'നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം': ഇന്ന് ലോകാരോഗ്യ ദിനം
ഇന്ന് ലോകാരോഗ്യ ദിനം.'നമ്മുടെ ഭൂമി,നമ്മുടെ ആരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
1948 ഏപ്രില്‍ 7 നാണ് ലോകാരോഗ്യ സംഘടന സ്ഥാപിതമായത്. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ആരോഗ്യ വിദഗ്ധ ഏജന്‍സിയാണ്.1950ലാണ് ലോകാരോഗ്യ ദിനം ആചരിക്കാന്‍ തുടങ്ങിയത്.
നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പോലെതന്നെ ഭൂമിയേയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന ഓര്‍മിപ്പിക്കലാണ് ഈ വര്‍ഷത്തെ സന്ദേശം. മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായ പാരിസ്ഥിതിക ആഘാതങ്ങള്‍, ചുഴലിക്കാറ്റ്, ഉഷ്ണ തരംഗങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ ഇന്ന് നിത്യസംഭവമായി മാറിയിട്ടുണ്ട്.
ആഗോളതലത്തില്‍ മാത്രമല്ല കേരളത്തിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല പകര്‍ച്ചവ്യാധികളുടെയും ജന്തുജന്യ രോഗങ്ങളുടെയും വര്‍ധനവിന്റെ ഒരു പ്രധാന കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
https://twitter.com/MoHFW_INDIA/status/1511891092740120576
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."