സി.പി.എം കരട് രാഷ്ട്രീയ പ്രമേയം ; കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റമില്ല
വി. അബ്ദുൽ മജീദ്
കണ്ണൂർ
കോൺഗ്രസ് അടക്കമുള്ള മതേതര ശക്തികളുമായി ഐക്യപ്പെടണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ചില നേതാക്കൾ അഭിപ്രായപ്പെടുമ്പോഴും കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സി.പി.എം കരട് രാഷ്ട്രീയപ്രമേയം. ആരംഭകാലം മുതൽ സ്വീകരിച്ചുവരുന്ന നിലപാട് തന്നെയാണ് 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലുമുള്ളത്.
ബൂർഷ്വാസികളുടെയും ഭൂപ്രഭുക്കളുടെയും താൽപ്പര്യങ്ങളെയാണ് കോൺഗ്രസ് പ്രതിനിധീകരിക്കുന്നതെന്ന് പ്രമേയം വ്യക്തമാക്കുന്നു. സി.പി.എം രൂപംകൊണ്ട കാലം മുതലുള്ള പാർട്ടി പരിപാടിയിലുള്ള നിലപാട് തന്നെയാണിത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നവലിബറൽ നയങ്ങളാണ് അവർ പിന്തുടരുന്നതെന്ന ആരോപണവും പ്രമേയത്തിലുണ്ട്.
കോൺഗ്രസിന്റെ രാഷ്ട്രീയ സ്വാധീനവും സംഘടനാശക്തിയും ക്ഷയിച്ചുവരികയാണെന്ന് പ്രമേയം വിലയിരുത്തുന്നു. ഇപ്പോൾ പല സംസ്ഥാനങ്ങളിലും നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് കൂറുമാറുന്നതിന്റെ ഫലമായി കോൺഗ്രസ് തുടർച്ചയായ പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുകയാണ്. മതനിരപേക്ഷ പാർട്ടിയെന്ന്് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹിന്ദുത്വ ശക്തികൾക്ക് ആശയപരമായ വെല്ലുവിളി ശക്തമായി ഉയർത്താൻ കഴിയുന്നില്ല. പലപ്പോഴും അനുരഞ്ജന സമീപനം സ്വീകരിക്കുന്നു. ദുർബലമായ കോൺഗ്രസിന് എല്ലാ മതനിരപേക്ഷ പാർട്ടികളെയും അണിനിരത്താൻ കഴിയുന്നില്ല.
ബി.ജെ.പി അധികാരത്തിലിരിക്കുന്നതും അതിന് ആർ.എസ്.എസുമായുള്ള ബന്ധവും പരിഗണിച്ചാൽ ബി.ജെ.പിയാണ് മുഖ്യ ഭീഷണി. ബി.ജെ.പിയെയും കോൺഗ്രസിനെയും തുല്യ ഭീഷണികളായി കണക്കാക്കാനാവില്ല. എങ്കിലും കോൺഗ്രസുമായി രാഷ്ട്രീയസഖ്യം ഉണ്ടാവാൻ പാടില്ല.
അതേസമയം, കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷമുള്ള കാലഘട്ടത്തിൽ ബി.ജെ.പി അതിന്റെ സ്ഥാനം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമെന്ന നിലയിൽ പ്രവർത്തിക്കുന്ന ബി.ജെ.പി, ഹിന്ദുത്വ അജൻഡ അക്രമാസക്തമായി തന്നെ നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ ഭരണവർഗങ്ങളുടെ മുഖ്യ രാഷ്ട്രീയപാർട്ടിയായി ബി.ജെ.പി ഉയർന്നുവന്നിരിക്കുന്നു. അതിവേഗം പടർന്നുപിടിക്കുന്ന ആർ.എസ്.എസ് ശൃംഖലയുടെ അടിസ്ഥാനത്തിൽ അതിന്റെ സ്വാധീനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തിയിരിക്കുന്നുവെന്നും പ്രമേയം വിലയിരുത്തുന്നു.
പ്രമേയത്തിനുള്ള ഭേദഗതി നിർദേശങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഭേദഗതി ചർച്ചകൾ ഇന്ന് നടക്കും. കോൺഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ ശക്തികളുമായി ഐക്യപ്പെടണമെന്ന അഭിപ്രായം യെച്ചൂരി ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് കോൺഗ്രസിനോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് കരട് രാഷ്ട്രീയ പ്രമേയം പാർട്ടി ആവർത്തിക്കുന്നത്. മതേതര ശക്തികളുമായുള്ള സഖ്യം എന്ന പതിവുരീതി വിട്ട് ഇന്നലെ ഉദ്ഘാടന പ്രസംഗത്തിൽ മുന്നണിയെന്ന വാക്ക് യെച്ചൂരി പ്രയോഗിച്ചതും ശ്രദ്ധേയമാണ്. പശ്ചിമ ബംഗാൾ, ത്രിപുര, തമിഴ്‌നാട് തുടങ്ങിയ ചില സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയുടെ നിലപാടിനൊപ്പമാണ്.
എന്നാൽ കോൺഗ്രസ് ബന്ധത്തെ കേരള ഘടകം ശക്തമായി എതിർക്കുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസ് ബന്ധം സംബന്ധിച്ച് ചൂടേറിയ ചർച്ച പാർട്ടികോൺഗ്രസിൽ നടക്കുമെന്നുറപ്പ്. ആരുടെ അഭിപ്രായത്തിനാകും മുൻതൂക്കം കിട്ടുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും കോൺഗ്രസിനോടുള്ള സി.പി.എമ്മിന്റെ ഭാവി സമീപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."