നാഗൂര്‍ ഹനീഫ തമിഴകത്തിന്റെ ആത്മീയ രാഗമഴ
ഫൈസല്‍ വാഫി കാടാമ്പുഴ
ഇറൈവനിടം കയ്യേന്തുങ്കള്‍
അവന്‍ ഇല്ലയെണ്ട്ര് സൊല്ലവതില്ലൈ
പൊറുമയുടന്‍ കേട്ട്പ്പറുങ്കല്‍
അവന്‍ പൊങ്കിശത്തൈ മൂടുവതില്ലൈ
(സര്‍വശക്തനോട് ചോദിക്കൂ,
അവന്‍ ഇല്ലെന്ന് പറയില്ല.
ക്ഷമയോടെ കാത്തിരുന്നാലും
തന്റെ നിധി അവന്‍ മൂടിവയ്ക്കാറില്ല)
ഒരു ട്രെയിന്‍ യാത്രക്കിടെ, ആരോഗ്യം ക്ഷയിച്ച ഒരു പാവം യാചകന്റെ പരുക്കന്‍ തൊണ്ടയില്‍നിന്നും ഇടറിവീണ ഈ വരികളില്‍നിന്നാണ് ആദ്യമായി നാഗൂര്‍ ഹനീഫ എന്ന വിശ്രുത ഗായകനെ കണ്ടെടുക്കുന്നത്. ദക്ഷിണേന്ത്യന്‍ ഇസ്‌ലാമിക ഗാനശാഖയുടെയും ദ്രവീഡിയന്‍ സംഗീതത്തിന്റെയും മനോഹരമായ സമന്വയമായിരുന്നു നന്മയുടെ പൂക്കള്‍ വീണു പരന്ന ആ നാദപ്രപഞ്ചം.
1925 ഡിസംബര്‍ 25ന്, നാഗൂര്‍ സ്വദേശി ഇസ്മാഈലിന്റെയും ഭാര്യ മറിയം ബീവിയുടെയും മൂന്നാമത്തെ മകനായാണ് ഇസ്മാഈല്‍ മുഹമ്മദ് ഹനീഫ എന്ന നാഗൂര്‍ ഇ.എം ഹനീഫ ജനിക്കുന്നത്. കുടുംബ വേരുകളില്‍ അഗാധമായ സംഗീത പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും ഈ രംഗത്ത് പിതാവിനുണ്ടായിരുന്ന വ്യൂല്‍പത്തി വലിയ അളവില്‍ തന്നെ നാഗൂര്‍ എന്ന അതികായന്‍ രൂപപ്പെടുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. പതിമൂന്നാം വയസില്‍ പെയ്തു തുടങ്ങിയ ഈ നാദം അലയടിക്കാത്ത തമിഴ് ഊരുകള്‍ ഇല്ല എന്നു തന്നെ പറയാം. കാരണം അത്രയും വലിയ ആനന്ദത്തോടെയാണ് തമിഴകം ആ രാഗമഴയില്‍ മുങ്ങി നിവര്‍ന്നത്. ആ ഇഷ്ടം മൂത്ത് തന്റെ പേരിലെ ഇ.എം എന്നതിനെ ഗാനഗന്ധര്‍വന്‍ എന്നര്‍ഥമുള്ള ഉസൈ മുറസ് എന്നുവരെ അവര്‍ ചേര്‍ത്ത് വിളിച്ചു. ഒരു ഗുരുവിന്റെയും മുന്നില്‍ ചെന്നിരിക്കാതെ തന്റെ ജന്മസിദ്ധിയെ സ്വയം പരുവപ്പെടുത്തുകയായിരുന്നു നാഗൂര്‍. എന്നാല്‍ നാഗൂര്‍ദര്‍ഗയില്‍ സജീവമായിരുന്ന കാലത്ത് എസ്.എം.എ ഖാദറിനെ പോലുള്ള എണ്ണം പറഞ്ഞ ഗായകരില്‍നിന്ന് കര്‍ണാട്ടിക് സംഗീതത്തിന്റെ ശ്രുതിവഴക്കങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം സമയം കാണുകയും ചെയ്തു.
വിവാഹസദസുകളിലും പ്രാര്‍ഥനാ വേദികളിലും ഈണമിട്ട് തുടങ്ങിയ ഈ പ്രതിഭ ജനങ്ങളിലേക്ക് പടര്‍ന്നത് ഉറൂസുകളിലെ പ്രകീര്‍ത്തന രാവുകളിലൂടെയണ്. സ്വന്തമായി തന്നെ പാട്ടെഴുതി പാടാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന നാഗൂര്‍ തമിഴ്‌നാട്ടിലെ നിരവധി പരമ്പരാഗത ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട്. സംഗീതോപകരണങ്ങളുടെ ഒച്ചപ്പാടുകള്‍ക്കിടയില്‍ കേവലമൊരു ശബ്ദമായി ഗായകന്‍ മാറുന്ന കാലത്ത്, വാരിത്തിന്നാന്‍ ആശയങ്ങളും തൊട്ടുകൂട്ടാന്‍ മാത്രം സംഗീത ഉപകരണങ്ങളുമായി നാഗൂര്‍ വഴിമാറിത്തന്നെ നടന്നു; ചമയങ്ങളുടെ ചാരുതകളൊന്നുമില്ലാത്ത ഒരു ദര്‍വീശിനെ പോലെ.
''അരുള്‍ മഴൈ പൊഴിവായ് റഹ്മാനെ
ആലമെല്ലാം അഴകായ് പടയ്‌തോനെ
അണ്ണല്‍ നബിയെ തന്നോനെ....''
''അല്ലവെ നാം തൊഴുതാല്‍
സുഖമെല്ലാമെ ഓടിവരും
അന്തവല്ലോനെ നിനൈത്തിരുന്താല്‍
നല്ല വാള്‍കൈയും തേടിവരും.''
തുടങ്ങിയ ഇലാഹീ സ്മരണകളുടെ തണലും തണുപ്പും നിറഞ്ഞ നാഗൂരിന്റെ വരികള്‍ക്ക് ഇപ്പോഴും പത്തരമാറ്റ് തിളക്കമാണ്. എത്രയോ സാധാരണക്കാരുടെ നാവിന്‍തുമ്പില്‍ ഇപ്പോഴും ഈ വരികള്‍ തത്തിക്കളിക്കുന്നു.
പ്രവാചക പ്രകീര്‍ത്തനവഴിയില്‍ നാഗൂര്‍ എഴുതിപ്പാടിയ പാട്ടുകള്‍ക്ക് കൈയും കണക്കുമില്ല.
''മക്കത്തെ മലരെ
മാണിക്കച്ചുടരെ
യാ റസൂലല്ലാഹ്...''
എന്ന ഗാനവും
ത്വാഇഫിലെ പ്രവാചകാനുഭവങ്ങളുടെ കണ്ണീരണിഞ്ഞ ഓര്‍മയില്‍ പാടിയ ''തായം നഗരത്ത് വീഥിനിലെ തങ്ങള്‍ ത്വാഹ റസൂല്‍ നബി ഇടക്കയില. പാപുകള്‍ ചെയ്ത കൊടുമയില. ഇന്നും പാര്‍ത്താല്‍ നെഞ്ചം തുടിക്കുതമാ കണ്‍കള്‍ കണ്ണീരെ വടിക്കുതമാ''
എന്ന ഗാനവും വളരെ ഹൃദയഹാരിയും ഉള്ളം നിറയ്ക്കുന്നതുമാണ്.
നാഗൂരിന്റെ മനംകവര്‍ന്ന ഗാനങ്ങളെ കുറിച്ച് പറയുമ്പോള്‍ മറക്കാനാവാത്തവയാണ് ഫാത്വിമാ ബീവിയെ കുറിച്ചെഴുതിയ,
''ഫാത്തിമ വാഴ്ന്തമുറൈ
ഉനക്ക് തിരിയുമാ''
എന്നതും
മക്കയും ഹജ്ജിന്റെ ചരിത്രവും ചേര്‍ത്തുവച്ചു പാടിയ
''ഹൃദയം കവരുമിടം
ഇംബമെല്ലാം പൊങ്കുമിടം''
എന്ന ഗാനവും.
ഇതോടൊപ്പംതന്നെ സാമുദായിക സൗഹൃദം നിലനിര്‍ത്താന്‍ നാഗൂര്‍ തന്റെ മേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത്തരം ഉദ്ദേശ്യങ്ങള്‍ മാത്രം മുന്നില്‍ വച്ച് അദ്ദേഹത്തിന്റെ ഒരുപാട് സദസുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഹൈന്ദവ സമുദായത്തിന്റെ ഭക്തിഗാനങ്ങളായ കണ്ട്രകുടി അടികളാര്‍, മധുരൈ അധീനം എന്നിവയ്ക്കും ശബ്ദം നല്‍കിയത് നാഗൂരാണ്.
തമിഴ് രാഷ്ട്രീയത്തിലെ ഉന്നതസ്ഥാനീയരായ അണ്ണാദുരൈ, കരുണാനിധി, ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബ് എന്നിവരുമായി വലിയ അടുപ്പവും സ്‌നേഹവും നാഗൂരിനുണ്ടായിരുന്നു. തന്റെ ആദ്യകാല രണ്ടു ഭവനങ്ങള്‍ക്ക് അണ്ണാദുരൈയുടെയും കരുണാനിധിയുടെയും പേരുകള്‍ നല്‍കിയപ്പോള്‍ പുതുതായി നിര്‍മിച്ച വീടിന് നല്‍കിയനാമം ഖാഇദേമില്ലത്ത് ഇല്ലം എന്നായിരുന്നു. ലീഗിന്റെ രാഷ്ട്രീയത്തെ പിന്തുണച്ചപ്പോഴും ഡി.എം.കെയുടെ രാഷ്ട്രീയക്കളരിയിലാണ് നാഗൂര്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കണ്ടത്. 2004ല്‍ തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാനായെങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ വിജയം കൂടെ നിന്നില്ല. മത്സരിച്ച രണ്ടു തവണയും പരാജയമായിരുന്നു ഫലം. അതേസമയം, ഡി.എം.കെയുടെ പൊതുയോഗങ്ങളൊക്കെ രൂപീകരണകാലം മുതല്‍ ഇന്നുവരെ നാഗൂരിന്റെ ഗാനംകൊണ്ടാണ് ആരംഭിക്കാറ്. പാര്‍ട്ടിയുടെ സമ്മേളനങ്ങളും ഇതുപോലെ നാഗൂരിന്റെ നാദസ്വരങ്ങള്‍ കേട്ടാണ് ഉണരാറുള്ളത്. ഖാഇദേമില്ലത്തിനോട് വലിയ ബഹുമാനം വച്ചുപുലര്‍ത്തിയ അദ്ദേഹം കേരളത്തില്‍ ഒരുപാട് മുസ്‌ലിംലീഗ് പരിപാടികളില്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന് അദ്ദേഹം മരിക്കുമ്പോള്‍ 89 വയസായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."