ബി.ജെ.പിക്കെതിരായ പോരാട്ടം ; കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് യെച്ചൂരി
പ്രത്യേക ലേഖകൻ
കണ്ണൂർ
ബി.ജെ.പിക്കെതിരായ പോരാട്ടം സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം 23ാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെതിരായ പോരാട്ടത്തിൽ എല്ലാ മതേതര ജനാധിപത്യ പാർട്ടികളും പങ്കാളികളാകേണ്ടതുണ്ട്. ബി.ജെ.പിയെ പ്രതിരോധിക്കാൻ ഇടതു, മതേതര കക്ഷികളുടെ ഐക്യം ശക്തിപ്പെടണം. ഹിന്ദുത്വ വർഗീയതയെ ചെറുക്കാൻ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് സ്വീകരിക്കേണ്ടതുണ്ട്.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കു വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തെ ശക്തിപ്പെടുത്താനും ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവത്തെയും ഭരണഘടനയെയും സംരക്ഷിക്കാനും ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയും തോൽപ്പിക്കുകയും ചെയ്യണം. സംഘ്പരിവാർ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പിലൂടെ മാത്രമായി തോൽപ്പിക്കാനാവില്ല. രാഷ്ട്രീയവും ആശയപരവും സാംസ്‌കാരികവുമായ ഇടപെടൽ കൂടി അതിനാവശ്യമാണ്.
ജനങ്ങളിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിൽ ആർ.എസ്.എസും ബി.ജെപിയും വിജയിച്ചിട്ടുണ്ട്. അവർ വിദ്വേഷവും വർഗീയ വിഷവും പ്രചരിപ്പിക്കുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്നു. ബി.ജെ.പി സർക്കാർ ജനങ്ങളിൽ കൂടുതൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."