ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പ്രവാസികള്‍ക്ക് അനുഗ്രഹമാവുന്നു
ജിദ്ദ: ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനം ജിദ്ദയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസവും അനുഗ്രഹവുമാകുന്നു. ദീര്‍ഘ കാലം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണക്കായി 2010 ലാണ് ജിദ്ദ കെഎംസിസി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആരംഭിച്ചത്.
ഇന്‍ഷുറന്‍സ് ഇല്ലാത്ത പ്രവാസികള്‍ക്ക് ചികിത്സ സഹായം, ജോലി നഷ്ടപ്പെട്ടും ശമ്പളം കിട്ടാതെയും നാട്ടില്‍ പോവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ വേണ്ട സഹായം, ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് അതിനു വേണ്ട സഹായം. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ വേണ്ടിയുള്ള സഹായം തുടങ്ങി വിവിധ തരത്തിലുള്ള സഹായങ്ങളാണ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ വഴി ജിദ്ദയിലെ പ്രവാസികള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയും ശമ്പളവും ഇല്ലാതെ പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടിയ സമയത്ത് ജിദ്ദ കെഎംസിസി തുടങ്ങിയ 'കാരുണ്യ ഹസ്തം' പരിപാടിയുടെ കീഴില്‍ ഭക്ഷണ കിറ്റ് വിതരണം തുടങ്ങിയതും പ്രസ്തുത റിലീഫ് സെല്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു. ഇത് നൂറുക്കണക്കിന് പ്രവാസികളെ പട്ടിണിയില്‍ നിന്നും രക്ഷിച്ചു എന്നത് പ്രവാസികള്‍ക്ക് ലഭിച്ച വലിയ അനുഗ്രഹം തന്നെയാണ്. കൊവിഡ് കാരണം കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കേണ്ടി വന്നതിനാല്‍ നിലവില്‍ റിലീഫ് സെല്ലില്‍ ഫണ്ട് ഒന്നും തന്നെ ഇല്ലെന്നും ആയതിനാല്‍ സഹായം ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെനുള്ളതെന്നും സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര പറഞ്ഞു. കൊവിഡ് സാഹചര്യം ആയതിനാല്‍ കൂടുതല്‍ പേര്‍ സഹായം ആവശ്യപ്പെട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി എല്ലാ വര്‍ഷവും നടത്തുന്ന റമദാന്‍ കാമ്പയിനോടാനുബന്ധിച്ചാണ് സി എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എന്നിവയിലേക്കുള്ള ഫണ്ട് ശേഖരണം നടത്തുന്നത്. ഈവര്‍ഷത്തെ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്. സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ഏരിയ കെഎംസിസി കമ്മിറ്റികള്‍ വഴിയാണ് ഇതിലേക്കുള്ള ധന സമാഹരണം നടത്തുന്നത്.
നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ വേണ്ടിയുള്ള സി.എച്ച് സെന്റര്‍, കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ വേണ്ടിയുള്ള ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എന്നിവയിലേക്ക് പരമാവധി സംഭാവന നല്‍കി റമദാന്‍ കാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
മുഹമ്മദ് കല്ലിങ്ങല്‍ ജിദ്ദ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."