ഉൾപ്പാർട്ടി ചർച്ചകൾ ചോരുന്നു; വിയർത്ത് സി.പി.എം
വി.കെ പ്രദീപ്
കണ്ണൂർ
സി.പി.എമ്മിനകത്ത് നടക്കുന്ന രഹസ്യസ്വഭാവമുള്ള ചർച്ചകളും മറ്റും ചോരുന്നത് തടയണമെന്നായിരുന്നു ഹൈദരാബാദിൽ നടന്ന 22ാം പാർട്ടി കോൺഗ്രസ് തീരുമാനം. എന്നാൽ, നാലു വർഷത്തിനിപ്പുറം കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോഴും ഉൾപ്പാർട്ടി ചർച്ചകളും രേഖകളും ചോരുന്നതിന് ഒരു കുറവുമില്ല. പാർട്ടി കോൺഗ്രസിന് കൊടിയേറുന്നതിന് മുൻപുതന്നെ സംഘടനാ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചത് ഇതിന് തെളിവാണ്. ഹൈദരാബാദ് പാർട്ടി കോൺഗ്രസ് ഇത്തരം മോശം പ്രവണതകളെക്കുറിച്ച് നേതാക്കൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്വയംനിയന്ത്രണം പാലിക്കണമെന്നായിരുന്നു നിർദേശം. എന്നിട്ടും ചർച്ചകളും പാർട്ടി രേഖകളും ചോരുന്നത് തടയാനാകാത്തത് ഈ സമ്മേളനത്തിലും ചൂടുള്ള വിഷയമാകും. ഉൾപ്പാർട്ടി ചർച്ചകൾ ചോരുന്നത് അന്വേഷിക്കാൻ 22ാം പാർട്ടി കോൺഗ്രസ് പി.ബി അംഗം ബി.വി രാഘവുലുവിനെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് ഒരു കാരണവശാലും മാധ്യമങ്ങളുമായി 'ലൂസ് ടോക്കിൽ ' ഏർപ്പെടരുതെന്ന് പി.ബി അംഗങ്ങൾക്ക് കർശന നിർദേശം നൽകുകയും ചെയ്തു. ഇത് കേന്ദ്ര കമ്മിറ്റിയംഗങ്ങൾക്കും ബാധകമാണെന്ന് സംഘടനാരേഖയിൽ നിർദേശമുണ്ടായി. ഇത്തരം നടപടികളെല്ലാം സ്വീകരിച്ചിട്ടും സി.പി.എമ്മിന്റെ സംഘടനാ ചർച്ചകളും മറ്റും ചോരുന്നത് തുടർക്കഥയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."