പ്രതിരോധ മാതൃകയെ മുറുകെ പിടിക്കാം; ഈ സാഹചര്യത്തെ മറികടക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിരോധമാതൃകയെ മുറുകെ പിടിച്ച് ഈ കൊവിഡ് സാഹചര്യത്തെ കേരളം മറികടക്കുമെന്ന് മുഖ്യമന്ത്രി. ഫേസ് ബുക്കിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. പൊതുസമൂഹത്തില്‍ ആശങ്ക ഉയര്‍ന്നുവരുന്നുണ്ട്. പക്ഷേ, ഇതുപോലൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച ജനതയാണ് നമ്മള്‍. ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചത്.
ഐസിഎംആറിന്റെ സെറോ പ്രിവലന്‍സ് പഠനപ്രകാരം കേരളത്തില്‍ ഏകദേശം 11 ശതമാനം ആളുകള്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. ഇന്ത്യന്‍ ശരാശരി ഏകദേശം 25 ശതമാനം ആണെന്നോര്‍ക്കണം. ഇതു സാധിച്ചത് നമ്മള്‍ കാണിച്ച ജാഗ്രത മൂലമാണ്. മറ്റിടങ്ങളേക്കാള്‍ മികച്ച രീതിയില്‍ മരണ നിരക്ക് പിടിച്ചു നിര്‍ത്താനും നമുക്ക് സാധിച്ചു. ചികിത്സയ്ക്കാവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ സാധിച്ചതാണ് അതിനു കാരണമായത്. ഇത്തരത്തില്‍ ജനങ്ങളും സര്‍ക്കാരും ഒത്തുചേര്‍ന്ന് കരുതലോടെ തീര്‍ത്ത പ്രതിരോധത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണെന്നും കുറിപ്പില്‍ പറഞ്ഞു.
ഈ ഘട്ടത്തില്‍ കൂടുതല്‍ കരുത്തോടെ ആ മാതൃക വീണ്ടെടുക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. 'ബാക് റ്റു ബേസിക്‌സ്' എന്ന ക്യാമ്പെയിന്‍ ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. മാസ്‌കുകള്‍ ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കണം. രോഗം പകരില്ലെന്നും, പടര്‍ത്തില്ലെന്നും ഉറപ്പിക്കണം.
ഒന്നാമത്തെ തരംഗം ഉണ്ടായപ്പോള്‍ ഉള്ളതിനേക്കാള്‍ സുസജ്ജമാണ് ഇപ്പോള്‍ നമ്മുടെ കോവിഡ് പ്രതിരോധ ആരോഗ്യസംവിധാനങ്ങള്‍. ഇക്കാലയളവില്‍ കോവിഡ് ചികിത്സയ്ക്കാവശ്യമായ മികച്ച സൗകര്യങ്ങള്‍ ഇവിടെ വളര്‍ത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ട്, ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മികച്ച ചികിത്സ സര്‍ക്കാര്‍ ഒരുക്കുന്നതയായിരിക്കും.
അതോടൊപ്പം വാക്‌സിനേഷന്‍ പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എത്രയും വേഗം നല്‍കാന്‍ ആവശ്യമായ നടപടികള്‍ ആണ് സ്വീകരിക്കുന്നത്. വാക്‌സിന്‍ ലഭിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. രോഗം പിടിപെടുകയാണെങ്കില്‍ തന്നെ, രോഗം ഗുരുതരമാകാതിരിക്കാനും വാക്‌സിന്‍ സഹായകമാകും. അതുകൊണ്ട് വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും അതു സ്വീകരിക്കാന്‍ തയ്യാറാകണം. രോഗത്തെ തടയാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അതാണെന്നോര്‍ക്കണം.
നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് ടെസ്റ്റുകള്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. 2223 ടെസ്റ്റിംഗ് സെന്ററുകളാണ് സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനടി ടെസ്റ്റ് ചെയ്യാന്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് എല്ലാവരും തയ്യാറാകണം. എത്രയും വേഗം രോഗികളെ കണ്ടെത്തി വ്യാപനം തടയാനും ഉചിതമായ ചികിത്സ വേഗത്തില്‍ നല്‍കി രോഗം ഗുരുതരമാകുന്നത് ഒഴിവാക്കാനും ഇതു സഹായകമാകും.
എങ്കിലും രോഗം പിടിപെടാതിരിക്കാനുള്ള ശ്രദ്ധയാണ് ഏറ്റവും പ്രധാനം. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍, ആരോഗ്യസംവിധാനങ്ങള്‍ക്ക് ആ സാഹചര്യം താങ്ങാന്‍ കഴിയാതെ പോകും. അത്തരമൊരു അവസ്ഥ ഉണ്ടാക്കില്ലെന്ന് നമ്മള്‍ ഉറപ്പിക്കണം. ഇന്ത്യയില്‍ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും, ഒന്നാമത്തെ തരംഗം ഏറ്റവും അവസാനം ഉച്ചസ്ഥായിയിലെത്തിയത് കേരളത്തിലാണ്. ആ നേട്ടം നമുക്ക് സാധ്യമായത് ഇച്ഛാശക്തിയോടെ, ആത്മധൈര്യത്തോടെ, ജാഗ്രതയോടെ ഈ മഹാമാരിയെ നേരിട്ടതുകൊണ്ടാണ്. അതില്‍ നിന്നും പ്രചോദനമുള്‍ക്കോണ്ട് നമുക്ക് മുന്നോട്ടു പോകാം. സര്‍ക്കാര്‍ ഒപ്പമുണ്ട്. നമ്മള്‍ ഒരുമിച്ച് നിന്ന് ഈ സാഹചര്യത്തെ സുരക്ഷിതമായി മറികടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."