കേരളത്തില്‍ 18-60 പ്രായക്കാരില്‍ കൊവിഡ് ബാധയും മരണവും കൂടുന്നു
തിരുവനന്തപുരം: കേരളത്തില്‍ 18നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു.
കൊവിഡ് ബാധിതരാകുന്ന ഇവരില്‍ പലരും കൃത്യസമയത്ത് ചികിത്സ എടുക്കാത്തതും ജീവിതശൈലീ രോഗങ്ങളുമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 18 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി രോഗതീവ്രത കുറയ്ക്കാനുള്ള നടപടികള്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
17 വയസ് വരെയുള്ള കുട്ടികളില്‍ കൊവിഡ് ബാധ 12 പേരുടെ ജീവന്‍ കവര്‍ന്നപ്പോള്‍ 18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരിലെ കൊവിഡ് മരണം 174 ആയി. 41 വയസ് മുതല്‍ 59 വയസ് വരെയുള്ളവരില്‍ 1001 പേരും മരണത്തിന് കീഴടങ്ങി. കോവിഡിന്റെ ആദ്യതരംഗത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരായിരുന്നു രോഗബാധിതരിലും മരിച്ചവരിലും ഏറെയും. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 18-60 വയസുകാര്‍ക്കാണ് ഏറെ രോഗബാധ.
കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ സമൂഹവുമായി ഏറ്റവും കൂടുതല്‍ അടുത്തിടപഴകുന്നത് 18 വയസ് മുതല്‍ 60 വയസ് വരെ പ്രായമുള്ളവരാണ്. ഇതുതന്നെയാണ് ഇവരിലെ രോഗ ബാധയ്ക്ക് കാരണവും. എന്നാല്‍ രോഗം ബാധിച്ചാല്‍ ഇവരില്‍ പലരും അതു കാര്യമാക്കുന്നില്ല. നിസാരമെന്ന് കരുതി ചികിത്സ എടുക്കാനും വൈമുഖ്യം കാട്ടുന്നു. ഇത് രോഗബാധ തീവ്രമാകാന്‍ കാരണമാകുന്നുണ്ട്. ജീവിതശൈലീ രോഗങ്ങളില്ലാത്തവരില്‍ പോലും ഈ ഘട്ടത്തില്‍ ഹൃദ്രോഗമടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു. ഇതോടെ ഈ പ്രായത്തിലുള്ളവരിലെ മരണവും കൂടുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്തിതുവരെ സ്ഥിരീകരിച്ച 4,929 മരണങ്ങളില്‍ 96.68 ശതമാനം പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മരണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്. തൊട്ടുപിന്നില്‍ കോഴിക്കോടും തൃശൂരും.
രോഗനിരക്കിന് ആനുപാതികമായ മരണങ്ങളും തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍. 0.79 ശതമാനം. ഇത് നിയന്ത്രിക്കാന്‍ അടിയന്തരമായി യുവാക്കള്‍ക്കിടയിലും വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ എടക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."