളില്‍ നിന്ന് പാല്‍പാക്കറ്റ് തട്ടിയെടുത്ത് അഭിഷേകം നടത്തുന്നതിനെതിരെ തമിഴ്‌നാട് മില്‍ക് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 2019 ജനുവരിയില്‍ പൊലിസിന് പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു.
ഇനി അഞ്ച് പതിറ്റാണ്ട് മുന്‍പത്തെ മറ്റൊരു സംഭവം. മധുരയിലെ ഒരു നാടന്‍ കൊട്ടകയാണ് രംഗവേദി. സാക്ഷാല്‍ എം.ജി.ആറിന്റെ ഉഗ്രന്‍ പടമാണ് ടാക്കീസില്‍. ഇന്നത്തെ ശൈലിയില്‍ പറഞ്ഞാല്‍ അടിപൊളി. വീരശൂരപരാക്രമിയാണ് നായകന്‍. സകല ശത്രുക്കളെയും ഇടിച്ചുപൊടിച്ചു നിലംപരിശാക്കും.
സ്റ്റണ്ട് രംഗമാണ് നടക്കുന്നത്. എം.എന്‍ നമ്പ്യാര്‍ എന്ന വില്ലനും സംഘവും ചേര്‍ന്ന് നായകനുമായി ഏറ്റുമുട്ടുകയാണ്. എം.ജി.ആര്‍ തനിച്ച് പൊരുതുന്നു. എതിരാളികള്‍ എത്രപേരുണ്ട് എന്നതൊന്നും പ്രശ്‌നമല്ല. ടാക്കീസ് തിങ്ങിനിറഞ്ഞ ജനക്കൂട്ടം അതുകണ്ട് ആവേശത്തോടെ കൂവിയാര്‍ക്കുന്നു. കൈയടിച്ചു തിമിര്‍ക്കുന്നു.
പക്ഷെ കഷ്ടം! അതിനിടയില്‍ നായകന്റെ കൈയിലെ കത്തി തെറിച്ചു പോയി. എതിരാളികളാവട്ടെ ഡസന്‍ കണക്കിന് ആയുധങ്ങളുമായാണ് നില്‍പ്പ്. കാണികള്‍ വീര്‍പ്പടക്കി, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍നില്‍ക്കുകയാണ്. ശ്വാസം വിടാനാവുന്നില്ല. എന്തും സംഭവിക്കാം.
മുന്‍നിരയില്‍ത്തന്നെയിരുന്ന് ആവേശത്തോടെ കൂവിയാര്‍ത്തുകൊണ്ടിരുന്ന ഒരു ആരാധകന് സഹിച്ചില്ല. അയാള്‍ അരയില്‍ തിരുകിയിരുന്ന കത്തി വലിച്ചെടുത്ത് സ്‌ക്രീനിലേക്ക് ഒറ്റയേറ്!
ഇതാ, ഇതെടുത്ത് അവന്മാരെ കുത്തി മലര്‍ത്ത് എന്ന് നാടന്‍ തമിഴില്‍ ഉപദേശവും!!
നല്ല ഏറുകാരനായിരുന്നു പുള്ളി. എം.ജി.ആര്‍ നിന്നിരുന്ന സ്ഥലത്തുതന്നെ കത്തി കൃത്യമായി പതിച്ചു. ബാക്കി പറയേണ്ടതില്ല. വിലപിടിച്ച സ്‌ക്രീന്‍ കീറിപ്പോയി. ആളെ തിയേറ്ററുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിക്കുകയും ചെയ്തു.
കെട്ടുകഥകളിലാണ് പലര്‍ക്കും സത്യത്തേക്കാള്‍ വിശ്വാസം!!
യഥാര്‍ത്ഥ മനുഷ്യരോടുള്ളതിനേക്കാള്‍ സ്‌നേഹവും ആദരവും സാങ്കല്‍പ്പിക കഥാപാത്രങ്ങളോടും!!
ആത്മനിയന്ത്രണം നഷ്ടപ്പെടുന്നവിധത്തിലുള്ള അമിതമായ താരാരാധനയുടെ വാര്‍ത്തകള്‍ തമിഴ്‌നാട്ടില്‍മാത്രം എന്ന് തള്ളിക്കളയാന്‍ വരട്ടെ. പ്രബുദ്ധമെന്ന് വിവരിക്കപ്പെടുന്ന കേരളത്തിലുമുണ്ട് ഈ ശൈലി. ആരാധന തലയ്ക്കുപിടിച്ചവര്‍ ലോകമെമ്പാടുമുണ്ട്. സ്‌നേഹപ്രകടനരീതിയും പ്രതികരണങ്ങളും ഇതേ ശൈലിയിലാവണമെന്നില്ല എന്നു മാത്രം.
നിഷ്‌കളങ്കമായ ആരാധനയുടെ മാതൃകകളാണ് തമിഴ്‌നാട്ടില്‍നിന്നുള്ള ഈ ഉദാഹരണങ്ങളെന്ന് വേണമെങ്കില്‍ വ്യാഖാനിക്കാം. പക്ഷെ നമ്മുടെ നാട്ടില്‍ പലപ്പോഴും അത്ര നിഷ്‌കളങ്കമൊന്നുമല്ല കാര്യങ്ങള്‍. ഫാന്‍സ് അസോസിയേഷന്‍കാര്‍ തമ്മില്‍ പൊരിഞ്ഞ പോരാണ് സൈബറിടങ്ങളില്‍ അരങ്ങേറുന്നത്. ഇഷ്ടതാരത്തിനായി പരസ്പരം കൊന്നും കൊലവിളിച്ചും 'പണികൊടുത്തും' എല്ലാ പരിധികളും ലംഘിക്കുന്ന സ്ഥിതി! രാഷ്ട്രീയത്തിലെ ചില താരങ്ങള്‍ക്ക് വേണ്ടിയുമുണ്ട് ഇത്തരം പോരാട്ടങ്ങള്‍.
ഫാന്‍സ് ഭാരവാഹികള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ലായിരിക്കാം. നേടാനാണെങ്കില്‍ സാധ്യതകള്‍ ഏറെയും!
പക്ഷെ ജീവിതം തന്നെ നഷ്ടപ്പടാനിടയുള്ള പ്ലസ്ടു വിദ്യാര്‍ഥികളും ഡിഗ്രി വിദ്യാര്‍ഥികളും മറ്റും ഇതിന് ഇരകളാവുന്നു എന്നതാണ് കഷ്ടം. അതുതന്നെയാണ് ഈ വിഷയം ഇവിടെ പരാമര്‍ശവിഷയമാക്കിയതിന്റെ പശ്ചാത്തലവും.
പഠനവും ഭാവിയും ഇവ്വിധം സ്വയം തകര്‍ക്കുന്നവരില്‍ പെണ്‍കുട്ടികളുടെ എണ്ണവും കൂടിവരുന്നു എന്നതാണ് ദയനീയവശം. അധ്യാപകര്‍തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
'കാംപസില്‍ ഇത്തരം കാര്യങ്ങള്‍ക്കെതിരെ മിണ്ടാതിരിക്കുകയാണ് നല്ലത്, ചൂണ്ടിക്കാണിക്കാനും തിരുത്താനും ശ്രമിച്ചാല്‍ അടിച്ചിരുത്തും. പൊങ്കാലയിടും' എന്ന് ഒരു അധ്യാപിക!!
ഏതോ നാട്ടിലുള്ള ഇഷ്ടതാരമോ ഇഷ്ടടീമോ തോറ്റതിന്റെ പേരില്‍ മനംനൊന്ത് ആത്മഹത്യയുടെ മാര്‍ഗം തെരഞ്ഞെടുത്തവര്‍ ഇവിടെയുണ്ട്. ടീമിന്റെ തോല്‍വിക്കിടയാക്കിയ കളിക്കാരനെ വെടിവച്ചുകൊന്നത് ലാറ്റിനമേരിക്കയില്‍.
സിനിമയോ ക്രിക്കറ്റോ ഫുട്‌ബോളോ രാഷ്ട്രീയമോ ഏത് മേഖലയിലായാലും അതിരുകവിഞ്ഞ താരാരാധന ശരിക്കും ഒരു മാനസിക പ്രശ്‌നമായാണ് കണക്കാക്കേണ്ടത് എന്ന് മനശ്ശാസ്ത്രം ചൂണ്ടിക്കാട്ടുന്നു. അമിതമായ താരാരാധന ഒരു രോഗാവസ്ഥയായി സെലിബ്രിറ്റി വര്‍ഷിപ്പ് സിന്‍ഡ്രോം ആയി കണക്കാക്കി പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ത്തന്നെ പഠനങ്ങള്‍ നടക്കുന്നുമുണ്ട്.
സത്യത്തില്‍ ഇങ്ങനെ താരാരാധകരാക്കി യുവജനങ്ങളെ മാറ്റുന്നതിലും ജനങ്ങളെ ഭ്രാന്ത് പിടിപ്പിക്കുന്നതിലും സ്ഥാപിതതാല്‍പ്പര്യക്കാരുടെ പബ്ലിക് റിലേഷന്‍സ് വര്‍ക്കിന് കാര്യമായ പങ്കുണ്ട് എന്നതാണ് വസ്തുത. സഞ്ജയ്ദത്ത് എന്ന താരത്തിന്റെ ജയില്‍വാസക്കാലത്തും, മോചിതനാവാന്‍ പോവുന്ന ഘട്ടത്തിലുമൊക്കെ മാധ്യമങ്ങള്‍ കൊടുത്ത അമിത പബ്ലിസിറ്റി പിന്നീട് ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ബോംബ് കേസിലെ പ്രതിയേക്കാള്‍ ജനമനസില്‍ മുന്നാഭായ് കഥാപാത്രമായിരുന്നു നിറഞ്ഞ് നിന്നത്. അഥവാ മാധ്യമങ്ങള്‍ അങ്ങിനെ നിലനിര്‍ത്തി എന്നും പറയാം.
ഇഷ്ടതാരത്തിന്റെ പേരില്‍ ആരാധനാലയം പോലും പണിതിരിക്കുന്ന നാട്ടില്‍ അത്തരം സ്വാധീനങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെയും യുവജനങ്ങളെയും മോചിപ്പിച്ചെടുക്കുക എന്നത് ഒരു പക്ഷെ എളുപ്പമല്ലായിരിക്കാം. പക്ഷെ ശ്രമം തുടരാതെ വയ്യ.
കരിസ്മാറ്റിക് പേഴ്‌സണാലിറ്റി, അഥവാ വളരെ സാധാരണ ഭാഷയില്‍ പരിഭാഷപ്പെടുത്തിയാല്‍ 'മാസ്മരിക വ്യക്തിത്വം' ചിലര്‍ക്ക് ലഭിക്കുന്നത് കുറെയൊക്കെ ജന്മസിദ്ധമാവാം. പക്ഷെ നിരന്തരമായ പരിശീലനത്തിലൂടെ ആ വ്യക്തിപ്രഭാവത്തിന് അവര്‍ മിഴിവേറ്റിയതുകൊണ്ടാണ് ഇത്രമേല്‍ തിളങ്ങാനും ജീവിതവിജയം ആര്‍ജിക്കാനും അവര്‍ക്ക് സാധ്യമാവുന്നത്. ജന്മസിദ്ധമായതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ് ആര്‍ജിച്ചെടുത്ത വ്യക്തിപ്രഭാവം.
താരങ്ങളെ ഇഷ്ടപ്പെടുകയും ആദരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ത്തന്നെ, സ്വന്തം ജീവിതം ഇത്രമേല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ അവര്‍ നടത്തിയ പ്രയത്‌നങ്ങളെക്കുറിച്ച് സസൂക്ഷ്മം പഠിക്കാനും, കഠിനാധ്വാനത്തെക്കുറിച്ച് മനസിലാക്കാനും, സാധ്യമായവ സ്വന്തം ജീവിതത്തില്‍ പകര്‍ത്താനുമാണ് ശ്രമിക്കേണ്ടത്.
അങ്ങിനെയെങ്കില്‍മാത്രം താരാരാധന പോസിറ്റീവായി മാറും. നമ്മുടെ മികവ് നാം പുറത്തെടുക്കും. സ്വന്തം മേഖലയില്‍ പ്രകാശിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."