മുസ്‌ലിം സാക്ഷര നവോത്ഥാന കേന്ദ്രം
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ജാമിഅ നൂരിയ്യ അറബിയ്യയുടെ വൈജ്ഞാനികപ്രവാഹം ആറുദശകങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഡയമണ്ട് ജൂബിലിയുടെ നിറവിലാണിപ്പോൾ. ഫെബ്രുവരി 8,9,10,11,12 തീയതികളിൽ ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗറിൽ ഡയമണ്ട് ജൂബിലി സമുചിതമായി ആഘോഷിക്കപ്പെടുകയാണ്. എണ്ണായിരത്തിലധികം ഫൈസി പണ്ഡിതർ ഇതിനകം ജാമിഅയിൽനിന്ന് ഉപരിപഠനം പൂർത്തീകരിച്ചിട്ടുണ്ട്. ഡയമണ്ട് ജൂബിലിയുടെ ഭാഗമായ സനദ് ദാനത്തിൽ നാനൂറോളം യുവപണ്ഡിതരാണ് ഫൈസി പട്ടം പുതുതായി സ്വീകരിക്കുന്നത്. കേരള മുസ്‌ലിം സാക്ഷര നവോത്ഥാനത്തിന്റെ ചരിത്രമാണ് ജാമിഅയുടെ നാൾവഴികൾ. ജാമിഅയുടെ നവജാഗരണത്തിന്റെ നാഴികക്കല്ലായി മാറും ഡയമണ്ട് ജൂബിലിയെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
1962 ഏപ്രിൽ 4ന് ചേർന്ന സമസ്ത മുശാവറ യോഗമാണ് കേരളത്തിൽ ഉന്നത മതകലാലയം സ്ഥാപിക്കുക എന്ന ആലോചന മുന്നോട്ടുവച്ചത്. മതവിദ്യാർഥികൾക്ക് ഉപരിപഠനം ദുസ്സഹമായ കാലമായിരുന്നു അത്. തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത്, യു.പിയിലെ ദയൂബന്ദ് ദാറുൽ ഉലൂം, ഹൈദരാബാദിലെ നിസാമിയ്യ പോലുള്ള സ്ഥാപനങ്ങളെയാണ് കേരളക്കാർ ബിരുദപഠനത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഭൂരിപക്ഷം വിദ്യാർഥികൾക്കും ഇതരസംസ്ഥാനങ്ങളിലെത്തി പഠനം പൂർത്തീകരിക്കുക അസാധ്യമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തൃണവത്ഗണിച്ച് അവിടങ്ങളിലെത്തിയ പലർക്കും പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടിവന്നു. പലരും ഉപരിപഠന സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മതപഠനം ഓത്തുപള്ളിയിൽ തുടങ്ങി പള്ളിദർസിൽ അവസാനിക്കുന്ന സ്ഥിതി മാറണമെന്ന ആഗ്രഹം പലർക്കുമുണ്ടായിരുന്നു. 1945 മുതൽ പരിഹാരത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങി. 'ഉന്നതമായ ദർസ്' എന്നതിനപ്പുറം പ്രസ്തുത ആലോചനക്ക് വളർച്ചയുണ്ടായില്ല. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ അന്തരീക്ഷം അനുകൂലവുമായിരുന്നില്ല. നിരന്തര കലാപങ്ങൾ സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽനിന്ന് മുസ്‌ലിം ഉമ്മത്ത് മുക്തമാവാൻ ദീർഘമായ വർഷങ്ങൾതന്നെ പിന്നിടേണ്ടിവന്നു. മഖ്ദൂമുമാരിലൂടെ ലോക പ്രശസ്തിയിലേക്കുയർന്ന പൊന്നാനി ദർസിന്റെ പ്രഭാവം വീണ്ടെടുക്കണമെന്ന അഭിലാഷവും 'ഉന്നതമായ ദർസ്' എന്ന ചിന്താപരിമിതിക്ക് നിമിത്തമായിട്ടുണ്ട്.
സാഹചര്യങ്ങൾ അനുകൂലമായി തുടങ്ങിയതോടെയാണ് ജാമിഅ എന്ന ആശയത്തിന് സാക്ഷാത്കാരമായത്. 1962 ഏപ്രിൽ 30ന് മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ മാളികമുകളിൽ ചേർന്ന യോഗത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോളജ് കമ്മിറ്റി നിലവിൽവന്നു. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ പ്രസിഡൻ്റും പി.എം.എസ്.എ പൂക്കോയ തങ്ങൾ വൈസ് പ്രസിഡൻ്റും ഇ.കെ അബൂബക്ർ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിൽനിന്ന് 500 രൂപ കടമെടുത്താണ് സമസ്ത കോളജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1962 സെപ്റ്റംബർ 15ന് ചേർന്ന മുശാവറ യോഗം കോളജ് പട്ടിക്കാട് സ്ഥാപിക്കാനും ജാമിഅ നൂരിയ്യ എന്ന് നാമകരണം ചെയ്യാനും തീരുമാനമെടുത്തു. 1962 നവംമ്പർ ഒന്നിന് ചേർന്ന മുശാവറ കോളജിന്റെ ഭരണഘടനക്ക് അംഗീകാരം നൽകി. കൊടുവായ്ക്കൽ മൊയ്തുട്ടിമാൻ എന്ന ബാപ്പു ഹാജി ദാനമായി നൽകിയ ഭൂമിയിൽ 1963 ഫെബ്രുവരി മൂന്നിനാണ് ജാമിഅ നൂരിയ്യക്ക് ശിലയിട്ടത്. കോഴിക്കോട് കോയവീട്ടിൽ സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളാണ് ശിലാസ്ഥാപന കർമം നിർവഹിച്ചത്. ശിലാസ്ഥാപന ചടങ്ങിന്റെ അധ്യക്ഷൻ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപകൻ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബായിരുന്നു.
1963 മാർച്ച് പതിനെട്ടിന് ജാമിഅ നൂരിയ്യ അറബിയ്യ ക്ലാസ് റഹ്മാനിയ്യ മസ്ജിദിൽവച്ച് ആരംഭിച്ചു. വിശ്വപ്രസിദ്ധ കർമശാസ്ത്രഗ്രന്ഥം തുഹ്ഫതുൽ മുഹ്താജ് ഓതിക്കൊടുത്ത് മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരാണ് ക്ലാസിന് നാന്ദികുറിച്ചത്. കർമശാസ്ത്രവിശാരദൻ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരായിരുന്നു ജാമിഅയിലെ പ്രഥമ പ്രധാനാധ്യാപകൻ. സഹാധ്യാപകന്റെ ചുമതല കോട്ടുമല അബൂബക്ർ മുസ്‌ലിയാർക്കായിരുന്നു. മുത്വവ്വൽ ക്ലാസിൽ നാലും മുഖ്തസ്വർ ക്ലാസിൽ ഏഴും വിദ്യാർഥികൾ ഉൾപ്പെടെ പതിനൊന്നു പേരാണ് ആദ്യവർഷം പ്രവേശനം നേടിയത്.
മതവൈജ്ഞാനികരംഗത്തെ പരിമിതികൾ പലതും ജാമിഅ നൂരിയ്യയുടെ പിറവിയോടെ നികത്തപ്പെട്ടു. പാരമ്പര്യത്തെയും പുതുമയെയും സമന്വയിപ്പിച്ച് തികഞ്ഞ അവഗാഹമുള്ള പണ്ഡിതരെ രൂപപ്പെടുത്തുക എന്നതായിരുന്നു ജാമിഅയുടെ ലക്ഷ്യം. അതുവഴി പൊന്നാനിയുടെയും താനൂരിന്റെയും വാഴക്കാടിന്റെയും പഴയ പ്രഭാവത്തെ പുനരാവിഷ്‌കരിക്കാൻ ജാമിഅക്ക് സാധിച്ചു. ഉപരിപഠനത്തിന് തമിഴ്‌നാടിനെയും യു.പിയേയും ആശ്രയിക്കാതെ കേരളം സ്വയംപര്യാപ്തമായതും ജാമിഅയുടെ ഉദയത്തോടെയാണ്.
ഉലമ-ഉമറ കർമസമന്വയത്തിന്റെ വിജയസാക്ഷാത്കാരമാണ് ജാമിഅ നൂരിയ്യ. 'എന്റെ ഉമ്മത്തിലെ രണ്ടുവിഭാഗം നന്നായാൽ ഉമ്മത്ത് നന്നായി. ദുഷിച്ചാൽ ഉമ്മത്ത് ദുഷിക്കുകയും ചെയ്യും. പണ്ഡിതരും നാട്ടുപ്രമുഖരുമാണവർ' എന്ന് നബി(സ്വ) ഓർമിപ്പിക്കുന്നുണ്ട്. പണ്ഡിതരുടെയും ഉമറാക്കളുടെയും ഇഴപിരിയാത്ത അടുപ്പമാണ് ജാമിഅയുടെ വിജയരഹസ്യം. ആസൂത്രണമികവും സാമ്പത്തികഭദ്രതയുമുണ്ടായിട്ടും പല സ്ഥാപനങ്ങളും പാതിവഴി യിൽനിന്നുപോകുന്നത് പണ്ഡിതരുടെയും ഉമറാക്കളുടെയും ഇടയിലെ ഭിന്നതകൾ കാരണമാണ്. പിൽക്കാലത്ത് കേരളത്തിൽ ഉയർന്നുവന്ന പലസ്ഥാപനങ്ങളും വിജയിച്ചത് 'ജാമിഅ മോഡൽ' അനുകരിച്ചതിനാലായിരുന്നു.
സമസ്ത പ്രതിനിധാനം ചെയ്യുന്ന ആദർശപ്രചാരണമാണ് ജാമിഅയുടെ പ്രധാന ലക്ഷ്യം. അതിന് വിദ്യാർഥികളെ പര്യാപ്തമാക്കുന്ന കർമപദ്ധതികൾ തുടക്കകാലംമുതൽ ആസൂത്രണം ചെയ്ത് നടപ്പിൽവരു ത്തുന്നുണ്ട്. നൂറുൽ ഉലമ എന്ന വിദ്യാർഥി സംഘടന രൂപീകരിക്കപ്പെട്ടതെല്ലാം അതിന്റെ ഭാഗമാണ്. പ്രബോധന രംഗത്ത് കാലോചിത പരിഷ്‌കരണങ്ങൾ വരുത്തി അജൻഡകൾ നിർണയിക്കുന്നതിൽ നൂറുൽ ഉലമയോളം വിജയിച്ച മറ്റൊരു വിദ്യാർഥി സംഘടനയില്ല. സമസ്തക്കു കീഴിൽ ഒരു വിദ്യാർഥി സംഘടന വേണമെന്ന ആലോചനക്ക് തുടക്കമിട്ടത് നൂറുൽ ഉലമയാണ്. പണ്ഡിതരുടെ ആശീർവാദത്തോടെ സുന്നി വിദ്യാർഥി സംഘടന രൂപീകരിക്കപ്പെടുന്നത് ജാമിഅ നൂരിയ്യയിൽവച്ചായിരുന്നു. പ്രഭാഷണ, സംവാദരംഗങ്ങളിലും തൂലിക രംഗത്തുമെല്ലാം ശക്തമായ സാന്നിധ്യമാണിന്ന് ജാമിഅയുടെ സന്തതികൾ.
സമർഥരും പ്രഗത്ഭരുമായ ഗുരുനാഥൻമാരാണ് ജാമിഅയുടെ വൈജ്ഞാനിക നേതൃത്വം തുടക്കംമുതൽ നിർവഹിച്ചത്. ഇ.കെ അബൂബക്ർ മുസ്‌ലിയാർ, കോട്ടുമല അബൂബക്ർ മുസ്‌ലിയാർ, കെ.കെ അബൂബക്ർ ഹസ്രത്ത്, സയ്യിദ് അബ്ദുർറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ അസ്ഹരി, കെ.കെ അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു വിവിധ കാലങ്ങളിൽ ജാമിഅയുടെ പ്രിൻസപ്പൽ പദവി അലങ്കരിച്ചത്. നിലവിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരാണ് പ്രിൻസിപ്പൻ. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ, കെ.സി ജമാലുദ്ദീൻ മുസ്‌ലിയാർ, പി.എ അബൂബക്ർ ഹസ്രത്ത്, കിടങ്ങഴി അബ്ദുർറഹ്മാൻ മുസ്‌ലിയാർ, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാർ, എ.പി മുഹമ്മദ് മുസ്‌ലിയാർ, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ, പി. കുഞ്ഞാണി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയ പണ്ഡിത ജ്യോതിസ്സുകൾ ജാമിഅയെ സമ്പന്നമാക്കിയവരിൽ ചിലരാണ്.
സർവസ്വീകാര്യരായിരുന്നു സ്ഥാപനത്തിന്റെ ഭരണനിർവഹണത്തെ അതതു കാലങ്ങളിൽ നിയന്ത്രിച്ചത്. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, ഇ.കെ അബൂബക്ർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, വാണിയമ്പലം അബ്ദുർറഹ്മാൻ മുസ്‌ലിയാർ, കെ.വി മുഹമ്മദ് മുസ്‌ലിയാർ, പി. വി.എസ് മുസ്തഫ പൂക്കോയ തങ്ങൾ, സയ്യിദ് ഹൈദർ അലി തങ്ങൾ, വയലിൽ ബീരാൻ കുട്ടി ഹാജി, കക്കോടൻ മമ്മു ഹാജി, ഹാജി കെ. മമ്മദ് ഫൈസി, കക്കോടൻ മൂസഹാജി തുടങ്ങിയവർ പ്രത്യേകം സ്മരണയർഹിക്കുന്നു. ഇൗ ലേഖകൻ പ്രസിഡൻ്റും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറിയും ഏലംകുളം ബാപ്പു മുസ്‌ലിയാർ ട്രഷറുമായ കമ്മിറ്റിയാണ് ജാമിഅയുടെ നിലവിലെ ഭരണസമിതി.
സ്വതന്ത്ര ഇസ്‌ലാമിക സർവകലാശാലയായി ജാമിഅയെ അപ്‌ഗ്രേഡ് ചെയ്യുകയാണ് ജാമിഅ കുടുംബത്തിന്റെ ലക്ഷ്യം. ജാമിഅയുടെ ശിൽപികളുടെ ആഗ്രഹവും അതായിരുന്നു. അറുപതിലധികം ജൂനിയർ കോളജുകൾ നിലവിൽ ജാമിഅക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ രണ്ടെണ്ണം ഉറുദു മീഡിയങ്ങളാണ്. ശിഹാബ് തങ്ങൾ നാഷനൽ മിഷന്റെ ഭാഗമായി വിവിധ വൈജ്ഞാനിക പദ്ധതികൾക്ക് ഇതര സംസ്ഥാനങ്ങളിൽ ജാമിഅ നേതൃത്വം വഹിക്കുന്നുണ്ട്. തഫ്‌സീർ, ഹദീസ്, ഫിഖ്ഹ്, അഖീദ തുടങ്ങിയ ഫാക്കൽറ്റികളിലൂടെ ജാമിഅയുടെ പാഠ്യപദ്ധതിയും സമ്പൂർണമായി ഇതിനകം പരിഷ്‌കരിച്ചുകഴിഞ്ഞു. ഭാഷാപഠനത്തിനും സമകാലിക വിഷയങ്ങൾക്കുകൂടി പാഠ്യപദ്ധതിയിൽ ഇടമുണ്ടാവണം. അതിനുള്ള ആലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."