HOME
DETAILS

കണക്കിലെ കളികൊണ്ട് കേരളത്തിന് മുന്നേറാനാവില്ല

  
backup
February 07 2023 | 19:02 PM

653546345623-2

പ്രൊഫ. കെ. അരവിന്ദാക്ഷൻ


കേരളത്തിലെ 3.50 കോടിയോടടുത്തുവരുന്ന ജനതക്ക് ബജറ്റുരേഖ അവതരണവും തുടർന്ന് ബജറ്റ് പരിശോധനയും നൽകുന്ന വികാരം ആഹ്ലാദത്തിന്റേതായിരിക്കാം. കുടുംബശ്രീ എന്ന വിജയകരമായ പദ്ധതിക്കായി 260 കോടി രൂപ, ഭവനരഹിതരായവർക്ക് കയറിക്കിടക്കാൻ ലൈഫ് മിഷൻ വഴി ഒരു ഇടം ലഭ്യമാക്കാൻ 30 ഭവന സമുച്ചയങ്ങൾ- ഇതിൽ ഐ.സി.ടി.ടി പദ്ധതിയുടെ ഭാഗമായി മൂലമ്പിള്ളി അടക്കമുള്ള ഏഴു പ്രദേശങ്ങളിൽ നിന്ന് വികസനത്തിന്റെ പേരിൽ കുടിയിറക്കെപ്പെട്ടവരും ഉൾപ്പെടുന്നുണ്ടോ എന്നും അറിയില്ല- വഴി 71,861 വീടുകൾ(ഇതിൽ വടക്കാഞ്ചേരിക്കാരുടേതും ഉൾപ്പെടുമായിരിക്കാം). എൽ.ഡി.എഫ് ഘടകകക്ഷികളിൽ പുത്തൻ കൂറ്റുകാരായ ജോസ് കെ. മാണിവിഭാഗം കേരള കോൺഗ്രസിന് ഇമ്പംപകർന്നുനൽകുന്ന, റബർ വിലയിടിവിനുള്ള ആശ്വാസമായി 600 കോടി രൂപ വകയിരുത്തിയത് പ്രത്യേകം പരാമർശിക്കേണ്ടതാണ്.


ഇവിടംകൊണ്ട് തീരുന്നില്ല ധനമന്ത്രിയുടെ പൊടിക്കൈകൾ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് 50.85 കോടി രൂപ, വന്യജീവികൾ ജനവാസമേഖലയിലേക്ക് അതിക്രമിച്ചു കടക്കുന്നത് തടയാൻ രണ്ടുകോടി രൂപ എന്നിങ്ങനെയുള്ള നീക്കിവയ്പ്പുകൾ ഉൾപ്പെടുന്നു. ഈ വിഷയം ഇത്ര നിസാരമായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണോ? ഉത്തരമില്ല. കുളങ്ങളുടെ നവീകരണത്തിനും ജലസേചന പദ്ധതികൾക്കുമായി 7.50 കോടി രൂപയും കെ ഫോൺ എന്ന ഇനിയും അദൃശ്യവും അനിശ്ചിതത്വവുമായി തുടരുന്ന പദ്ധതിക്കായി 100 കോടി രൂപയും അതിന്റെ ഗാർഹിക കണക്ഷനുകൾ സൗജന്യമായി ലഭ്യമാക്കുന്നതിന് രണ്ടുകോടി രൂപയും നീക്കിവച്ചിരിക്കുന്നതും രസകരമായി തോന്നുന്നു. വിശിഷ്യാ ഈ 'മാജിക്' പദ്ധതിയുമായി ചുറ്റിപ്പറ്റി നിലനിൽക്കുന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ.


വാഹനങ്ങളെയും ധനമന്ത്രി വെറുതെ വിടുന്നില്ല. മോട്ടോർ സൈക്കിളുകൾ സമീപകാലത്ത് ഇടത്തരം വിനോദക്കാരുടെ സ്ഥിരം വാഹനമായിരിക്കുകയാണല്ലോ. രണ്ടുലക്ഷം രൂപവരെ വിലയുള്ള ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധനവ് വരുത്തിയിരിക്കുന്നു. ഈ ഒറ്റത്തവണ നികുതി 5 ലക്ഷം മുതൽ 15 ലക്ഷം വരെയുള്ളവയ്ക്ക് രണ്ട് ശതമാനമാണെങ്കിൽ 15 മുതൽ 20 വരെയുള്ളവയ്ക്കും 20 മുതൽ 30 ലക്ഷം വരെയുള്ളവക്കും 30 ലക്ഷത്തിന് മുകളിലുള്ളവയ്ക്കും ഒരു ശതമാനം മാത്രമാണ് . ഈ നിരക്കു നിർണയം തീർത്തും അനീതിയാണ് കാണിക്കുന്നത്. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ് വർധനവും സമാനമാണ്. അതായത് ഇരുചക്ര വാഹനങ്ങൾക്ക് 150 രൂപ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 200 രൂപ, ഇടത്തരം വാഹനങ്ങൾക്ക് 300 രൂപ ഹൈവീൽ വാഹനങ്ങൾക്ക് 500 രൂപ എന്നിങ്ങനെയാണിത്.


വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങളെ പുതിയ നികുതിവഴി അങ്ങേയറ്റം ഗുരുതര ചൂഷണത്തിന് വിധേയമാക്കുന്ന നികുതിഭാരത്തിന് വിധേയമാക്കിയ സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ ജി.എസ്.ടി നഷ്ടപരിഹാരവ്യവസ്ഥ മുൻധാരണയനുസരിച്ച് വേണ്ടെന്നുവച്ചതും സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കുറച്ചതും മറയാക്കി സംസ്ഥാനത്തിനകത്തുനിന്ന് ന്യായമായും പിരിച്ചെടുക്കേണ്ട നികുതി കുടിശ്ശികയെപ്പറ്റി നിശബ്ദത പാലിക്കുകയാണ്. മൊത്തം 3000ൽ ഏറെ ഏറെ അധിക നികുതിഭാരമാണ് തൊഴിലില്ലായ്മമൂലം പൊറുതിമുട്ടിയ സംസ്ഥാന ജനതക്കുമേൽ അടിച്ചേൽപ്പിക്കുന്നത്.
സംസ്ഥാന ഖജനാവിന് അധികബാധ്യത വരുത്തിവച്ചത് എൽ.ഡി.എഫ് സർക്കാരിന്റെ നടപടിയിലൂടെ തന്നെയാണ്. ഉദാഹരണം ശമ്പളം -പെൻഷൻ ഇനങ്ങളിലുള്ള അധികഭാരംതന്നെ. ഈ ഭാരം 2020-21നും 2021-22നും ഇടക്ക് 46, 671.14 കോടി രൂപയിൽനിന്ന് 71,523.97 കോടി രൂപയിലേക്കാണ് കുതിച്ചുയർന്നത്. അതായത് 53.25 ശതമാനം- അഥവാ 24,360 കോടി രൂപ. ധനകാര്യമിഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ ഉപദേശം അവഗണിക്കുന്നതിൽ കേരളവും മറ്റു സംസ്ഥാനങ്ങളുടെ മാതൃകതന്നെയാണ് സ്വീകരിച്ചത്. ഓരോ 5 വർഷവും ശമ്പള-പെൻഷൻ പുതുക്കൽ എന്നത് കൊവിഡിന്റെയും വെള്ളപ്പൊക്ക കെടുതിയുടെയും സാഹചര്യങ്ങൾ കണക്കിലെടുത്തെങ്കിലും 10 വർഷം എന്നാക്കി മാറ്റാമായിരുന്നില്ലേ.


പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള സെസ് വരുത്തിവെക്കുന്ന അധികഭാരത്തെപ്പറ്റി ചോദ്യമുയരുമ്പോൾ ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉന്നയിക്കുന്ന മറുചോദ്യം ജീവനക്കാർക്ക് കൊടുക്കേണ്ടേ, പെൻഷൻകാർക്ക് പെൻഷൻ കൊടുക്കേണ്ട എന്നൊക്കെയാണ്. ഇത്തരമൊരു നിസ്സംഗതാ മനോഭാവമെടുത്താൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും പെൻഷൻകാരെയും പട്ടിണിക്കിടാൻ ഒരു ട്രേഡ് യൂനിയൻ നേതാവിന് എങ്ങനെ കഴിയുന്നു? പശുത്തൊഴുത്തിനായി ലക്ഷങ്ങളും പ്രതിപക്ഷ നേതാവിനും മുഴുവൻ മന്ത്രിമാർക്കും പുതിയ ആഡംബര കാറുകൾക്കായി കോടികളും ചെലവാക്കുന്നത് ഇക്കൂട്ടരാരും അറിയാത്തതാണോ?


വികസനാവശ്യങ്ങൾക്ക് പണം കണ്ടെത്താനായിരുന്നു അധികനികുതിഭാരം അടിച്ചേൽപ്പിച്ചിരുന്നതെങ്കിൽ കാനത്തിന്റെ നിലപാട് ഒരുപരിധിവരെയെങ്കിലും നീതീകരിക്കാമായിരുന്നു. ഇവിടെ വരുമ്പോഴാണ് കാര്യങ്ങൾ അവതാളത്തിലാവുന്നത്. 2022-2023 ലേക്കുള്ള ധനമന്ത്രി കെ.എൻ ബാലോഗോപാലിന്റെ വക പുതുക്കിയ കണക്കുപ്രകാരം സംസ്ഥാനത്തിന്റ ചെലവ് 1,49183.63 കോടി രൂപയും വരവ് 1,29268.15 കോടി രൂപയുമാണ്. ഇവ തമ്മിലുള്ള അന്തരം 19,915.53 കോടി രൂപയുമാണ്. അതേ അവസരത്തിൽ പുതുവർഷത്തേക്കുള്ള ബജറ്റിലെ പ്രതീക്ഷിക്കപ്പെടുന്ന ചെലവ് 1,59360 കോടി രൂപയും. ഇതിൽ തന്നെ വികസനാവശ്യങ്ങൾക്കായുള്ള മൂലധന ചെലവ് വെറും 14, 539 .23 കോടി രൂപയുമാണ്. അതായത് വികസനച്ചെലവ് പുതുക്കിയ വർഷത്തേക്കുള്ള ബജറ്റിന്റെ 10 ശതമാനംപോലും വരുന്നില്ലൊണ് കാണാൻ കഴിയുക. മാത്രമല്ല, കഴിഞ്ഞ ധനകാര്യവർഷത്തെ പദ്ധതിച്ചെലവ് 14,833.34 കോടി രൂപപോലും ഈ വർഷത്തേക്കുള്ള പദ്ധതിച്ചെലവ് വരുന്നില്ല എന്നല്ലേ അർത്ഥമാക്കുന്നത്. പൊതുകടമാണെങ്കിൽ വർധിക്കുകയും ചെയ്തിരിക്കുന്നു. 25716 കോടി രൂപയിൽനിന്ന് 2836 കോടി രൂപ വർധിച്ച് 28552 കോടിയിലുമെത്തിയിരിക്കുന്നു. ഇക്കണക്കിന് പോയാൽ പൊതുകടം താമസിയാതെ 5 കോടിവരെ എത്തിയേക്കാം.
ഈ തോതിലും മാതൃകയിലുമുള്ള വർധനവിനെ എങ്ങനെ വികസനത്തിന്റെ രാഷ്ട്രീയമായും നവകേരള സൃഷ്ടിയുടെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ലക്ഷ്യപ്രാപ്തികളിലേക്കുള്ള യാത്രയുടെ പ്രതിഫലനമായും നമുക്ക് കാണാൻ കഴിയും. എത്രവട്ടം ആലോചിച്ചിട്ടും കൃത്യമായ വിശദീകരണം കിട്ടുന്നില്ല. അതേസമയം, സംസ്ഥാനത്തിന്റെയും ജനതയുടെയും ഭാവിയെപ്പറ്റി ആശങ്കകൾ നിരന്തരം നമ്മുടെയൊക്കെ മനസ്സിനെ അലട്ടുകയും ചെയ്യുന്നു. മദ്യത്തിന്റെ വിലവർധന പ്രതീക്ഷിക്കുന്ന വരുമാനവർധനവിന് സഹായിക്കുമെന്ന് കരുതുന്നവർ വിരളമാണെന്നിരിക്കെ ഭാഗ്യക്കുറി ഇടപാടുകളിലൂടെ മാത്രം കാര്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്ന് കരുതുന്നതും മൗഢ്യമായിരിക്കും. വിലകൂടിയ ലഹരിക്കു ബദലായി അധിക ലഹരിയും കുറഞ്ഞ ചെലവുമുള്ള മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് പുതിയ തലമുറ മാറുമോ എന്ന ചിന്തയും ആശങ്ക ഉണർത്തുന്നു. കണക്കിലെ കളികൾകൊണ്ടോ ക്യാപ്‌സ്യൂളുകൾ വിഴുങ്ങിയോ സംസ്ഥാനത്തിന് മുന്നേറാൻ കഴിയുമെന്ന് കരുതുന്നതും തെറ്റായിരിക്കും. നിർത്തുന്നു;ഒന്നുണ്ട്- തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ല.

(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago